ബ്ലാക്ക് ബെറി ഫോണില്‍ നിന്നും അയച്ച ഇമെയില്‍; പരാതിയില്‍ പേരോ വിശദാംശങ്ങളോ ഉണ്ടായിരുന്നില്ല; പത്തനംതിട്ടക്കാരിയായ ബംഗ്ലൂരുവില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരിയെന്ന് നിഗമനം; ഐപി അഡ്രസിലൂടെ ഇരയെ കണ്ടെത്താന്‍ പോലീസ്; ആളെ തിരിച്ചറിഞ്ഞാല്‍ മൊഴി എടുത്ത് രണ്ടാം പരാതിയിലും കേസെടുക്കും; മാങ്കൂട്ടത്തില്‍ ഊരാക്കുടുക്കില്‍

Update: 2025-12-03 04:38 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ രണ്ടാം പീഡന പരാതിയിലെ അതിജീവിതയെ കണ്ടെത്താന്‍ പോലീസ്. കെപിസിസിയ്ക്ക് കഴിഞ്ഞ ദിവസമാണ് പരാതി കിട്ടിയത്. ബ്ലാക്ക്‌ബെറി ഫോണില്‍ നിന്നായിരുന്നു പരാതി അയച്ചത്. ഇതില്‍ പേരും വിവരങ്ങളുമൊന്നുമില്ല. ഈ സാഹചര്യത്തില്‍ ഇരയെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇമെയില്‍ പരിശോധിച്ച് ഐപി അഡ്രസ് കണ്ടെത്താനാകും. ഇതിലൂടെ ഇരയിലേക്ക് എത്താന്‍ പോലീസിനും കഴിയും. പത്തനംതിട്ട ജില്ലക്കാരിയാണ് പരാതിയെന്നാണ് പ്രാഥമിക സൂചനകള്‍. ഇവര്‍ ബംഗ്ലൂരുവിലാണ് ജോലി ചെയ്യുന്നത്. കൊച്ചിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരാതിക്കാരിയുമായി അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. പരാതിക്കാരിയുടെ ആധികാരികത ഉറപ്പിച്ച ശേഷമാകും പോലീസ് ഈ വിഷയത്തില്‍ കേസെടുക്കുക. അതിവേഗം അതിജീവിതയിലേക്ക് എത്താന്‍ കഴിയുമെന്നാണ് പോലീസ് പ്രതീക്ഷ. ഏതായാലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജി വാദത്തില്‍ ഈ കേസും പ്രോസിക്യൂഷന്‍ ഉന്നയിക്കും.

യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം. ഒളിവില്‍പോയ എംഎല്‍എയ്ക്കായി കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയില്‍ കേള്‍ക്കണമെന്ന് പ്രോസിക്യൂഷനും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കേ, രാഹുലിനെതിരേ വീണ്ടും പീഡനപരാതി ഉയര്‍ന്നത് നിര്‍ണ്ണായകമായി. ബെംഗളൂരുവില്‍ താമസിക്കുന്ന യുവതിയാണ് ഇ-മെയിലില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി അയച്ചത്. താന്‍ നേരിട്ടത് ക്രൂരലൈംഗിക പീഡനമാണെന്ന് പരാതിയില്‍ പറയുന്നു.

പരാതി ചൊവ്വാഴ്ച പകല്‍ 12.47-നാണ് കെപിസിസി നേതൃത്വത്തിന് ലഭിച്ചത്. പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയതായി സണ്ണി ജോസഫ് അറിയിച്ചു. അന്വേഷണസംഘത്തിന് പരാതി കൈമാറണമെന്നും യുവതിയോട് നിര്‍ദേശിച്ചതായി കെപിസിസി നേതൃത്വം അറിയിച്ചു. രാഹുലിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത വിവരവും കൈമാറി. രാഹുലിന്റെപേരില്‍ നേരത്തേ ആരോപണമുന്നയിച്ച യുവതിയാണ് ഇതെന്നും സൂചനയുണ്ട്. ഇവരില്‍നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അന്ന് വിവരം തേടിയിരുന്നു. ഇതോടെ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍നിന്ന് ശക്തമായി ഉയരുന്നുണ്ട്. ഏതായാലും ഇമെയിലിലെ ഐപി അഡ്രസ് പരിശോധിച്ച് യുവതിയെ ഉറപ്പാക്കും. രാഹുലിനായി കേരളത്തിനകത്തും പുറത്തും പോലീസ് തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസിലെ രണ്ടാംപ്രതി ജോബി ജോസഫും ഒപ്പമുണ്ടെന്നാണ് വിവരം.

രാഹുല്‍ കാറുകള്‍ മാറിമാറി ഉപയോഗിക്കുന്നുണ്ടെന്നും സംശയിക്കുന്നു. ഫോണ്‍ ഇടയ്ക്ക് ഓണായതായും പോലീസ് കണ്ടെത്തി. എന്നാല്‍, പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും കരുതുന്നു. ആദ്യഘട്ടത്തില്‍ പാലക്കാടുനിന്ന് കോയമ്പത്തൂരിലേക്കാണ് രാഹുല്‍ പോയതെന്നാണ് പോലീസ് കരുതുന്നത്. പ്രധാനപാതകള്‍ ഒഴിവാക്കിയായിരുന്നു യാത്രയെന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശത്ത് ഉണ്ടെന്ന് വിവരം ലഭിച്ചത്. അവിടെ ഒരു റിസോര്‍ട്ട് കേന്ദ്രീകരിച്ച് പോലീസ് പരിശോധിച്ചെങ്കിലും മുങ്ങിയെന്ന വിവരമാണ് ലഭിച്ചത്.

കാസര്‍കോട് ജില്ലയിലെ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിന് സത്യമംഗലം വനമേഖലയില്‍ ഉള്ള റിസോര്‍ട്ടില്‍ രാഹുല്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ പൊലീസ് സംഘം അവിടെയെത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് ബെംഗളൂരുവിനു സമീപമുണ്ടെന്ന വിവരം ലഭിച്ചത്. രാഹുല്‍ യാത്ര ചെയ്തിരുന്നുവെന്നു സംശയിച്ച കാര്‍ കണ്ടെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. രാഹുല്‍ പാലക്കാട് താമസിച്ചിരുന്ന കുന്നത്തൂര്‍മേട്ടിലെ ഫ്‌ലാറ്റില്‍ കെയര്‍ ടേക്കറില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.

Tags:    

Similar News