യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ; അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും; യുഎസ്സില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നിയമപരമായി അംഗീകരിക്കില്ല; ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രഖ്യാപനങ്ങളുമായി ട്രംപ്; കോരിത്തരിപ്പോടെ എണീറ്റ് നിന്ന് കയ്യടിച്ച് 'മാഗ' അനുയായികള്‍

യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ

Update: 2025-01-20 18:29 GMT

വാഷ്ടിങ്ടണ്‍ ഡിസി: അമേരിക്കയുടെ സുവര്‍ണയുഗം ആരംഭിച്ചെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. രാജ്യം മറ്റുരാജ്യങ്ങളുടെയെല്ലാം അസൂയയ്ക്ക് പാത്രമാകുമെന്നും അദ്ദേഹം യുഎസിന്റെ 47 ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു.

അധികാരമൊഴിയുന്ന ബൈഡന്‍ ഭരണകൂടത്തിന് എതിരെ നിശിത വിമര്‍ശനം ഉയര്‍ത്തി കൊണ്ടായിരുന്നു പ്രസംഗം. 2020 ല്‍ തോറ്റെങ്കിലും നവംബറിലെ തിരഞ്ഞെടുപ്പില്‍ ചരിത്രപരമായ ജയം കുറിച്ച ട്രംപ് തനിക്ക് എതിരെ കഴിഞ്ഞ ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ ഉണ്ടായ വധശ്രമം പരാമര്‍ശിച്ചു. അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ദൈവമാണ് തന്നെ രക്ഷിച്ചതെന്ന് ട്രംപ് പറഞ്ഞു.

തെക്കന്‍ ഭാഗത്ത് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ താന്‍ ദേശീയ അടിയന്തരാവസ്ഥയും, ദേശീയ ഊര്‍ജ്ജ അടിയന്തരാവസ്ഥയും പ്രഖ്യാപിക്കും എന്നുള്ള ട്രംപിന്റെ വാക്കുകളെ 'മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' ( മാഗ) പ്രചാരണത്തെ പിന്തുണയ്ക്കുന്നവര്‍ എണീറ്റ് നിന്ന് കയ്യടിയോടെ സ്വീകരിച്ചു. യുഎസ് -മെക്‌സികോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള എക്സിക്യുട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

രേഖകളില്ലാത്ത ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ തന്റെ ഭരണകൂടം നാടുകടത്തുമെന്നും, വിദശ രാജ്യങ്ങള്‍ക്ക് മേല്‍ താരിഫും നികുതിയും ചുമത്തുമെന്നും, പനാമ കനാല്‍ തിരിച്ചെടുക്കുമെന്നും അടക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രഖ്യാപനങ്ങളാണ് ട്രംപ് തൊടുത്തുവിട്ടത്.

ബൈഡന്‍ സര്‍ക്കാര്‍ രാജ്യത്ത് അനധികൃതമായി കുടിയേറിയവര്‍ക്ക് സംരക്ഷണമൊരുക്കി. വിദേശ അതിര്‍ത്തികളുടെ പ്രതിരോധത്തിന് പണം നല്‍കിയെന്നും അതേസമയം സ്വന്തം അതിര്‍ത്തികള്‍ പ്രതിരോധിക്കാന്‍ ഇടപെട്ടില്ലെന്നും ട്രംപ് പറഞ്ഞു. യു എസില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമെന്നും മറ്റ് ലിംഗങ്ങള്‍ ( ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്)നിയമപരമായി അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി

താന്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താവാണെന്നും ട്രംപ് അവകാശപ്പെട്ടു. ഹമാസ് ചില ഇസ്രയേലി ബന്ദികളെ വിട്ടയച്ചതാണ് അദ്ദഹം സൂചിപ്പിച്ചത്.

അമേരിക്കയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന വാഗ്ദാനത്തിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. ഈ ദിവസം മുതല്‍ നമ്മുടെ രാഷ്ട്രം ബഹുമാനിക്കപ്പെടും. താന്‍ എപ്പോഴും അമേരിക്കയെയാണ് മുന്നില്‍ നിര്‍ത്തുക.അഭിമാനവും സമൃദ്ധിയും സ്വതന്ത്രവുമായ ഒരു രാജ്യത്തെ സൃഷ്ടിക്കുകയെന്നതിനാണ് പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞു. ചൊവ്വയിലേക്ക് ബഹിരാകാശ യാത്രികരെ അയയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Similar News