എനിക്ക് വല്ലാതെ തണുക്കുന്നു...കോട്ടിന്റെ ബട്ടനിടട്ടെ എന്ന് ട്രംപ്; എനിക്കും തണുക്കുന്നെന്ന് ബൈഡന്‍; ക്യാമറകളെ നോക്കി ചിരി; വൈറ്റ് ഹൗസിന്റെ താക്കോല്‍ ഏറ്റുവാങ്ങും മുമ്പ് ഒരു ചായ സല്‍ക്കാരം; മിഷേല്‍ ഒബാമയ്ക്ക് സമ്മാനം കൊടുത്ത മെലാനിയ ഇക്കുറി എത്തിയത് വെറും കയ്യോടെ
വൈറ്റ് ഹൗസിന്റെ താക്കോല്‍ ഏറ്റുവാങ്ങും മുമ്പ് ഒരു ചായ സല്‍ക്കാരം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് താമസിക്കുന്നതും, ജോലി ചെയ്യുന്നതും ഇവിടെയാണ്. വൈറ്റ് ഹൗസില്‍. മരം കോച്ചുന്ന തണുപ്പാണ് വാഷിങ്ടണ്‍ ഡിസിയില്‍. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി ട്രംപും ഭാര്യ മെലാനിയയും ജെ.ഡി.വാന്‍സും ഭാര്യ ഉഷ വാന്‍സും ഉള്‍പ്പെടെയുള്ളവര്‍ വൈറ്റ് ഹൗസിലെ ചായസല്‍ക്കാരത്തില്‍ പങ്കെടുത്തു. അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്നാണ് ഇവരെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്.
വീട്ടിലേക്ക് സ്വാഗതം, ബൈഡന്‍ ട്രംപിനോട് പറഞ്ഞു.
ദമ്പതിമാര്‍ പരസ്പരം നോക്കി ചിരിച്ചു, കൈ കൊടുത്തു. കൊടും തണുപ്പിനെ കുറിച്ചാണ് ബൈഡനും ട്രംപും തമാശ പറഞ്ഞതെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എനിക്ക് വല്ലാതെ തണുക്കുന്നു, ഞാന്‍ കോട്ടിന്റെ ബട്ടനിടട്ടെ
ഞാനും അതേ, വല്ലാത്ത തണുപ്പ്
മിണ്ടാതിരിയെന്ന് ട്രംപ്..ബൈഡന്റെ ചിരി
ഇതേ തുടര്‍ന്ന് ഇരുവരും പ്രസിഡന്റിന്റെ വസതിയിലിലേക്ക് നടന്നു. ജില്‍ മെലാനിയയ്ക്ക് ഒപ്പവും. എട്ട് വര്‍ഷം മുമ്പ് മിഷേല്‍ ഒബാമയ്ക്ക് സമ്മാനവുമായാണ് അധികാരമൊഴിയല്‍ ചടങ്ങില്‍ മെലാനിയ എത്തിയത്. ഇക്കുറി വെറും കയ്യോടെയായിരുന്നു മെലാനിയയുടെ വരവ്.
തണുപ്പിനെ അകറ്റി ഒരു മണിക്കൂറോളം ചായസല്‍ക്കാരം നീണ്ടു നിന്നു. പിന്നീട് സത്യപ്രതിജ്ഞാ ചടങ്ങിനായി കാപ്പിറ്റോളിലെത്തി. നിയുക്ത പ്രസിഡന്റിന്റെ വരവിന് മുന്നോടിയായി ഇതൊരു സുന്ദര ദിവസമെന്നായിരുന്നു ബൈഡന്റെ പ്രതികരണം. സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശമാണ് തനിക്ക് നല്‍കാനുള്ളതെന്നും ബൈഡന്‍ പറഞ്ഞു.
വാഷിങ്ടണ്‍ ഡിസിയിലെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമാണ് ട്രംപും വാന്‍സും കുടുംബങ്ങളും എത്തിയത്.