133 രാജ്യങ്ങളില്‍ വിസയില്ലാതെ ചെന്നിറങ്ങാം; 47 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പാസ്സ്‌പോര്‍ട്ടായി യുഎഇ പൗരത്വം; സ്‌പെയിനും ജര്‍മനിയും പാസ്സ്പോര്‍ട്ട് കരുത്തില്‍ തൊട്ടുപിന്നില്‍: ലോകത്തെ ശക്തമായ പാസ്സ്‌പോര്‍ട്ടുകള്‍ ഇവ
ദുബായ്: ഏറ്റവുമധികം രാജ്യങ്ങളില്‍ വിസ ഇല്ലാതെ പ്രവേശിക്കാന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകള്‍ ഏതൊക്കെയാണ് എന്ന പട്ടിക പുറത്തു വന്നു. തുടര്‍ച്ചയായി നാലാം തവണയും ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു എ ഇ) ആണ്. യു എ ഇ പൗരത്വമുള്ള ഒരു വ്യക്തിക്ക് ലോകത്തിന്റെ 90 ശതമാനം ഭാഗത്തും വിസ ഇല്ലാതെ തന്നെ പോകാന്‍ കഴിയും. 133 രാജ്യങ്ങളില്‍ ഇവര്‍ക്ക് സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ലാത്തപ്പോള്‍ 47 രാജ്യങ്ങളില്‍ ഇവര്‍ക്ക് ചെന്നിറങ്ങുമ്പോള്‍ തന്നെ വിസ ലഭിക്കും.
ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുള്ള 20 രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ള ബാക്കി 19 രാജ്യങ്ങളും യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവയാണ്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജര്‍മ്മനി അഞ്ചാം സ്ഥാനത്ത് എത്തിയപ്പോള്‍, സ്പെയിന്‍ ആണ് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തിയത്. ഫിന്‍ലാന്‍ഡ് മൂന്നാം സ്ഥാനത്തും ഫ്രാന്‍സ് നാലാം സ്ഥാനത്തും എത്തിയപ്പോള്‍, ജര്‍മ്മനിക്ക് പുറകിലായി ബെല്‍ജിയം ആറാം സ്ഥാനത്തെത്തി. ഇറ്റലിയാണ് ഏഴാം സ്ഥാനത്ത്. ജി 20 രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഫ്രാന്‍സിന്റെതാണ്.
യു കെയുടെ പാസ്‌പോര്‍ട്ട് ആണെങ്കില്‍ താഴോട്ട് വീണുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ഇരുപത്തി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന യു കെ പാസ്‌പോര്‍ട്ട് പത്ത് സ്ഥാനങ്ങള്‍ കീഴോട്ട് പോയി മുപ്പത്തിരണ്ടാം സ്ഥാനത്താണ് ഈ വര്‍ഷം. യു കെ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് 125 രാജ്യങ്ങള്‍ വിസയില്ലാതെ സന്ദര്‍ശിക്കാന്‍ ആകുമ്പോള്‍ 49 രാജ്യങ്ങളില്‍ ചെന്നിറങ്ങുമ്പോള്‍ തന്നെ പാസ്‌പോര്‍ട്ട് ലഭിക്കും. 2017-ല്‍ ഏറ്റവും ശക്തമായ പത്ത് പാസ്‌പോര്‍ട്ടുകളില്‍ ഒന്നായിരുന്നു യു കെയുടേത്.
അമേരിക്കന്‍ പാസ്‌പോര്‍ട്ടിന്റെ ഗതിയും താഴോട്ട് തന്നെയാണ്. കഴിഞ്ഞതവണ ഇരുപത്തിയേഴാം സ്ഥാനത്തുണ്ടായിരുന്ന അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഇത്തവണ മുപ്പത്തി എട്ടാം സ്ഥാനത്താണ്. 123 രാജ്യങ്ങളാണ് അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുക. 50 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവലും ഉണ്ട്. 2019 ല്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഉള്ള 20 രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ഇടംപിടിച്ചിരുന്നു.
ആയുധ ശക്തിയിലും സമ്പത്തിലും അമേരിക്കയോട് മത്സരിക്കുന്ന ചൈന പക്ഷെ പാസ്‌പോര്‍ട്ടിന്റെ ശക്തിയില്‍ ഏറെ പിന്നിലാണ്. നൂറ്റിപതിനൊന്നാം സ്ഥാനമാണ് ചൈനക്ക് ഈ പട്ടികയില്‍ ഉള്ളത്. ഇന്ത്യ നൂറ്റി നാല്പത്തിരണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോള്‍, അയല്‍ക്കാരായ മ്യാന്മാര്‍ നൂറ്റി എഴുപത്തിയേഴാം സ്ഥാനത്തും ശ്രീലങ്ക നൂറ്റി എഴുപത്തിയൊന്‍പതാം സ്ഥാനത്തുമാണ്. ബംഗ്ലാദേശിന്റെ സ്ഥാനം 193 ഉം പാകിസ്ഥാന്റെത് 195 ഉം അഫ്ഗാനിസ്ഥാന്റെത് 198 ഉം ആണ്. നൂറ്റി തൊണ്ണൂറ്റി ഒന്‍പതാം സ്ഥാനത്തുള്ള സിറിയയാണ് ഈ പട്ടികയിലെ ഏറ്റവും അവസാനത്തെ രാജ്യം.