ക്രിസ്മസ് ബംബറില്‍ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍; അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിച്ചു; ടിക്കറ്റ് വിപണിയിലേക്ക് എത്തുന്നത് പത്ത് ദിവസത്തിലധികം വൈകി: സര്‍ക്കാരിനു നേരിടേണ്ടി വരിക കടുത്ത വരുമാന നഷ്ടം

ക്രിസ്മസ് ബംബറില്‍ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍

Update: 2024-12-15 01:01 GMT

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറിയുടെ ആകെ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ലോട്ടറി ഏജന്റുമാരുടെ വ്യാപക പ്രതിഷേധത്തെത്തുടര്‍ന്നാണ് സമ്മാനത്തുക കുറയ്ക്കന്നതിനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത്. 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് സര്‍ക്കാരിന് തന്നെ തിരിച്ചടിയായത്. വന്‍ വരുമാന നഷ്ടമാകും സര്‍ക്കാരിന് ഇതിലൂടെ നേരിടേണ്ടി വരിക. ലോട്ടറി ഏജന്റുമാരുടെ വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് വിജ്ഞാപനം റദ്ദാക്കി സമ്മാനത്തുകയും കമ്മിഷനും പുനഃസ്ഥാപിച്ചെങ്കിലും അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ ഉപേക്ഷിക്കേണ്ടിവന്നു. കൂടാതെ പത്ത് ദിവസത്തിലധികം വൈകിയാണ് ലോട്ടറി വിപണിയിലെത്തുന്നത് എന്നതും സര്‍ക്കാരിന് തിരിച്ചടിയാകും.

ഈ മാസം അഞ്ചിനു പൂജാ ബംപര്‍ നറുക്കെടുപ്പിനു പിന്നാലെ വിപണിയിലെത്തേണ്ടിയിരുന്നതാണ് ക്രിസ്മസ് ബംപര്‍. എന്നാല്‍ ഈ ലോട്ടറി ഇപ്പോഴും ഇറക്കാനായിട്ടില്ല. സമ്മാനതുക കുറക്കാനുളള സര്‍ക്കാര്‍ നീക്കമാണ് സര്‍ക്കാരിന് വിനയായത്. എത്രയും വേഗം അച്ചടി പൂര്‍ത്തിയാക്കി പുതിയ ടിക്കറ്റ് ഇറക്കാനുള്ള തീവ്ര ശ്രമത്തിലാണു ലോട്ടറി ഡയറക്ടറേറ്റ്. ശബരിമലയിലേക്കും മറ്റും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ എത്തുന്ന ഈ സമയത്ത് ടിക്കറ്റ് വിപണിയിലെത്തിക്കാത്തത് വന്‍ വരുമാന നഷ്ടത്തിനാണ ഇടയാക്കുന്നത്. വന്‍ വില്‍പ്പന നടക്കേണ്ട സമയമാണിത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴാണ് പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ബംപര്‍ ടിക്കറ്റിന്റെ വിതരണം സര്‍ക്കാര്‍ തന്നെ അവതാളത്തിലാക്കിയത്. 5000, 2000, 1000 രൂപ സമ്മാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് ഈ മാസം നാലിനു സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനമാണ് പ്രശ്‌നങ്ങള്‍ക്കു വഴിവച്ചത്. സമ്മാനത്തുകയിലെ കുറവിനു പുറമേ ഏജന്റുമാര്‍ക്കുള്ള കമ്മിഷനും 93.16 ലക്ഷം രൂപ വെട്ടിച്ചുരുക്കി. ഇത്തരത്തില്‍ 30 ലക്ഷം ടിക്കറ്റ് അച്ചടിക്കാന്‍ ഓര്‍ഡറും നല്‍കി.

എന്നാല്‍ പ്രതിഷേധമുയര്‍ന്നതോടെ, സമ്മാനത്തുക കുറച്ചതിനെതിരെ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി.സുബൈര്‍ ലോട്ടറി ഡയറക്ടര്‍ക്കു കത്തയച്ചു. ഒടുവില്‍ കഴിഞ്ഞ ക്രിസ്മസ് ബംപറിന്റെ അതേ സമ്മാനഘടനയില്‍ വീണ്ടും ടിക്കറ്റുകള്‍ അച്ചടിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ പുതിയ വിജ്ഞാപനമിറക്കി. അപ്പോഴേക്കും അച്ചടിച്ചുപോയ 12 ലക്ഷത്തോളം ടിക്കറ്റുകള്‍ വിപണിയിലിറക്കേണ്ടെന്നും തീരുമാനിച്ചു. ടിക്കറ്റിന്റെ പിന്നില്‍ സമ്മാനഘടനയുടെ വിശദാംശങ്ങളുള്ളതിനാല്‍ അതിനകം അച്ചടിച്ചവ ഉപേക്ഷിക്കാതെ വഴിയില്ലായിരുന്നു. 20 കോടി രൂപയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. 400 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏറ്റവും കുറഞ്ഞ സമ്മാനത്തുകയും 400 രൂപ.

Tags:    

Similar News