അനില്‍ അംബാനിയ്ക്ക് വെറുതെ 60 കോടി നല്‍കിയത് സിപിഎം വനിതാ നേതാവിന്റെ മകന്‍; ബോര്‍ഡിനെ പണം നിക്ഷേപിച്ച കാര്യം അറിയിച്ചതും അനുമതി വാങ്ങിയതും രണ്ടു മാസത്തിന് ശേഷം; വാര്‍ഷിക റിപ്പോര്‍ട്ടില്‍ അംബാനിയുടെ പേര് മറച്ചു വച്ചതും ആരും ഒന്നും അറിയാതിരിക്കാന്‍; കെ എഫ് സി കൊളള അത്ര നിഷ്‌കളങ്കമല്ല!

Update: 2025-01-03 02:44 GMT

തിരുവനന്തപുരം: പൂട്ടിപ്പോകുമെന്നറിഞ്ഞിട്ടും അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.) 60.80 കോടി നിക്ഷേപിച്ചതിന് പിന്നില്‍ ചരടു വലിച്ചത് പ്രമുഖ സിപിഎം വനിതാ നേതാവിന്റെ മകന്‍. ഈ ഇടപടാലില്‍ അഴിമതിയാരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചട്ട വിരുദ്ധമായി പലതും നടന്നുവെന്ന് സൂചനകള്‍ വരുന്നത്. അനില്‍ അംബാനിയുടെ കമ്പനിയില്‍ ആദ്യം പണം നിക്ഷേപിക്കുകായിരുന്നു. അതിന് ശേഷമാണ് കെ എഫ് സിയുടെ ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം അവതരിപ്പിച്ചതും അനുമതി നേടിയതും.

അതായത് പണം ഇട്ട ശേഷമാണ് ഇക്കാര്യം ബോര്‍ഡിന് മുന്നിലെത്തിയതെന്നാണ് സാരം. കമ്മിഷന്‍ ലക്ഷ്യമിട്ടുള്ള ഈ അഴിമതിയില്‍ 101 കോടി രൂപ നഷ്ടമായി എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. വലിയ ദുരൂഹതകള്‍ ഈ ഇടപാടിലുണ്ടായി എന്നാണ് പണമിട്ട ശേഷമുള്ള അനുമതി വാങ്ങലിലും നിറയുന്നത്. ആര്‍.സി.എഫ്.എല്‍.(റിലയന്‍സ് കോമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്) വലിയസാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് 2018-ല്‍ ഡയറക്ടര്‍ബോര്‍ഡുപോലും അറിയാതെ കെ.എഫ്.സി. പണം നിക്ഷേപിച്ചതെന്നും ആരോപിച്ചു. 2019-ല്‍ കമ്പനി പൂട്ടിയപ്പോള്‍ കിട്ടിയത് ഏഴുകോടി ഒമ്പതുലക്ഷം മാത്രമാണെന്നും സതീശന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ എഫ് സിയിലെ സിപിഎം നേതാവിന്റെ മകനാണ് ഈ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്ന് വ്യക്തമാകുന്നത്.

കോര്‍പ്പറേഷന്റെ അസറ്റ് ലയബിലിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു നിക്ഷേപം. 2015 മുതല്‍ 2018 വരെ അനില്‍ അംബാനിയുടെ വ്യവസായ സ്ഥാപനങ്ങളെല്ലാം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനകാര്യ പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്ത വന്നുകൊണ്ടിരിക്കേയാണ് നിക്ഷേപം നടത്തിയത്. പണം നഷ്ടപ്പെട്ടിട്ടും സര്‍ക്കാരും മുഖ്യമന്ത്രിയും ധനമന്ത്രിമാരും അറിഞ്ഞില്ലേയെന്നു സതീശന്‍ ചോദിച്ചു. നിക്ഷേപത്തിന്റെ കരാര്‍ പരസ്യപ്പെടുത്തണമെന്നും അഴിമതി അന്വേഷിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഈ ഇടപാടില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുന്‍ മന്ത്രി തോമസ് ഐസകും പ്രതികരിച്ചിട്ടുണ്ട്. സതീശന്റെ അഴിമതി ആരോപണം തള്ളിയ ഐസക് പണം നഷ്ടമാകുമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ പ്രതിപക്ഷ നേതാവിന്റെ വിശദീകരണത്തിന് പ്രസക്തിയും കൂടി.

2018-'19, 2019-'20 വര്‍ഷങ്ങളില്‍ കെ.എഫ്.സി.യുടെ വാര്‍ഷികറിപ്പോര്‍ട്ടില്‍ കമ്പനിയുടെ പേര് മറച്ചുെവച്ചു. 2020-'21-ല്‍ മൂന്നാംവര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ആര്‍.സി.എഫ്.എല്‍. എന്ന പേര് പറഞ്ഞത്. 60.80 കോടി നിക്ഷേപത്തിന് പലിശ ഉള്‍പ്പെടെ 109 കോടി കിട്ടേണ്ടിടത്ത് 7.9 കോടി രൂപ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതേപ്പറ്റി പതിനൊന്നാം നിയമസഭാ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുപോലും ധനവകുപ്പ് മറുപടി നല്‍കിയില്ല. ലിക്വിഡേറ്റ് ചെയ്ത കമ്പനിയില്‍ നിക്ഷേപിച്ച പണത്തില്‍ അവകാശവാദമുണ്ടെന്നാണ് ഇപ്പോഴും പറയുന്നതെന്ന് സതീശന്‍ പരിഹസിച്ചിരുന്നു.

കേരള ധനകാര്യ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.) നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ലെന്നും നഷ്ടപരിഹാരംകിട്ടാന്‍ ബോംബെ കോടതിയില്‍ കേസുനടക്കുന്നുണ്ടെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിക്കുകയും ചെയ്തു. കേന്ദ്രനിയമത്തിനു വിധേയമായി പ്രവര്‍ത്തിക്കുന്ന കെ.എഫ്.സി. ബിസിനസിന്റെ ഭാഗമായി നിക്ഷേപംനടത്തിയതാണ്. ബിസിനസാവുമ്പോള്‍ ലാഭവും നഷ്ടവുമൊക്കെ വരാം. ബോര്‍ഡിന്റെ അംഗീകാരമില്ലാതെ നിക്ഷേപംനടത്തിയെന്ന ആരോപണം ശരിയല്ല. വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുടെ ഒരു സമിതിയാണ് നിക്ഷേപം കൈകാര്യംചെയ്യുക. ഇത്തരം തീരുമാനങ്ങള്‍ ബോര്‍ഡ് പിന്നീട് ശരിവെക്കുന്നതാണ് സാധാരണരീതി.

ഏറ്റവും കുറച്ച് കിട്ടാക്കടമുള്ള സ്ഥാപനമാണ് കെ.എഫ്.സി. ഒന്നാം പിണറായിസര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 2500 കോടിയോളം രൂപയുടേതായിരുന്നു ബിസിനസ്. രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഇത് 4000 കോടിയായി. ഇപ്പോള്‍ 8000 കോടിയുടെ ബിസിനസായി ഇരട്ടിച്ചെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News