വിജിലന്‍സിന്റെ പിടിയിലായ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ ശ്രീനിവാസന്‍ ചില്ലറക്കാരനല്ല; അയ്യപ്പസേവാ സംഘത്തിലെ ഭിന്നത മുതലെടുത്ത് മണ്ഡല ചിറപ്പിന് അനുമതി നിഷേധിച്ചു; മുന്‍ ഭാരവാഹിക്ക് വഴിവിട്ട സഹായം നല്‍കിയെന്നും ആക്ഷേപം; പോലീസില്‍ നല്‍കിയ കേസിലും തീരുമാനമായില്ല

വിജിലന്‍സിന്റെ പിടിയിലായ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര്‍ ശ്രീനിവാസന്‍ ചില്ലറക്കാരനല്ല

Update: 2025-11-27 06:51 GMT

ആലപ്പുഴ: കൈക്കൂലിക്കേസില്‍ വിജിലന്‍സ് ഇന്നലെ അറസ്റ്റ് ചെയ്ത മാന്നാര്‍ കുട്ടംപേരൂര്‍ കുന്നത്തൂര്‍ ശ്രീദുര്‍ഗാ ദേവി ക്ഷേത്രത്തിലെ റിസീവറും തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസറും ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശിയുമായ ശ്രീനിവാസന്‍ ചില്ലറക്കാരനല്ല. ശ്രീനിവാസന്‍ റിസീവര്‍ പദവി വഹിക്കുന്ന ക്ഷേത്രത്തില്‍ അയ്യപ്പസേവാസംഘത്തിന്റെ ഔദ്യോഗിക വിഭാഗത്തിന് മണ്ഡല ചിറപ്പ് നടത്തുന്നതിന് അനുമതി നിഷേധിച്ച ഇയാള്‍ മുന്‍ഭാരവാഹിക്ക് വഴി വിട്ട സഹായവും ചെയ്തു നല്‍കിയെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് നിലവിലെ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ മാന്നാര്‍ പോലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല.

അഖിലഭാരത അയ്യപ്പസേവാസംഘം കുന്നത്തൂര്‍ 3838 നമ്പര്‍ ശാഖയാണ് ശ്രീനിവാസന്‍ റിസീവര്‍ പദവി വഹിക്കുന്ന കുന്നത്തൂര്‍ ശ്രീദുര്‍ഗാ ദേവി ക്ഷേത്രത്തിലെ മണ്ഡല ചിറപ്പ് നടത്തി വരുന്നത്. ഇക്കുറിയും ചിറപ്പ് നടത്തുന്നതിന് വേണ്ടി റിസീവര്‍ക്ക് അയ്യപ്പസേവാസംഘത്തിന്റെ നിലവിലെ സെക്രട്ടറി കത്തു നല്‍കി. റിസീവര്‍ ആകട്ടെ അയ്യപ്പസേവാസംഘം എന്ന പേരില്‍ രണ്ടു കൂട്ടര്‍ ചിറപ്പ് നടത്തുന്നതിന് വേണ്ടി അപേക്ഷ നല്‍കിയെന്ന് മറുപടി കത്തും കൊടുത്തു.

ഇതിന് പുറമേ അയ്യപ്പസേവാസംഘം ശാഖാ സെക്രട്ടറി കുന്നത്തൂര്‍ ബി. ശ്രീകുമാര്‍ എന്നയാള്‍ മണ്ഡല ചിറപ്പ് നടത്താന്‍ അനുമതി തേടി കത്തു നല്‍കിയെന്ന് ചൂണ്ടിക്കാട്ടി റിസീവര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍, ശ്രീകുമാര്‍ അയ്യപ്പസേവാസംഘം ഭാരവാഹിയല്ലെന്ന് കുന്നത്തൂര്‍ ശാഖാ സെക്രട്ടറി അഭിലാഷ് ബാബു പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി റിസീവര്‍ക്ക് കത്തുനല്‍കുകയും ചെയ്തു.

ശ്രീകുമാര്‍ മുന്‍ ഭാരവാഹിയാണ്. നിലവില്‍ പുതിയ ഭരണ സമിതി നിലവിലുള്ളപ്പോള്‍ പഴയ ലെറ്റര്‍ പാഡിലാണ് ഇയാള്‍ റിസീവര്‍ക്ക് കത്ത് നല്‍കിയത്. അത് ഔദ്യോഗികമായി അംഗീകരിക്കുന്ന തരത്തിലായിരുന്നു റിസീവറുടെ നടപടി ക്രമങ്ങള്‍ എന്ന് നിലവിലെ സെക്രട്ടറി അഭിലാഷ് ബാബു പറയുന്നു. കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച് നിലവിലെ ഭരണ സമിതി ചിറപ്പ് നടത്തിയിരുന്നു. കുന്നത്തൂര്‍ ശാഖ അഖില ഭാരത അയ്യപ്പസേവാസംഘം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്റെ കീഴിലാണുള്ളത്. നിലവിലെ ഭരണ സമിതിക്കെതിരേ ശ്രീകുമാര്‍ പരാതി നല്‍കുകയും അത് താലൂക്ക് യൂണിയന്‍ പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കണക്കുകളും ഓഡിറ്റ് റിപ്പോര്‍ട്ടുമെല്ലാം വിളിച്ചു വരുത്തി പരിശോധിച്ചാണ് നിലവിലെ ഭരണസമിതിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് കണ്ടെത്തിയത്.

ക്ഷേത്രത്തില്‍ ചിറപ്പ് നടത്തുന്നതിന് റിസീവര്‍ ശ്രീനിവാസന്‍ അനുമതി നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ക്ഷേത്രമതില്‍ക്കെട്ടിന് പുറത്താണ് അയ്യപ്പസേവാസംഘം നിലവില്‍ ചിറപ്പ് നടത്തി വരുന്നത്. ശ്രീകുമാര്‍ എന്നയാള്‍ അയ്യപ്പസേവാസംഘത്തിന്റെ ലെറ്റര്‍പാഡ് വ്യാജമായി നിര്‍മിച്ച് ദുരുപയോഗം ചെയ്തുവെന്ന് കാട്ടി മാന്നാര്‍ എസ്.എച്ച്.ഓയ്ക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍, പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായില്ല എന്നാണ് അയ്യപ്പസേവാസംഘം ഭാരവാഹികളുടെ പരാതി.

അയ്യപ്പസേവാസംഘം ഭാരവാഹികള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് മാന്നാര്‍ എസ്.എച്ച്.ഓ മറുനാടനോട് പറഞ്ഞു. ശ്രീകുമാര്‍ വ്യാജരേഖ നിര്‍മിച്ചുവെന്ന് പറയാന്‍ കഴിയില്ല. അയാള്‍ മുന്‍ ഭാരവാഹിയാണ്. അയാളുടെ കാലത്തെ ലെറ്റര്‍ പാഡ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും എസ്.എച്ച്.ഓ പറഞ്ഞു.

Tags:    

Similar News