ബോണക്കാട്ടെ കാട്ടിലേക്ക് പോയവരുടെ കൈയ്യില്‍ മതിയായ വാര്‍ത്താ വിനിമയ സംവിധാനം ഉണ്ടായിരുന്നില്ല; കാട്ടിനുള്ളില്‍ 'മൊബൈല്‍ റേഞ്ച്' ആശ്രയിച്ചുള്ള കണക്കെടുപ്പ് വിവാദത്തില്‍; കാടിനെ വേണ്ടു വോളം അറിയാത്ത ഉദ്യോഗസ്ഥരും പ്രതിസന്ധിയായോ? ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നത് കാടറിയാവുന്ന രാജേഷ് മാത്രം; ബോണക്കാട്ടെ ആശങ്ക നീങ്ങി; ആ മൂന്ന് ഉദ്യോഗസ്ഥരും സുരക്ഷിതര്‍; ചര്‍ച്ചയാകുന്നത് ഫോറസ്റ്റുകാരുടെ അടിസ്ഥാന സൗകര്യ കുറവ്
തിരുവനന്തപുരം: കടുവകളുടെ എണ്ണമെടുക്കാനായി പോയി ബോണക്കാട് വനത്തില്‍ കാണാതായ മൂന്ന് ഉദ്യോഗസ്ഥരെയും കണ്ടെത്തുമ്പോള്‍ ചര്‍ച്ചായാകുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൈയ്യിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളുടെ കുറവ്. പാലോട് ഫോറസ്റ്റ് ഓഫിസിലെ ഫോറസ്റ്റര്‍ വിനീത, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. ബോണക്കാട് ഈരാറ്റുമുക്ക് ഭാഗത്താണ് ജീവനക്കാര്‍ ഉള്ളത്. ഇന്നലെ രാവിലെയാണ് ഇവര്‍ കാട്ടിലേക്ക് പോയത്. രാത്രിയായിട്ടും മടങ്ങിയെത്തിയില്ല. ഇതോടെയാണ് ആശങ്കയായത്. മൊബൈല്‍ ഫോണിലും കിട്ടിയില്ല. വൈകുന്നേരത്തോടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയെങ്കിലും പെട്ടെന്ന് ഇരുട്ടിയതിനാല്‍ മടക്കം പ്രതിസന്ധിയിലായി. ഇതോടെ സുരക്ഷിത സ്ഥലത്ത് ഇവര്‍ മാറി. മൊബൈല്‍ റേഞ്ചും ഇല്ലാതായിരുന്നു. വനം വകുപ്പിന് കോടികളുടെ ഫണ്ടുണ്ടെങ്കിലും വാര്‍ത്താ വിനിമയ സംവിധാനം ശക്തിപ്പെടുത്താന്‍ ഒന്നും ചെയ്യുന്നില്ല. ഇതുകാരണമാണ് ഇവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ പോയത്. ഇതാണ് ആശങ്കയായതെന്നാണ് ഒരു വാദം.
ഇതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കാടുമായുള്ള പരിചയ കുറവും ചര്‍ച്ചയാകുന്നുണ്ട്. സ്ഥിരമായി കാടിനുള്ളില്‍ റോന്ത് ചുറ്റാത്തതും ഇത്തരം പ്രതിസന്ധിയ്ക്ക് കാരണമായി പറയുന്നു. ചില ഘട്ടങ്ങളില്‍ കാടിനുള്ളില്‍ പോകേണ്ടത് അനിവാര്യതയായി മാറും. അപ്പോള്‍ മതിയായ പരിചയം കാട്ടിനുള്ളില്‍ ഉണ്ടാകാതെ പോകും. ഇതും പ്രതിസന്ധിയായെന്ന് കരുതുന്നവരുണ്ട്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും (എന്‍ടിസിഎ) ചേര്‍ന്നു 4 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കടുവ സെന്‍സസ് ഇന്നലെയാണ് ആരംഭിച്ചത്. 'എം സ്‌ട്രൈപ്‌സ്' ആപ് ഉപയോഗിച്ച് കടലാസ് രഹിതമായാണു കണക്കെടുപ്പ്.
കടുവകളുള്ള മേഖലകള്‍ ജിപിഎസ് സഹായത്തോടെ അടയാളപെടുത്താനുള്ള (ജിയോ ടാഗിങ്) സൗകര്യവും ഉണ്ട്. പക്ഷേ ഇതിന് പോയവരുടെ കൈയ്യില്‍ മതിയായ വാര്‍ത്താ വിനിമയ സംവിധാനം ഉണ്ടായിരുന്നില്ല. ഉള്‍ക്കാട്ടിലാണ് കണക്കെടുപ്പ് നടക്കുന്നത്. ഇതിന് ഉദ്യോഗസ്ഥര്‍ കാടു കയറേണ്ടത് അത്യന്താപേക്ഷിതമായി. ഇതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് കരുതുന്നവരുമുണ്ട്.
മൂന്നുപേരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ഇവര്‍ കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥരുടെ ലൊക്കേഷന്‍ കണ്ടെത്തിയത്. ഇതോടെ ആശങ്കയും മാറി. അഗസ്ത്യാര്‍മലയും ഇവിടെയാണ്. തിങ്കളാഴ്ച രാവിലെയാണ് ഇവര്‍ മൂന്നുപേരും ബോണക്കാട് ഉള്‍വനത്തിലേക്ക് കടുവകളുടെ എണ്ണം എടുക്കാനായി പോയത്. എന്നാല്‍ വൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല എന്നാണ് വിവരം. തുടര്‍ന്ന് ആര്‍ആര്‍ടി അംഗങ്ങള്‍ ഇവര്‍ക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. ഉള്‍വനത്തിലേക്ക് പോകുമ്പോള്‍ ചിലപ്പോള്‍ സിഗ്‌നല്‍ ലഭിക്കാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇതായിരിക്കാം ഒരു പക്ഷെ ഇവരെ ബന്ധപ്പെടാന്‍ കഴിയാത്തതെന്നാണ് വിവരം. ഇവരില്‍ വാച്ചര്‍ രാജേഷിന് മാത്രമാണ് ഉള്‍വനത്തെക്കുറിച്ച് നന്നായി അറിയാവുന്നതെന്നതും വസ്തുതയായിരുന്നു.
കടുവയുടെ കണക്കെടുപ്പാണെങ്കിലും ഫലത്തില്‍ സമഗ്ര വനനിരീക്ഷണമാണ് കേരളത്തില്‍ നടക്കുന്നത്. എം സ്‌ട്രൈപ്‌സ് എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് അപ്പപ്പോള്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് നിരീക്ഷണം. വനംവകുപ്പ് ജീവനക്കാരും വാച്ചര്‍മാരും ഉള്‍പ്പെടെയുള്ള വലിയ ടീമിന് ഇതിനുള്ള പരിശീലനങ്ങള്‍ നല്‍കിയിരുന്നു. വനംവകുപ്പ് അനുവദിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുന്നുണ്ട്. ഡിസംബര്‍ ഒന്നുമുതല്‍ ഏപ്രില്‍ വരെയാണ് രാജ്യത്ത് വനമേഖലയില്‍ കടുവകളുടെ കണക്കെടുപ്പ്. ഇത് ആറാമത്തെ കണക്കെടുപ്പാണ്. 2022ല്‍ ദേശീയതലത്തില്‍ നടത്തിയ അഞ്ചാം കടുവ സെന്‍സസില്‍ 2018ലെ നാലാം കണക്കെടുപ്പിലേതിനെക്കാള്‍ 24 ശതമാനം കടുവകള്‍ കൂടിയതായി കണ്ടെത്തിയിരുന്നു. 2022ലെ കണക്കനുസരിച്ച് കേരളത്തില്‍ 213 കടുവകളാണുള്ളത്. പെരിയാര്‍, പറമ്പിക്കുളം കടുവസങ്കേതങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 37 വനം ഡിവിഷനുകളിലായുള്ള 673 ബ്ലോക്കുകളിലും ഒരേസമയം കണക്കെടുപ്പ് നടത്തുന്നുണ്ട്. കടുവകളുടെ സഞ്ചാരപാതകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സഞ്ചരിച്ച് കടുവകളുടെയും മറ്റു വന്യമൃഗങ്ങളുടെയും സാന്നിധ്യം നിരീക്ഷിച്ച് രേഖപ്പെടുത്തും.
ആദ്യഘട്ട നിരീക്ഷണത്തിലെ വിവരങ്ങളുടെ സമഗ്ര വിശകലനമാണ് രണ്ടാംഘട്ടത്തില്‍. മൂന്നാംഘട്ടത്തില്‍ മുഴുവന്‍ വനപ്രദേശത്തെയും രണ്ടു ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രിഡുകളായി തിരിച്ച് ക്യാമറകള്‍ സ്ഥാപിച്ച് കണക്കെടുപ്പ് നടത്തും. ഇങ്ങനെയുള്ള 1860 ഗ്രിഡുകളിലാണ് കേരളത്തില്‍ കണക്കെടുക്കുക. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കടുവകളുണ്ട്. പഞ്ചാബ്, ഹരിയാണ തുടങ്ങി ഏറ്റവും വടക്കന്‍ മേഖലയിലുള്ള ചില സംസ്ഥാനങ്ങള്‍, ഗുജറാത്ത് എന്നിവിടങ്ങളിലും അസം ഒഴികെയുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് കടുവകള്‍ ഇല്ലാത്തത്.
