അറബി സംസാരിക്കുന്നവരുടെ നെയിം ബാഡ്ജില്‍ ഫലസ്തീന്‍ കൊടി; പുലിവാലായപ്പോള്‍ നീക്കം ചെയ്ത കറീസ്; തുര്‍ക്കിയിലേക്ക് മടങ്ങുന്നത് സുരക്ഷിതം അല്ലാത്തതിനാല്‍ ഭാര്യയെ കൊന്ന അഭയാര്‍ത്ഥിക്ക് വിസ നല്‍കി ബ്രിട്ടന്‍
ലണ്ടന്‍: യഹൂദരായ ഉപഭോക്താക്കള്‍ക്ക് ഭീഷണിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പാലസ്തീന്‍ പതാക ആലേഖനം ചെയ്ത ജീവനക്കാരുടെ നെയിം ബാഡ്ജുകള്‍ ബ്രിട്ടണിലെ ചില്ലറ വില്‍പ്പനശാലയായ കറീസ് നീക്കം ചെയ്തു. അറബി ഭാഷ സംസാരിക്കാന്‍ കഴിവുള്ള ജീവനക്കാരെ തിരിച്ചറിയുന്നതിനായിട്ടായിരുന്നു ഈ ബാഡ്ജുകള്‍ രൂപകല്പന ചെയ്തത്. പ്രമുഖ ഹൈസ്ട്രീറ്റ് ചില്ലറ വില്പനശാലയുടെ ഉള്‍ച്ചേര്‍ക്കല്‍ നയത്തിന്റെ ഭാഗമായിട്ടാണ് ഇത്. എന്നാല്‍ പരാതികള്‍ ഉയരാന്‍ തുടങ്ങിയതോടെ ബാഡ്ജില്‍ നിന്നും പാലസ്തീന്‍ പതാക നീക്കം ചെയ്യുകയായിരുന്നു.
അറബി സംസാരിക്കാന്‍ കഴിയുന്ന ജീവനക്കാരെ തിരിച്ചറിയുന്നതിനായി ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കറീസ് അറിയിച്ചിട്ടുണ്ട്. കേംബ്രിഡ്ജിലെ സ്റ്റോറി ഒരു ടെലിവിഷന്‍ വാങ്ങാന്‍ പോയ ഒരു ഇസ്രയേല്‍ പൗരന്‍ പറയുന്നത് പാലസ്തീന്‍ പതാക ധരിച്ച് ഒരു ജീവനക്കാരന്‍ തന്റെ അടുത്ത് വന്നു എന്നാണ്. ഇത് വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല എന്ന് അറിയിച്ച ജീവനക്കാരന്‍ ക്ഷമാപണം നടത്തിയെങ്കിലും അത് തനിക്ക് അസ്വസ്ഥതയുണ്ടാക്കി എന്നും അയാള്‍ പറയുന്നു. തുടര്‍ന്ന് ഇയാള്‍ അവിടെ നിന്നും ഇറങ്ങി മറ്റൊരിടത്തു നിന്നായിരുന്നു 1500 പൗണ്ട് വിലയുള്ള ടെലിവിഷന്‍ വാങ്ങിയത്.
മറ്റൊരു സംഭവത്തില്‍ ഒരു യഹൂദ വംശജന്‍ പറഞ്ഞത് പാലസ്തീനിയന്‍ പതാക ധരിച്ച ഷോപ്പ് അസിസ്റ്റന്റ് തനിക്ക് സേവനം നല്‍കുന്നതില്‍ അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ തന്നെ ജീവനക്കാര്‍ പരിഹസിച്ചു എന്നാണ്. ആ ജീവനക്കാരന്‍ തന്നെ കാര്‍ പാര്‍ക്കിംഗ് വരെ പിന്തുടരുകയും തന്റെ കുടുംബത്തിന്റെയും കാറിന്റെയും റെജിസ്‌ട്രേഷന്‍ നമ്പറിന്റെയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തുവെന്നും അയാള്‍ പറയുന്നു. എന്നാല്‍, തീര്‍ത്തും പ്രകോപനപരമായ ആംഗ്യം ആ ഉപഭോക്താവ് കാണിച്ചതിനാലാണ് ജീവനക്കാരന്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് കറീസ് അവകാശപ്പെടുന്നത്.
സമാനമായ അനുഭവങ്ങള്‍ തങ്ങള്‍ക്ക് മുന്നിലെത്തിയതോടെ യു കെ ലോയേഴ്സ് ഫോര്‍ ഇസ്രയേല്‍ എന്ന കൂട്ടായ്മയാണ് യഹൂദ ഉപഭോക്താക്കളെ പ്രതിനിധീകരിച്ച് കറീസിന് കത്തയച്ചത്. പതാകക്ക് അതീവ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും, പാലസ്തീനോട് അനുഭാവം പ്രകടിപ്പിക്കുന്നതിനാണ് അത് പ്രദര്‍ശിപ്പിക്കാറുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതോടൊപം ഇസ്രയേലിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനും അത് പ്രദര്‍ശിപ്പിക്കാറുണ്ടെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ജീവനക്കാര്‍ക്ക് പതാകകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവകാശം നല്‍കുന്നത് 2000 ലെ ഇക്വാലിറ്റീസ് ആക്റ്റിന്റെ ലംഘനമാണെന്നും കത്തില്‍ പറഞ്ഞിരുന്നു. അത് ശത്രുതാ മനോഭാവം നിറഞ്ഞതും അസ്വസ്ഥാജനകവുമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചേക്കാമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. പതാക പ്രദര്‍ശിപ്പിക്കുന്നതിന് പകരമായി, എനിക്ക് അറബിക് സംസാരിക്കാന്‍ കഴിയും എന്ന് ബാഡ്ജില്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും കൂടുതല്‍ നല്ലതെന്നും കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായിട്ടാണ് ഇപ്പോള്‍ ബാഡ്ജില്‍ നിന്നും പാലസ്തീന്‍ പതാക നീക്കം ചെയ്യാന്‍ കറീസ് തീരുമാനിച്ചത്.
ഭാര്യയെ കൊന്ന അഭയാര്‍ത്ഥിക്ക് സുരക്ഷിതത്വത്തിന്റെ പേരില്‍ അഭയം നല്‍കി ബ്രിട്ടന്‍
അനധികൃതമായി ബ്രിട്ടനിലെത്തുന്ന അഭയാര്‍ത്ഥികള്‍ ബ്രിട്ടനില്‍ അഭയം ലഭിക്കാന്‍ പല കുറുക്കുവഴികളും ഉപയോഗിക്കാറുണ്ട്. ഭാര്യയെ കുത്തിക്കൊന്ന താന്‍ തിരികെ സ്വദേശമായ തുര്‍ക്കിയിലേക്ക് മടങ്ങിയാല്‍ ഭാര്യയുടെ ബന്ധുക്കള്‍ ആക്രമിക്കുമെന്ന വാദം ഉയര്‍ത്തിയാണ് ഒരു അഭയാര്‍ത്ഥി ബ്രിട്ടനില്‍ തുടരാന്‍ അനുമതി നേടിയെടുത്തതെന്ന വാര്‍ത്ത പുറത്തു വരുന്നു. കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ തന്റെ ഭാര്യയുമൊത്ത് 2001 ല്‍ ആയിരുന്നു അനധികൃതമായി ബ്രിട്ടനില്‍ എത്തിയത്.
അന്ന് രാഷ്ട്രീയ അഭയത്തിനായി അപേക്ഷിച്ചുവെങ്കിലും ആ അപേക്ഷ നിരാകരിക്കപ്പെട്ടു. എന്നിട്ടും ഇയാള്‍ ബ്രിട്ടനില്‍ തുടരുകയും ലണ്ടനില്‍ ഒരു കെബാബ് ഷോപ്പ് നടത്തുകയും ചെയ്തു. 2005 ല്‍ ആയിരുന്നു, ഭാര്യ മറ്റൊരാളുമായി ഓണ്‍ലൈന്‍ ചാറ്റ് നടത്തുന്നത് കണ്ട് കുപിതനായ ഇയാള്‍ ഭാര്യയെ പത്ത് തവണ കുത്തിയത്. ചാറ്റിംഗ് നടത്തുന്ന സമയത്ത് ഭാര്യ പ്രലോഭനകരമായ രീതിയില്‍ വസ്ത്രം ധരിച്ചിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. പിന്നീട് ഇയാള്‍ തന്നെ കൊലപാതക വിഷയം തന്റെ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു.
കെ ഡി എന്ന് മാത്രം ഔദ്യോഗിക രേഖകളില്‍ നാമകരണം ചെയ്യപ്പെട്ട ഈ വ്യക്തിക്ക് സന്താനങ്ങള്‍ ഉണ്ടാവില്ല എന്നതിനാല്‍ ഭാര്യ ഇയാളെ പലപ്പോഴും പരിഹസിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. മാത്രമല്ല, തനിക്ക് ഒരു കുഞ്ഞിനെ തരാന്‍ കഴിവില്ലാത്ത ഇയാളെ വിട്ടുപോവുകയാണെന്ന് ഭാര്യ പറയുകയും ചെയ്തിരുന്നത്രെ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ പിന്നീട് 12 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കി 2018ല്‍ ആണ് പുറത്തിറങ്ങിയത്.
ഗുരുതരമായ കുറ്റകൃത്യം ചെയ്ത ഇയാള്‍ തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം സ്വാഭാവികമായും നാടുകടത്തപ്പെടണ്ട വ്യക്തിയാണ്. മാത്രമല്ല, ഇയാള്‍ അത്യന്തം അപകടകാരിയാണെന്ന് പരോള്‍ ബോര്‍ഡ് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇയാള്‍ അഭയത്തിനായി വീണ്ടും അപേക്ഷിക്കുകയായിരുന്നു. ഭാര്യാ വീട്ടുകാര്‍ ആക്രമിക്കുമെന്നതിനാല്‍ തുര്‍ക്കിയില്‍ തന്റെ ജീവിതം സുരക്ഷിതമല്ലെന്നായിരുന്നു 50 കാരനായ ഇയാളുടെ വാദം.