പ്രതിഷേധിക്കാനുള്ള അവകാശം 'ജനാധിപത്യത്തിന്റെ ഭാഗം'; ഇത്തവണ സ്‌കൂള്‍ കലോത്സവം നടക്കുന്നത് 'ഏകാധിപത്യ മോഡലില്‍'; റിസള്‍ട്ട് ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പ്രഖ്യാപനത്തിലൂടെ ലക്ഷ്യം പ്രശ്‌ന രഹിത കലോത്സവം; മന്ത്രി അപ്പൂപ്പന്റെ വിരട്ടില്‍ ഭയന്ന് കലാലോകം
തിരുവനന്തപുരം: പ്രതിഷേധക്കാരെ ഭയക്കുന്ന സര്‍ക്കാര്‍! കേരളം ഭരിക്കുന്നത് ഇടതു സര്‍ക്കാരാണ്. വിപ്ലവമാണ് മുദ്രാവാക്യം. പക്ഷേ സ്‌കൂള്‍ കുട്ടികളുടെ പ്രതിഷേധം പോലും കാണാനുള്ള കരുത്തില്ല. വേദനകളാണ് പ്രതിഷേധമായി മാറുന്നത്. നീതിയാണ് നടക്കുന്നതെങ്കിലും വേദനകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെ വേദന കാരണം പ്രതിഷേധിക്കുന്നവരുടെ വികാരം കൂടി കേള്‍ക്കേണ്ട സര്‍ക്കാരാണ് സ്‌കൂള്‍ കലോത്സവത്തില്‍ പ്രതിഷേധത്തിന് വിലക്ക് പ്രഖ്യാപിക്കുന്നത്. ഇതിലൂടെ പ്രശ്‌ന രഹിത കലോത്സവം നടത്തിയെന്ന് വരുത്താനാണ് ശ്രമം. പണക്കൊഴുപ്പില്‍ പല സ്‌കൂളുകളും സമ്മാനങ്ങള്‍ കൊണ്ടു പോകും. ഇതിലെ വേദനയാണ് കലോത്സവ വേദികളിലെ കണ്ണീരുകള്‍ക്ക് കാരണമായി മാറുക. സ്‌കൂള്‍ കലോത്സവത്തിലെ അട്ടിമറി കഥകള്‍ പലപ്പോഴും പുറത്തു വരികയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലെ പ്രതിഷേധ വിലക്ക് പണമുള്ളവര്‍ക്ക് വേണ്ടിയാണെന്ന വാദവും സജീവം.
സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങുന്നതിനു തൊട്ടുമുന്‍പായാണ് പരസ്യപ്രതിഷേധങ്ങള്‍ക്കെതിരേ കടുത്ത നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. ജില്ലാകലോത്സവങ്ങളില്‍ പലയിടത്തും പരസ്യപ്രതിഷേധങ്ങളുണ്ടായതും തീരുമാനത്തിന് കാരണമായി. എറണാകുളത്ത് ഒളിമ്പിക്‌സ് മാതൃകയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സ്‌കൂള്‍ കായികമേളയുടെ സമാപനച്ചടങ്ങ് പ്രതിഷേധത്തില്‍ മുങ്ങിയതിനെതിരേ വേദിയില്‍വെച്ചുതന്നെ വിദ്യാഭ്യാസമന്ത്രി രംഗത്തെത്തിയിരുന്നു. കാലാകാലങ്ങളില്‍ ഇത്തരം പ്രതിഷേധങ്ങളുണ്ടാകാറുണ്ട്. ഇതിനെയെല്ലാം സഹിഷ്ണുതയോടെയാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഇതുവരെ കണ്ടത്. സമരങ്ങളിലൂടെ വളര്‍ന്ന വിദ്യാഭ്യാസ മന്ത്രിയാണ് വി ശിവന്‍കുട്ടി. പക്ഷേ ശിവന്‍കുട്ടിയ്ക്ക് ഈ കുട്ടി പ്രതിഷേധങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത.
സ്‌കൂള്‍മേളകളില്‍ ഫലപ്രഖ്യാപനത്തിലുള്‍പ്പെടെയുണ്ടാകുന്ന തര്‍ക്കങ്ങളില്‍, വിദ്യാര്‍ഥികളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കുന്ന സ്‌കൂളുകളെ മത്സരങ്ങളില്‍നിന്ന് വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത് ഇതിന്റെ ഭാഗമാണ്. കുട്ടികള്‍ സ്വയം പ്രതിഷേധിച്ചാലും അതിന്റെ വില സ്‌കൂളുകള്‍ കൊടുക്കേണ്ടി വരും. തീര്‍ത്തും ഏകാധിപത്യ സ്വഭാവത്തിലേക്ക് കേരളം മാറുന്നതിന് തെളിവാണ് കലോത്സവത്തിലെ പ്രതിഷേധ വിലക്ക്. കുട്ടികള്‍ക്ക് പിന്തുണകൊടുക്കുന്ന അധ്യാപകര്‍ക്കെതിരേയും നടപടിയുണ്ടാകും. ഇതോടെ കുട്ടികള്‍ പ്രതിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട സ്ഥിതി അധ്യാപകര്‍ക്ക് വന്നു ചേരും. മന്ത്രി അപ്പൂപ്പന്‍ എന്നാണ് മന്ത്രി വി ശിവന്‍കുട്ടി സ്വയം വിശേഷിപ്പിക്കാറുള്ളത്. ഇതേ മന്ത്രി അപ്പൂപ്പനാണ് കുട്ടികളുടെ പ്രതിഷേധം അടിച്ചമര്‍ത്തുന്നത്.
അടുത്തവര്‍ഷംമുതല്‍ സംഘടിപ്പിക്കുന്ന കലാ-കായിക മേളകള്‍മുതല്‍ പ്രതിഷേധക്കാര്‍ക്കുനേരേ നടപടിയെടുക്കാനാണ് ആലോചന. ഈ വര്‍ഷവും നടപടികളുണ്ടാകാന്‍ സാധ്യതയുണ്ട്. എറണാകുളത്തുനടന്ന സംസ്ഥാന സ്‌കൂള്‍കായികമേളയുടെ സമാപനച്ചടങ്ങില്‍ വിദ്യാര്‍ഥികളും അധ്യാപകരും പരസ്യപ്രതിഷേധവുമായെത്തിയ സംഭവത്തില്‍ മലപ്പുറം തിരുനാവായ നാവാമുകന്ദ, എറണാകുളം കോതമംഗലം മാര്‍ബേസില്‍ എന്നീ സ്‌കൂളുകളെ അടുത്തവര്‍ഷത്തെ കായികമേളയില്‍നിന്ന് വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ കലോത്സവത്തിലും പ്രതിഷേധിച്ചാല്‍ സ്‌കൂളുകള്‍ക്ക് വിലക്കുറപ്പ്. അധ്യാപകര്‍ക്ക് ജോലി നഷ്ടം പോലും ഉണ്ടാകും. വിവിധ അധ്യാപക സംഘടനകള്‍ കൂടി ചേര്‍ന്നാണ് കലോത്സവം നടത്തുന്നത്. അവര്‍ പോലും ഇതിനെ ചോദ്യം ചെയ്യുന്നത്.
നാവാമുകന്ദ സ്‌കൂളിലെ കായികാധ്യാപകരായ ഗിരീഷ്, മുഹമ്മദ് ഹര്‍ഷദ്, മലയാളം അധ്യാപകനായ പ്രവീണ്‍ പടയമ്പത്ത്, എറണാകളും മാര്‍ബേസില്‍ സ്‌കൂളിലെ കായികാധ്യാപകരായ ഷിബി മാത്യു, മധു എന്നിവര്‍ക്കുനേരേ വകുപ്പുതല നടപടിയെടുക്കാനും ഉത്തരവായിട്ടുണ്ട്. പ്രതിഷേധത്തെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നടപടി. ആക്ഷേപമുള്ളവര്‍ മാനുവല്‍പ്രകാരം പരാതിനല്‍കണം. കുട്ടികളെ പ്രതിഷേധിക്കുന്നതില്‍നിന്ന് തടയേണ്ടത് അധ്യാപകരാണെന്നും ഉത്തരവില്‍ പറയുന്നു. തര്‍ക്കങ്ങളൊഴിവാക്കാന്‍ മത്സരത്തിന്റെയും ഫലപ്രഖ്യാപനത്തിന്റെയും നിയമാവലി ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്നുള്ള നിര്‍ദേശവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
നാളെ ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 15,000ല്‍ ഏറെ വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ആകെ 25 വേദികളാണുള്ളത്. സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങള്‍ വേദികള്‍ക്കരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി 1,000 രൂപ നല്‍കും.
സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഗോത്രകലകളായ മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ മത്സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്‌കൃത സെമിനാറും, പണ്ഡിത സമാദരണവും അറബിക് എക്സിബിഷനും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. എട്ടിന് വൈകുന്നേരം അഞ്ചിന് കലോത്സവത്തിന്റെ സമാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയാവും.