ഓണ്‍ലൈനായി പണവും ചിത്രവും അയച്ചു കൊടുത്താല്‍ ഫോട്ടോയുമായി ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കും; ഈ പ്രതീകാത്മക ചടങ്ങിന് ഒരു വ്യക്തിക്ക് 1,100 രൂപ; മഹാകുംഭമേളയില്‍ നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്കായി 'ഡിജിറ്റല്‍ സ്‌നാന്‍'

നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്കായി 'ഡിജിറ്റല്‍ സ്‌നാന്‍'

Update: 2025-02-21 11:32 GMT

പ്രയാഗ് രാജ്: മഹാകുംഭ മേളയിലെ ത്രിവേണി സംഗമത്തില്‍ നേരിട്ടെത്തി മുങ്ങിക്കുളിക്കാന്‍ സാധിക്കാത്തവര്‍ക്കായി കേട്ടുകേള്‍വിയില്ലാത്ത അസാധാരണ സേവനം ഒരുക്കുകയാണ് പ്രദേശവാസിയായ ഒരു സംരംഭകന്‍. മഹാകുംഭമേളയ്ക്ക് നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്കായി നിശ്ചിത തുക കൈപ്പറ്റി 'ഡിജിറ്റല്‍ സ്‌നാന്‍' സേവനമാണ് ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. ഓണ്‍ലൈന്‍ ഇടപാടിലൂടെയാണ് ഈ പ്രതീകാത്മക ചടങ്ങ് നടത്തുന്നതെന്നാണ് ഏറെ കൗതുകം.

ദി ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈനായി പണവും ചിത്രവും അയച്ചു കൊടുത്താല്‍ ഫോട്ടോയുമായി ത്രിവേണി സംഗമത്തില്‍ ഇദ്ദേഹം പ്രതീകാത്മകമായി മുങ്ങിക്കുളിക്കും. ചടങ്ങിന് ഒരു വ്യക്തിക്ക് 1,100 രൂപയാണ് നിരക്ക്. ഡിജിറ്റല്‍ സ്‌നാന്‍ നടത്തേണ്ടവരുടെ ചിത്രം ഇദ്ദേഹത്തിന്റെ വാട്‌സാപ്പിലേക്കും പണം ഓണ്‍ലൈന്‍ പെയ്‌മെന്റ് ആയും നല്‍കണം. വാട്‌സാപ്പില്‍ എടുക്കുന്ന ചിത്രങ്ങളുടെ കോപ്പി പ്രിന്റ് എടുത്താണ് ഇദ്ദേഹം ഈ ചടങ്ങ് നടത്തുന്നത്.

പ്രയാഗ്രാജ് ആസ്ഥാനമായുള്ള ഒരു മനുഷ്യനാണ് ഇത്തരത്തില്‍ ഒരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രയാഗ് രാജ് എന്റര്‍പ്രൈസസ് എന്ന തന്റെ കമ്പനിയാണ് ഈ ഡിജിറ്റല്‍ സ്‌നാനം നല്‍ക്കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ അവകാശപ്പെടുന്നു. എന്നാല്‍, വിഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ചിലര്‍ ഇദ്ദേഹത്തിന്റെ സേവന വാഗ്ദാനം സ്വീകരിച്ചെങ്കിലും ചുരുക്കം ചിലര്‍ 'പുതിയ തട്ടിപ്പ്' എന്ന് വിശേഷിപ്പിച്ച് വിമര്‍ശിച്ചു. വിശ്വാസങ്ങളെ കച്ചവടമാക്കരുത് എന്നും നിരവധിപേര്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ സനാധാന ധര്‍മ്മത്തെ പരിഹസിക്കുകയാണോ? നിങ്ങള്‍ക്ക് നാണമില്ലേ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്.

ഹിന്ദുമത വിശ്വാസ പ്രകാരം 144 വര്‍ഷത്തിലൊരിക്കല്‍ നടത്തി വരുന്ന ഉത്സവമാണ് മഹാകുംഭ മേള. ജനുവരി 13 -ന് ആരംഭിച്ച ഉത്സവം ഫെബ്രുവരി 26 വരെ നീണ്ടുനില്‍ക്കും. ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും മഹാ കുംഭമേളയില്‍ പങ്കെടുക്കാനും ത്രിവേണി സംഗമത്തില്‍ കുളിക്കാനുമായി ഇവിടേക്ക് ഓരോ ദിവസവും എത്തുന്നത്.

Tags:    

Similar News