അന്‍വര്‍ ഇന്ന് മുതല്‍ തൃണമൂല്‍ കുടുംബത്തിലെ അംഗമെന്ന് അഭിഷേക്; സംസ്ഥാന അധ്യക്ഷ പദവി നല്‍കും; പൊതുസമ്മേളനത്തിനായി മമത കേരളത്തിലെത്തും; കേരളത്തിലെ നാല് എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിക്കുമെന്ന് അന്‍വറിന്റെ വാഗ്ദാനം
നാല് എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിക്കുമെന്ന് അന്‍വറിന്റെ വാഗ്ദാനം
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന പി.വി. അന്‍വര്‍ എം.എല്‍.എയ്ക്ക് സംസ്ഥാന അധ്യക്ഷ പദവി വൈകാതെ നല്‍കിയേക്കുമെന്ന് സൂചന. നിലവില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്ററായാണ് നിയമിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവേശനം. അഭിഷേകിന്റെ കൊല്‍ക്കത്തയിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. അന്‍വര്‍ ഇന്ന് മുതല്‍ തൃണമൂല്‍ കുടുംബത്തിലെ അംഗമാണെന്ന് അഭിഷേക് സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി നല്‍കുമെന്നാണ് വിവരം. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മമതാ ബാനര്‍ജി കേരളത്തില്‍ എത്തും. കോഴിക്കോട്ടോ മലപ്പുറത്തോ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ മമത പങ്കെടുക്കും. ശനിയാഴ്ച പി.വി. അന്‍വറും മമത ബാനര്‍ജിയും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നും അന്‍വറിന്റെ ഓഫീസ് അറിയിച്ചു.
അന്‍വറിന്റെ പൊതുസേവനത്തിനായുള്ള സമര്‍പ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദൗത്യത്തെ ശക്തിപ്പെടുത്തുമെന്നും അഭിഷേക് ബാനര്‍ജിയുടെ എക്‌സിലെ കുറിപ്പിലുണ്ട്. അന്‍വറിനെ സ്വാഗതം ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ജയിലില്‍ നിന്നും ഇറങ്ങി, പിന്നാലെ രഹസ്യ നീക്കങ്ങള്‍
നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമണ കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ അതീവ രഹസ്യമായിട്ടായിരുന്നു അന്‍വറിന്റെ നീക്കങ്ങള്‍. മൂന്ന് ദിവസം മുന്‍പാണു തൃണമൂലിലേക്കു പോകാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. തൃണമൂല്‍ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍ എന്നാണു ലഭിക്കുന്ന സൂചന. തനിക്കൊപ്പം കേരളത്തില്‍നിന്ന് നാല് എംഎല്‍എമാരെക്കൂടി തൃണമൂലിലേക്ക് അന്‍വര്‍ വാഗ്ദാനം ചെയ്‌തെന്നാണു വിവരം.
കേരളത്തോടു താല്‍പര്യമുള്ള തൃണമൂല്‍ ഇവിടെ നേരത്തേതന്നെ സര്‍വേകള്‍ നടത്തിയിരുന്നു. അന്‍വറിലൂടെയും ബാക്കി എംഎല്‍എമാരിലൂടെയും കേരളത്തില്‍ ശക്തമായ സാന്നിധ്യമാകാമെന്നാണു തൃണമൂലിന്റെ കണക്കുകൂട്ടല്‍. കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അന്‍വര്‍ യുഡിഎഫിലേക്കു പോകുന്നെന്ന തരത്തില്‍ ചര്‍ച്ചകളും കൂടിക്കാഴ്ചകളും പുരോഗമിക്കെയാണ്, അപ്രതീക്ഷിതമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമയത്.
നേരത്തേ, തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കാനും അന്‍വര്‍ ആലോചിച്ചിരുന്നു. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നീട് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണു പേരിട്ടത്. ഇന്ത്യാ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതേ ഉദ്ദേശ്യത്തോടെയാണ് ഇപ്പോള്‍ തൃണമൂലിനൊപ്പം ചേര്‍ന്നതെന്നാണു വിവരം.
അന്‍വര്‍ കഴിഞ്ഞദിവസം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി.കെ.കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചിരുന്നു. അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നില്‍ക്കുമെന്നു മുസ്‌ലിം ലീഗ് അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ ലക്ഷ്യമിട്ട് അന്‍വര്‍ തിരുവനന്തപുരത്ത് എത്തിയെങ്കിലും ആരും അന്‍വറിനു സമയം നല്‍കിയില്ല. സമരത്തിന്റെ പേരില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത രീതിയോടുള്ള പ്രതികരണത്തെ, അന്‍വറിനു പിന്തുണ നല്‍കുന്നതായി ദുര്‍വ്യാഖ്യാനം ചെയ്‌തെന്നാണു യുഡിഎഫ് നേതാക്കള്‍ പറയുന്നത്.
പഴയ അനുയായി എന്ന നിലയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് അന്‍വറിനോടു താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള അന്‍വറിനെ സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ല. കേരളത്തില്‍ രാഷ്ട്രീയ മേല്‍വിലാസം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, ദേശീയ രാഷ്ട്രീയത്തിലെ ശക്തമായ പ്രതിപക്ഷ സാന്നിധ്യമായ തൃണമൂലിനൊപ്പം അന്‍വര്‍ ചേര്‍ന്നത്. ഇന്ത്യാമുന്നണിയുടെ ഭാഗമായ തൃണമൂലിന്റെ സംസ്ഥാന നേതാവായി കേരളത്തില്‍ തിരിച്ചെത്തുന്ന അന്‍വറിനോട് എല്‍ഡിഎഫും യുഡിഎഫും എന്തുനിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.