മുഖ്യമന്ത്രിയും മന്ത്രിമാരുമായി നാടുചുറ്റി; പൊടിപിടിച്ച് കിടന്ന നവകേരള ബസിനെ സൂപ്പര്‍ ഡീലക്‌സാക്കിയിട്ടും യാത്രക്കാരില്ല; മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടിവന്നില്ല; അടിമുടി പുതുക്കി; ഒട്ടേറെ മാറ്റങ്ങളും; 'ഗരുഡ പ്രീമിയം' സര്‍വീസ് ഇപ്പോള്‍ ബുക്കിംഗ് ഫുള്‍

'ഗരുഡ പ്രീമിയം' സര്‍വീസ് ഇപ്പോള്‍ ബുക്കിംഗ് ഫുള്‍

Update: 2025-01-01 11:23 GMT

കോഴിക്കോട്: യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ നവകേരള ബസ് പുതുക്കി പണിത ശേഷം വീണ്ടും സര്‍വീസ് തുടങ്ങിയപ്പോള്‍ ബുക്കിങ് ഫുള്‍. കോഴിക്കോടുനിന്നും ബെംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സര്‍വീസ് ഇന്നുരാവിലെ നിറയെ ആളുകളുമായി സര്‍വീസ് ആരംഭിച്ചത്. സമയവും ടിക്കറ്റ് നിരക്കും പുതുക്കി. രാവിലെ 8.25നാണ് കോഴിക്കോടുനിന്നു സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം പൊടിപിടിച്ച് വെറുതെ കിടന്ന ശേഷം കഴിഞ്ഞ മേയ് അഞ്ചിന് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ ഇല്ലാതെ വന്നതോടെ റദ്ദാക്കി. പിന്നീട് ഏറെക്കാലം പൊടിപിടിച്ചു കിടന്നശേഷമാണു പുതുക്കി പണിതത്. അതിനിടെ 11 സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ച് 37 സീറ്റാക്കി. ശുചിമുറി നിലനിര്‍ത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുന്‍ഭാഗത്തുള്ള വാതില്‍ ഒഴിവാക്കി സാധാരണ വാതിലാക്കി. പിന്‍വാതിലും ഒഴിവാക്കി.

സര്‍വീസ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറഞ്ഞുതുടങ്ങി. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുമാണു യാത്രക്കാരെ പിന്നോട്ടടിച്ചത്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണു വീണ്ടും ബസ് യാത്ര തുടങ്ങിയത്. ഗരുഡ പ്രീമിയത്തിന്റെ രണ്ടാം വരവില്‍ ടിക്കറ്റ് നിരക്കു കുറച്ചതു യാത്രക്കാര്‍ക്ക് ആശ്വാസമേകും. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട് വരെ 900 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ജിഎസ്ടിയും റിസര്‍വേഷനും ഉള്‍പ്പെടെ 968 രൂപ നല്‍കണം.

മൈസൂരു, ബത്തേരി, കല്‍പറ്റ, താമരശ്ശേരി എന്നിവിടങ്ങളില്‍ ഫെയര്‍ സ്റ്റേജുണ്ട്. നേരത്തേ 1256 രൂപയായിരുന്നു ബെംഗളൂരു മുതല്‍ കോഴിക്കോട് വരെ നല്‍കേണ്ടിയിരുന്നത്. എവിടെനിന്ന് എങ്ങോട്ടു കയറിയാലും ഇതേ ടിക്കറ്റ് ചാര്‍ജ് നല്‍കണമായിരുന്നു. പുതുക്കിയ ടിക്കറ്റ്, ബെംഗളൂരുവില്‍ നിന്നും: ബത്തേരി- 671 രൂപ, കല്‍പറ്റ 731 രൂപ, താമരശേരി 831 രൂപ, കോഴിക്കോട് 968 രൂപ. മൈസൂരുവില്‍ നിന്ന് കോഴിക്കോട് 560 രൂപ.

1.16 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. മാറ്റംവരുത്താനായി 10 ലക്ഷത്തോളം ചെലവുവന്നതായാണ് സൂചന. ഭാരത് ബെന്‍സിന്റെ ബസ് ബോഡി ബില്‍ഡിങ് നടത്തുന്ന ബെംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലാണ് പുതുക്കിപ്പണിതത്. ജൂലായ് മുതല്‍ കോഴിക്കോട് നടക്കാവ് റീജണല്‍ വര്‍ക്ക് ഷോപ്പില്‍ കട്ടപ്പുറത്തായിരുന്നു. അവിടെ ഒരു മാസത്തോളം പൊടിപിടിച്ചുകിടന്നശേഷമാണ് ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. യാത്രക്കാര്‍ കുറഞ്ഞ് സര്‍വീസ് നഷ്ടത്തിലായതോടെ മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടിവരുമെന്ന അവസ്ഥ വന്നതോടെയാണ് രൂപമാറ്റം വരുത്താന്‍ തീരുമാനിച്ചത്.

എല്ലാദിവസവും ബെംഗളൂരുവിലേക്ക് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പത്തും പതിനഞ്ചും യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് പുറപ്പെടാറുള്ള ബസ്, യാത്രക്കാരില്ലാതെ പലദിവസങ്ങളിലും സര്‍വീസ് റദ്ദാക്കേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ ജൂലായ്ക്കുശേഷം സര്‍വീസ് നടത്തിയിരുന്നില്ല. മേയ് ആറിനാണ് നവകേരളബസ് കെ.എസ്.ആര്‍.ടി.സി. സര്‍വീസാക്കി മാറ്റിയത്.

എല്ലാ ദിവസവും പുലര്‍ച്ചെ നാലിനായിരുന്നു കോഴിക്കോട്ടുനിന്ന് പുറപ്പെട്ടിരുന്നത്. സമയത്തിലെ അശാസ്ത്രീയതയും യാത്രക്കാര്‍ കുറയാന്‍ കാരണമായിരുന്നു. അന്ന് ബസിന്റെ സമയം രാവിലെ ആറുമണിയിലേക്ക് മാറ്റാന്‍ പ്രൊപ്പോസല്‍ കൊടുത്തിരുന്നു. ബസ് വീണ്ടും പുറത്തിറങ്ങുമ്പോള്‍ സമയംമാറ്റുമോ എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല.

Tags:    

Similar News