യുഎസ് പ്രസിഡന്റ് പദവിയില്‍ അവസാന മണിക്കൂറില്‍ ജോ ബൈഡന്‍; അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പ് നിര്‍ണായക രാഷ്ട്രീയ നീക്കം; കാപ്പിറ്റോള്‍ കലാപം അന്വേഷിച്ച ഹൗസ് കമ്മറ്റി അംഗങ്ങളടക്കം ട്രംപിന്റെ ' പ്രഖ്യാപിത ശത്രുക്കള്‍ക്ക്' മുന്‍കൂര്‍ മാപ്പ് പ്രഖ്യാപിച്ച് ഉത്തരവിറക്കി

വാഷിങ്ടന്‍ ഡിസിയില്‍ സ്ഥാനാരോഹണത്തിന് ഒരുങ്ങി ട്രംപും ജെ.ഡി.വാന്‍സും

Update: 2025-01-20 14:50 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് പദവിയില്‍ അവസാന മണിക്കൂറില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി ജോ ബൈഡന്‍. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയാല്‍ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള 'പ്രഖ്യാപിത ശത്രുക്കള്‍ക്ക്' അധികാരം ഒഴിയുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 'മുന്‍കൂര്‍ മാപ്പ്' പ്രഖ്യാപിച്ച് ബൈഡന്‍ ഉത്തരവിറക്കി. തന്റെ മുന്‍ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗച്ചി, റിട്ടേര്‍ഡ് ജനറല്‍ മാര്‍ക്ക് മില്ലി, 2021ല്‍ കാപ്പിറ്റോള്‍ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് പ്രസിഡന്റിന്റെ പ്രത്യേക അവകാശം ഉപയോഗിച്ച് 'മുന്‍കൂര്‍ മാപ്പ്' പ്രഖ്യാപിച്ചത്.

നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാതിരിക്കാനാണ് ബൈഡന്‍ പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാള്‍ക്കെതിരേ കുറ്റം ചുമത്തപ്പെടുകയോ കേസെടുത്ത് അന്വേഷണം നടത്തുകയോ ചെയ്യുന്നതിന് മുന്‍പുതന്നെ അയാളെ ശിക്ഷയില്‍നിന്ന് ഒഴിവാക്കാനുള്ള പ്രസിഡന്റിന്റെ പ്രത്യേക അവകാശമാണ് ബൈഡന്‍ തന്ത്രപരമായി വിനിയോഗിച്ചത്. മുന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ കാലത്തും ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇത്തരത്തില്‍ മുന്‍കൂര്‍ മാപ്പ് നല്‍കിയിട്ടുണ്ട്. സമാനമായ അവകാശമാണ് ബൈഡന്‍ വിനിയോഗിച്ചത്.

നേരത്തെ ട്രംപ് തന്റെ ശത്രുക്കളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയമായി എതിര്‍ത്തവരും കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ട്രംപിനെതിരെ നിലകൊണ്ടവരുമെല്ലാമാണ് ഈ പട്ടികയിലുണ്ടായിരുന്നത്. വീണ്ടും അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കെതിരെയെല്ലാം നടപടികളുണ്ടാകുമെന്ന സൂചനയും ട്രംപ് പലപ്പോഴായി നല്‍കിയിരുന്നു. കാപ്പിറ്റോള്‍ കലാപത്തിനെ ന്യായീകരിക്കുകയും വിവാദങ്ങളില്‍ കൂടെ നില്‍ക്കുകയും ചെയ്ത പലര്‍ക്കും ട്രംപ് ക്യാബിനറ്റ് പദവികളും പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയുടെ കോവിഡ് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ നേതൃത്വമായിരുന്നു ബൈഡന്റെ മുന്‍ ആരോഗ്യ ഉപദേഷ്ടാവ് കൂടിയായ ഡോ.ആന്റണി ഫൗച്ചിക്ക്. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയത് പോലുള്ള നടപടികള്‍ക്ക് ബൈഡന് ഉപദേശം നല്‍കിയത് ഇദ്ദേഹമായിരുന്നു. ഈ വിഷയത്തില്‍ ആന്റണി ഫൗച്ചിക്കെതിരെ ട്രംപും അദ്ദേഹത്തിന്റെ അനുയായികളും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. മുന്‍ സൈനിക തലവനായ ജന. മാര്‍ക്ക് മില്ലിയും ട്രംപിന്റെ പ്രധാന ശത്രുക്കളിലൊരാളാണ്. ട്രംപിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുള്ള ജന. മാര്‍ക്ക് മില്ലി കാപ്പിറ്റോള്‍ കലാപത്തില്‍ ട്രംപിനുള്ള പങ്കും ഉയര്‍ത്തിക്കാട്ടിയിരുന്നു.

ട്രംപ് അധികാരത്തിലെത്തയാല്‍ ഇവര്‍ക്കെതിരെയുണ്ടായേക്കാവുന്ന നിയമനടപടികളില്‍ നിന്നും മറ്റ് പ്രതികാര നടപടികളില്‍ നിന്നും സംരക്ഷണം നല്‍കാനായാണ് ബൈഡന്‍ തന്റെ പ്രത്യേക അധികാരമുപയോഗിച്ച് നിരുപാധിക മാപ്പ് പ്രഖ്യാപിച്ചത്.

ഡോണള്‍ഡ് ട്രംപിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. തണുത്തുറഞ്ഞ നട്ടുച്ചയ്ക്കാണ് ലോകരാഷ്ട്രങ്ങള്‍ കാത്തിരിക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണം. യുഎസ് തലസ്ഥാനമായ വാഷിങ്ടന്‍ ഡിസി ഇന്നു പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന്റെയും ലോകമെമ്പാടുനിന്നുമുള്ള വിവിഐപികളുടെ സാന്നിധ്യത്തിന്റെയും ആഘോഷപൂര്‍ണമായ തിരക്കിലമരും.

യുഎസിന്റെ 47ാം പ്രസിഡന്റായി അടുത്ത നാല് വര്‍ഷം ഭരിക്കാന്‍ പോകുന്ന ട്രംപും അദ്ദേഹത്തിനൊപ്പം വൈസ് പ്രസിഡന്റാകുന്ന ജെ.ഡി.വാന്‍സും വാഷിങ്ടന്‍ ഡിസിയില്‍ പ്രദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യന്‍ സമയം രാത്രി 10.30ന്) ആണ് അധികാരമേല്‍ക്കുന്നത്.

സത്യപ്രതിജ്ഞ ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളില്‍

ശൈത്യക്കാറ്റു മൂലം അപകടകരമായിത്തീര്‍ത്ത കാലാവസ്ഥ പരിഗണിച്ച് തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ. അധികാരമേറ്റുള്ള ട്രംപിന്റെ പ്രസംഗം, ഒപ്പുചാര്‍ത്തല്‍, പെന്‍സില്‍വേനിയ അവന്യൂവിലെ പരേഡ്, കലാവിരുന്ന് എന്നിങ്ങനെ പരിപാടികളാണ് ഇന്നു നടക്കുക. സ്ഥലപരിമിതി മൂലം അകത്തെ വേദിയില്‍ ഇടംകിട്ടാതെ പോകുന്ന അതിഥികള്‍ക്കെല്ലാം ചടങ്ങു തത്സമയം കാണാന്‍ സൗകര്യമുണ്ട്.

നവംബറിലെ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ഫ്‌ലോറിഡയിലെ വസതിയില്‍ത്തന്നെ തങ്ങുകയായിരുന്ന ട്രംപും ഭാര്യ മെലനിയയും മകന്‍ ബാരണ്‍ ട്രംപും ഇന്നലെ വാഷിങ്ടന്‍ ഡിസിയില്‍ തിരിച്ചെത്തി. വാന്‍സും ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷ ചിലുകുറിയും അതിനുമുന്‍പു തന്നെ വാഷിങ്ടനിലെത്തി. ഉറ്റമിത്രമായ പേപാല്‍ മുന്‍ സിഇഒ പീറ്റര്‍ ടീലിന്റെ വസതിയില്‍ ടെക് പ്രമുഖര്‍ക്കായി ഒരുക്കിയ വിരുന്നിലും വാന്‍സ് പങ്കെടുത്തു. വെടിക്കെട്ട് ഉള്‍പ്പെടെ ആഘോഷപരിപാടികള്‍ ഇന്നലെയാരംഭിച്ചു.

2020ല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തുനിന്നു രാഷ്ട്രീയത്തിലെത്തിയ ശതകോടീശ്വരന്‍ ട്രംപ് ഒന്നാം ഭരണകാലത്തെന്നപോലെ ഇത്തവണയും പ്രവചനാതീത നീക്കങ്ങളുമായി അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ചേക്കാം. ഭരണമേറ്റ ശേഷമുള്ള ഒന്നാം ദിവസം 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിടുമെന്നാണു റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റക്കാരുടെ നിയന്ത്രണാതീതമായ വര്‍ധനയ്ക്കു തടയിടാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനുമുള്‍പ്പെടെ അടിയന്തര നടപടികളാണ് ആദ്യമണിക്കൂറുകളില്‍ത്തന്നെ പ്രതീക്ഷിക്കുന്നത്.

കനത്ത സുരക്ഷ

പുതിയ യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണദിവസം ആക്രമണങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് സുരക്ഷാ ഏജന്‍സികള്‍. അസ്വാഭാവിക ശരീരഭാഷയും സംശയാസ്പദമായ പെരുമാറ്റവുമായി ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കാനുള്ള നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞച്ചടങ്ങ് പുറത്തെ വേദിയില്‍ അല്ലാത്തതിന്റെ ആശ്വാസം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ടെങ്കിലും മറ്റു ചടങ്ങുകള്‍ പൊതുവേദികളില്‍ നടക്കുന്നുണ്ട്. ക്യാപ്പിറ്റള്‍ മൈതാനത്ത് ആയുധങ്ങള്‍ മാത്രമല്ല, വെള്ളക്കുപ്പിയും സെക്കിളും കുടയും ഉള്‍പ്പെടെയുള്ളവയ്ക്കു നിരോധനമുണ്ട്.

വാഷിങ്ടന്‍ ഡിസിയില്‍ ഇന്ന് ഉച്ചയ്ക്ക് 12ന് ആണ് ട്രംപിന്റെ സത്യപ്രതിജ്ഞച്ചടങ്ങ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ രാത്രി 10.30. പ്രമുഖ യുഎസ് ചാനലുകളിലും സിസ്പാനിലും തത്സമയ സംപ്രേഷണമുണ്ട്. വൈറ്റ്ഹൗസ് വെബ്‌സൈറ്റിലും ലൈവ് സ്ട്രീമിങ് ഉണ്ടാകും.

അപമാനിതനായി അന്ന് പടിയിറങ്ങി, തിരിച്ചുവരവ് ഗംഭീരമായി

2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോടു പരാജയപ്പെട്ടും പിന്നാലെയുണ്ടായ പാര്‍ലമെന്റ് മന്ദിര ആക്രമണത്തിന്റെ പഴി കേട്ടും ഇംപീച്‌മെന്റ് നടപടി നേരിട്ടും അപമാനിതനായി പൊതുവേദി വിട്ട ട്രംപ് രാഷ്ട്രീയ തിരിച്ചുവരവു നടത്തുമെന്ന് അധികമാരും പ്രതീക്ഷിച്ചതല്ല. എന്നാല്‍, ട്രംപിന്റെ ഒന്നാം റിപ്പബ്ലിക്കന്‍ ഭരണകാലത്തിനും (2017 - 20) രണ്ടാമത്തേതിനും മധ്യേയുള്ള ഇടവേള മാത്രമായി മാറുകയായിരുന്നു ബൈഡന്റെ ഡെമോക്രാറ്റ് ഭരണം (2021 - 24). കഴിഞ്ഞ നവംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി ബൈഡന്‍ തന്നെയാണ് ആദ്യം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായതെങ്കിലും ട്രംപുമായുളള സംവാദത്തില്‍ പതറിയതോടെ വിമര്‍ശനത്തെത്തുടര്‍ന്നു പിന്മാറുകയായിരുന്നു.

പകരം സ്ഥാനാര്‍ഥിയായ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ജനകീയ വോട്ടിലും ഇലക്ടറല്‍ വോട്ടിലും വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചാണ് ട്രംപ് രണ്ടാമതും പ്രസിഡന്റായത്. ബൈഡനും ഭാര്യ ജില്ലും ഇന്നലെ സൗത്ത് കാരലൈനയിലെ ചാള്‍സ്ടനിലായിരുന്നു ദിവസം മുഴുവന്‍ ചെലവിട്ടത്. അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ ഇതിഹാസം മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ സ്മരണാര്‍ഥമുള്ള പരിപാടികളില്‍ പങ്കെടുത്തു.

അംബാനി ദമ്പതികള്‍ പങ്കെടുക്കും

സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി വാഷിങ്ടനില്‍ ട്രംപ് ആതിഥേയനായി ഇന്നലെ നടന്ന അത്താഴവിരുന്നില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സന്‍ നിത അംബാനിയും പങ്കെടുത്തു. 100 പേര്‍ക്കാണു വിരുന്നിലേക്കു ക്ഷണം ലഭിച്ചിരുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍നിന്നുള്ള അതിഥികള്‍ ഇവര്‍ മാത്രമായിരുന്നെന്നും സൂചനയുണ്ട്. ഇന്നത്തെ സത്യപ്രതിജ്ഞച്ചടങ്ങിലും അംബാനി ദമ്പതികള്‍ പങ്കെടുക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം ഇന്നു രാത്രി നടക്കുന്ന വിരുന്നുകളിലൊന്നിന്റെ സഹ ആതിഥേയന്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്.

Similar News