മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയും മക്കളും കല്യാണം കൂടാന്‍ രണ്ടുദിവസം മുന്‍പ് ഗള്‍ഫിലേക്ക് പോയി; അതിവേഗം ചീട്ടുകളി സംഘം എല്ലാം ഒരുക്കി; പണം വച്ചു കളിക്കുന്ന പ്രധാന ചൂതാട്ടം; കളിക്കാര്‍ക്കു പുറമെ കാണികള്‍ക്കും പന്തയം വയ്ക്കാം; കളനാട്ട് കുടുങ്ങിയത് മംഗലാപുരത്തേക്ക് നീളുന്ന മാഫിയ; പുള്ളിമുറി കളിയില്‍ അറസ്റ്റുണ്ടാകുമ്പോള്‍

Update: 2024-12-19 03:45 GMT

കാസര്‍ഗോഡ്: പൊലീസ് പിടിക്കാതിരിക്കാന്‍, ഓരോ തവണയും ഓരോ സ്ഥലത്ത് ചീട്ടുകളി. അത് കളനാട് എത്തിയപ്പോള്‍ അറസ്റ്റായി മാറി. രണ്ടു നിലകളിലുള്ള ആഡംബര വീടിലായിരുന്നു പോലീസ് റെയ്ഡ്. ഒരു ദിവസം കാസര്‍കോടാണെങ്കില്‍ അടുത്ത തവണ മംഗളൂരുവില്‍ ആയിരിക്കും. ഓരോ കളിയിലും ലക്ഷങ്ങളാണ് മറിയുന്നത്. ചീട്ടുകളിയില്‍ പണം വച്ചു കളിക്കുന്ന പ്രധാന കളികളിലൊന്നാണ് പുള്ളിമുറി. കളിക്കാര്‍ക്കു പുറമെ കാണികള്‍ക്കും പന്തയം വയ്ക്കാന്‍ പറ്റും. കോടികള്‍ മറിയുന്ന ഈ കള്ളക്കളിയില്‍ അറസ്റ്റിലായാലും ഉടന്‍ ജാമ്യം കിട്ടും. കാരണം സ്‌റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വകുപ്പുകള്‍ മാത്രമേ ഈ കേസില്‍ ചുമത്താനാകൂ.

കണ്ണൂരിലും കാസര്‍കോടും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്നത് വന്‍ ചൂതാട്ടമാണ്. കണ്ണൂരില്‍ ഇത് കൂടുതല്‍ സജീവമാണ് കൂത്തുപറമ്പ്, അഞ്ചരക്കണ്ടി, പാനൂര്‍ എന്നിവിടങ്ങളിലാണ് ദിവസവും ലക്ഷങ്ങള്‍ കൈമറിയുന്ന ചൂതാട്ടം നടക്കുന്നത്. എന്തിനും മടിയില്ലാത്ത സംഘങ്ങളാണ് ചൂതാട്ടത്തിന് പിന്നില്‍. അധികം ജനവാസമില്ലാത്ത പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത് പൊലീസിനെ വെല്ലുന്ന സുരക്ഷാ സംവിധാനങ്ങളോടെയാണു പുള്ളിമുറി, റമ്മി, മുച്ചീട്ട് എന്നിവ കളിക്കാന്‍ ചീട്ടുകളി സ്ഥലങ്ങള്‍ ഒരുക്കുന്നത്. ഒരു ദിവസം പണം നഷ്ടപ്പെട്ടാല്‍ അടുത്ത ദിവസം അത് തിരിച്ചു പിടിക്കാനായി കടം വാങ്ങിയെങ്കിലും ആളുകളെത്തും എന്നതാണ് ചീട്ടുകളിയുടെ പ്രത്യേകത. എത്ര ദൂരേയ്ക്ക് ഇത് മാറ്റിയാലും എല്ലാം സജീവമാകും. വാട്‌സാപ്പ് ഗ്രൂപ്പ് അടക്കം ഇതിനായി ഉണ്ടെന്നാണ് സൂചന.

കളനാട് ഭാര്യയും മക്കളും 2 ദിവസം മുന്‍പു ഗള്‍ഫിലേക്കു പോയതിനാല്‍ വീട്ടുടമസ്ഥന്‍ ഒറ്റയ്ക്കായിരുന്നു താമസം. രാത്രി 10 മണി കഴിയുമ്പോള്‍ ഇവിടേക്കു പതിവില്ലാത്ത വിധം കാറുകള്‍ വരുന്നതു കണ്ടു നാട്ടുകാരിലൊരാള്‍ക്കു തോന്നിയ സംശയമാണ് കാസര്‍കോട്ടെ ഏറ്റവും വലിയ 'പുള്ളിമുറി' സംഘത്തെ പിടികൂടാന്‍ മേല്‍പ്പറമ്പ് പൊലീസിനു സഹായകരമായത്. എല്ലാവര്‍ക്കും ജാമ്യം കിട്ടിയതിനാല്‍ അവര്‍ പുതിയ സ്ഥലത്ത് വീണ്ടും തുടങ്ങി കാണും കളി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3 നു ബേക്കല്‍ ഡിവൈഎസ്പി വി.വി.മനോജും സംഘവും കളനാട് വാണിയാര്‍ മൂലയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചീട്ടു കളിയിലേര്‍പ്പെട്ട കര്‍ണാടക സ്വദേശികള്‍ ഉള്‍പ്പെടെ 30 പേരെ പിടികൂടി. വീട്ടുടമസ്ഥനെയും അറസ്റ്റ് ചെയ്തു. 7,76550 രൂപയും ഇവിടെ നിന്നു പിടിച്ചെടുത്തു.

പൊലീസിനെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയവരുടെ കണ്ണില്‍പ്പെടാതെ ബൈക്കുകളിലാണ് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ പരിശോധനയ്ക്ക് എത്തിയത്. വലിയ കോംപൗണ്ടാണു വീടിന്റേത്. വീടിന്റെ മുന്‍പിലെയും പിറകിലെയും വാതിലുകള്‍ പൂട്ടിയ ശേഷമാണ് പൊലീസുകാര്‍ അകത്തേക്കു കടന്നത്. 4 പേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ പിടികൂടി. പോലീസ് റെയ്ഡ് നടത്തിയ വീട് ഉടമയായ മുഹമ്മദ് കുഞ്ഞിയും ഈ ചീട്ടുകളി സംഘത്തിലെ അംഗമാണെന്നാണു പൊലീസ് പറയുന്നത്.

ബേക്കല്‍ ഡിവൈ.എസ്.പി. വി.വി.മനോജിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30-നാണ് വീട് വളഞ്ഞത്. കളിയിലേര്‍പ്പെട്ട മുഴുവന്‍പേരും കുടുങ്ങി. വാണിയാര്‍മൂലയിലെ മുഹമ്മദ്കുഞ്ഞി (62)യുടെ താമസസ്ഥലത്താണ് ചൂതാട്ടം നടന്നിരുന്നത്. ഇയാളും പിടിയിലായി. മുഹമ്മദ്കുഞ്ഞിയുടെ ഭാര്യയും മക്കളും ഒരു കല്യാണവുമായി ബന്ധപ്പെട്ട് രണ്ടുദിവസം മുന്‍പ് ഗള്‍ഫിലേക്ക് പോയിരുന്നു. അതിനുശേഷമാണ് ചൂതാട്ടം ആസൂത്രണം ചെയ്തത്. രാത്രി 10-ന് ശേഷമായിരുന്നു പലഭാഗങ്ങളില്‍നിന്നായി യുവാക്കള്‍ ഉള്‍പ്പെടെ എത്തിയത്.

കാസര്‍കോട്ടെയും മംഗളൂരുവിലെയും 3 പേരുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. പൊലീസ് പിടിക്കാതിരിക്കാന്‍, ഓരോ തവണയും ഓരോ സ്ഥലത്ത് ചീട്ടുകളി നടത്തുന്നതാണ് ഇവരുടെ രീതി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. ജില്ലയില്‍ സമീപകാലത്തു പിടികൂടുന്ന ഏറ്റവും വലിയ ചീട്ടുകളി കേസാണിത്.

അറസ്റ്റിലായവര്‍

കര്‍ണാടക അശോക് നഗര്‍ കര്‍ക്കര കോംപൗണ്ടിലെ നിഷാന്ത്(30), ഉഡുപ്പി ഹലാദിയിലെ സി.കെ.അന്‍വര്‍(60), അതിഞ്ഞാല്‍ ജമീല മന്‍സിലിലെ പി.കെ.ഫൈസല്‍(45), ചിത്താരി പൊയ്യക്കര ഹൗസില്‍ പി.അജിത്ത്(31), ഹൊസ്ദുര്‍ഗ് ബത്തേരിക്കാല്‍ എഡിആര്‍ ഹൗസില്‍ വി.ഷൈജു(43), ബണ്ട്വാള്‍ ശാന്തി അങ്കടി ഹൗസില്‍ ഷമീര്‍(44), ചെങ്കള ഏരത്തില്‍ ഹൗസില്‍ സി.എ.മുഹമ്മദ് ഇക്ബാല്‍(40), ബംബ്രാണ കക്കളം ഹൗസില്‍ ഹനീഫ കക്കളന്‍(47), പുതുക്കൈ അടുക്കത്തുപറമ്പ ഹൗസില്‍ കെ.അഭിലാഷ്(39), ഉള്ളാള്‍ ബന്തിക്കോട്ടൈ ഭഗവതി നിലയത്തില്‍ അര്‍പിത്(34), അതിഞ്ഞാല്‍ മാണിക്കോത്ത് സെനീര്‍ മന്‍സിലിലെ എം.എസ്.ഇബ്രാഹിം(28), മുറിയനാവി ടി.കെ.ഹൗസില്‍ ടി.കെ.നൗഷാദ്(40), പുഞ്ചാവി അരു ഹൗസില്‍ ആദര്‍ശ്(25), കോയിപ്പാടി കൃഷ്ണകൃപയില്‍ പ്രവീണ്‍ കുമാര്‍(38), ഭീമനടി ചിറമ്മല്‍ ഹൗസില്‍ സി.ഫിറോസ്(41), ചെങ്കള കെകെപുറം കുന്നിലെ കെ.സുനില്‍(36), രാവണേശ്വരം തായല്‍ ഹൗസില്‍ ടി.പി.അഷ്റഫ്(48), മധൂര്‍ കുഞ്ചാര്‍ സ്‌കൂളിനു സമീപത്തെ കെ.എം.താഹിര്‍(27), കാഞ്ഞങ്ങാട് സൗത്ത് ജസ്‌ന മന്‍സിലിലെ കെ.ജാസിര്‍(26), കര്‍ണാടക ഗദക് ലക്ഷ്മിവാര സുറുനുഗി ഹൗസില്‍ ബണ്‍ദീപ കുറമ്പാര്‍(48), ബണ്ട്വാള്‍ ബൊള്ളൈ ഹൗസില്‍ അബ്ദുല്‍ അസീസ്(38), പെരിയ പൊള്ളക്കടയിലെ എം.കെ.സിദ്ദീഖ്(54), കുമ്പള ശാന്തിപ്പള്ളം വീരയ്യ ഹൗസില്‍ ശരത്ത്(33), ദേലംപാടി പരപ്പയിലെ മൊയ്തു(45), അജാനൂര്‍ പുളിക്കാലിലെ കെ.പ്രിയേഷ്(34), കാഞ്ഞങ്ങാട് സൗത്ത് പുതിയപുരയിലെ പി.പി.അഷ്‌റഫ്(39), ഒഴിഞ്ഞവളപ്പിലെ സി.അമീര്‍(50), കൊളവയലിലെ കെ.രഞ്ജിത്ത്(30), വാണിയര്‍മൂലയിലെ മുഹമ്മദ് കുഞ്ഞി(62), പടന്നക്കാട്ടെ ഷബീര്‍(36).

Tags:    

Similar News