സാങ്കേതിക തകരാര്‍; ഡോര്‍ തുറക്കാന്‍ സാധിക്കുന്നില്ല; എയര്‍ കണ്ടീഷനുകളും പ്രവര്‍ത്തനരഹിതം; ഷൊര്‍ണൂരില്‍ വന്ദേഭാരത് എക്സ്പ്രസ് വഴിയില്‍ കുടുങ്ങി; ഇന്റര്‍സിറ്റിയും വൈകുന്നു
ഷൊര്‍ണൂരില്‍ വന്ദേഭാരത് എക്സ്പ്രസ് വഴിയില്‍ കുടുങ്ങി
ത്യശ്ശൂര്‍: കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങി. ബാറ്ററി തകരാറാണെന്നാണ് ലഭിക്കുന്ന വിവരം. ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടതിന് പിന്നാലെ വഴിയില്‍ വെച്ചാണ് ട്രെയിന്‍ നിന്നത്. 45 മിനിറ്റായി ട്രെയിന്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
ഡോര്‍ തുറക്കാന്‍ സാധിക്കാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇതിന് പുറമേ എയര്‍ കണ്ടീഷനുകളും പ്രവര്‍ത്തനരഹിതമാണ്. പ്രശ്‌നം പരിഹരിച്ച് യാത്ര തുടരാന്‍ ശ്രമം തുടരുകയാണ്. 10.30 ന് തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിനാണ് കുടുങ്ങിക്കിടക്കുന്നത്.
വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊര്‍ണൂര്‍ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നുവെന്നാണ് വിവരം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നത്.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. പ്രശ്നം പരിഹരിച്ച ഉടന്‍ ട്രെയിന്‍ പുറപ്പെടുമെന്നാണ് റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ്.
വന്ദേഭാരത് ട്രെയിനിനുള്ളില്‍ തന്നെ സാങ്കേതിക വിദഗ്ദരുണ്ട്. അവര്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ബാറ്ററി തകരാര്‍ ഉണ്ടെന്നും, പുതിയ എഞ്ചിന്‍ വന്നതിന് ശേഷമേ ട്രെയിന്‍ എടുക്കൂ എന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരം എന്നും എന്നാല്‍ കൃത്യമായൊരു മറുപടി ലഭിക്കുന്നില്ലെന്നും യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.
ഒരു മണിക്കൂറിലേറെ ഇപ്പോള്‍ തന്നെ വൈകിയതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി. തൃശൂര്‍ ഭാഗത്തേക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി അടക്കമുള്ള ട്രെയിനുകളും ഇത് മൂലം വൈകുകയാണ്. തകരാര്‍ പരിഹരിച്ച് എത്രയും വേഗം യാത്ര തുടരനാണ് ശ്രമിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.