പറന്നുയര്‍ന്ന വിമാനത്തിന്റെ ടയറുകളുടെ ഔട്ടര്‍ ലെയറിന്റെ ഭാഗം റണ്‍വേയില്‍; മണിക്കൂറുകള്‍ നീണ്ട ആശങ്ക; ബഹ്‌റൈനിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്
കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ബഹ്‌റൈനിലേക്ക് പുറപ്പെട്ട വിമാനം അടിയന്തര സാഹചര്യത്തില്‍ തിരിച്ചിറക്കി. രാവിലെ 10.45 ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ടയറിന് തകരാര്‍ കണ്ടത്തിയതിനെ തുടര്‍ന്ന് ഉച്ചക്ക് 12.32 മണിയോടെ തിരിച്ചിറക്കിയത്. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ 12.30ഓടെയാണ് വിമാനം സുരക്ഷിതമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത്. കൊച്ചി-ബഹ്‌റൈന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.
ടയറുകളുടെ ഔട്ടര്‍ ലെയറിന്റെ ഭാഗം റണ്‍വേയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ അടിയന്തര ലാന്‍ഡിങിന് നിര്‍ദേശം നല്‍കുകയായിരുന്നു. രാവിലെ 10.45-ന് പുറപ്പെട്ട വിമാനം ഉടന്‍ തിരിച്ചുവിളിക്കുകയായിരുന്നു. എമര്‍ജെന്‍സി ലാന്‍ഡിങിന് മുന്നോടിയായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഗ്‌നിരക്ഷാ സേന ഉള്‍പ്പടെ സര്‍വ്വ സുരക്ഷാ സന്നാഹങ്ങളും സജ്ജമായിരുന്നു.
104 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടയറിന്റെ ഒരു ഭാഗം റണ്‍വേയില്‍ കണ്ടതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സുരക്ഷിത ലാന്‍ഡിംഗിന് കൊച്ചിയിലേക്ക് തിരിക്കാന്‍ ക്യാപ്റ്റന്‍ തീരുമാനമെടുത്തത്. അരമണിക്കൂര്‍ സമയം വിമാനത്താവള പരിസരത്ത് വട്ടമിട്ട് കറങ്ങിയ വിമാനം ഇന്ധനം പരമാവധി കുറച്ച് ജ്വലനസാധ്യത ഇല്ലാതാക്കിയാണ് സുരക്ഷിതമായി റണ്‍വേ തൊട്ടത്. വിമാനത്തില്‍ എഞ്ചിനീയര്‍മാരുടെ സംഘം പരിശോധന തുടങ്ങി. യാത്രക്കാരെ ബഹ്‌റൈനിലേക്കെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി സിയാല്‍ അറിയിച്ചു.