കണ്‍ഫോം ടിക്കറ്റ് ഉണ്ടായിട്ടും ഇത്തിഹാദ് എയര്‍വേയ്‌സ് മലയാളി യാത്രക്കാരെ കബളിപ്പിച്ചു; യാത്രസമയത്തിന് മുമ്പെ വിമാനത്താവളത്തില്‍ എത്തിയിട്ടും എഴ് യാത്രക്കാര്‍ സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍; അബുദാബി വഴി ലണ്ടനിലേക്ക് പോകേണ്ടവര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതോടെ ആശങ്ക; ഒരേ ടിക്കറ്റ് രണ്ടും മൂന്നും പേര്‍ക്ക് വില്‍ക്കുന്നുവെന്ന് ആക്ഷേപം; അധികൃതര്‍ക്ക് പരാതി നല്‍കി യാത്രക്കാര്‍
കണ്‍ഫോം ടിക്കറ്റ് ഉണ്ടായിട്ടും ഇത്തിഹാദ് എയര്‍വേയ്‌സ് മലയാളി യാത്രക്കാരെ കബളിപ്പിച്ചു
അബുദാബി: ലണ്ടനിലേക്ക് യാത്രയ്ക്കുള്ള കണ്‍ഫോം ടിക്കറ്റ് ഉണ്ടായിട്ടും ഇത്തിഹാദ് എയര്‍വേയ്‌സ് മലയാളികളടക്കം ഏഴ് യാത്രക്കാരെ കബളിപ്പിച്ചെന്ന് പരാതി. യാത്രസമയത്തിന് മുമ്പെ വിമാനത്താവളത്തില്‍ എത്തിയിട്ടും എഴ് യാത്രക്കാരുടെ പേരുകള്‍ സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ യാത്ര മുടങ്ങിയെന്നാണ് ആക്ഷേപം. അബുദാബി വഴി ലണ്ടനിലേക്ക് പോകേണ്ടവര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതോടെ ഇവര്‍ക്ക് ലണ്ടനില്‍ നിന്നും താമസ സ്ഥലത്തേക്ക് സഞ്ചരിക്കേണ്ട കണക്ഷന്‍ ഫ്‌ലൈറ്റും മുടങ്ങുമെന്നാണ് ആശങ്ക.
പേരും പെരുമയും അവകാശപ്പെടുന്ന ഇത്തിഹാദ് എയര്‍വേയ്‌സ് ഒരേ ടിക്കറ്റ് രണ്ടും മൂന്നും പേര്‍ക്ക് വില്‍ക്കുന്നുവെന്നാണ് യാത്രക്കാര്‍ ആരോപണം ഉന്നയിക്കുന്നത്. ലണ്ടനിലേക്കുള്ള തൊട്ടടുത്ത വിമാനത്തില്‍ യാത്രസൗകര്യം ഒരുക്കി നല്‍കണമെന്നും സമയനഷ്ടം മൂലം ഉണ്ടായ സാമ്പത്തിക നഷ്ടത്തിനും നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരണം നല്‍ണമെന്നും ആവശ്യപ്പെട്ട് അബുദാബിയിലെ ഇത്തിഹാദ് എയര്‍വേയ്‌സ് അധികൃതര്‍ക്ക് യാത്രക്കാര്‍ പരാതി നല്‍കി.
സമയത്ത് അബുദാബി വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഇവര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനത്തില്‍ സീറ്റ് ലഭ്യമല്ലെന്ന കാരണം പറഞ്ഞ് സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. ചില യാത്രക്കാര്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്തിരുന്നില്ല, എന്നാല്‍ യാത്രാ സമയത്തിന് മുന്നെ ഇവര്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും യാത്ര മുടങ്ങുകയായിരുന്നു. ഇവരുടേത് കണ്‍ഫോം ടിക്കറ്റായിരുന്നു. എന്നാല്‍ ഇതേ ടിക്കറ്റുകള്‍ വന്‍ തുകയ്ക്ക് എയര്‍ ലൈന്‍സ് മറ്റാര്‍ക്കെങ്കിലും വിറ്റഴിച്ചതാവാനാണ് സാധ്യതയെന്നാണ് യാത്രക്കാര്‍ പറയുന്നത്.
യാത്ര മുടങ്ങിയവര്‍ക്ക് അടുത്ത വിമാനത്തില്‍ അറേഞ്ച് ചെയ്ത് തരാമെന്ന് പറയുമ്പോഴും അവധി നീട്ടേണ്ടി വരുന്നതടക്കം വലിയ പ്രതിസന്ധിയാണ് ഇവര്‍ നേരിടുന്നത്. മാത്രമല്ല, ലണ്ടനില്‍ നിന്നും കണക്ഷന്‍ ഫ്‌ലൈറ്റില്‍ താമസ സ്ഥലത്തേക്ക് യാത്ര ചെയേണ്ടവര്‍ക്ക് ആ യാത്ര മുടങ്ങുകയും ടിക്കറ്റിന്റെ പണം നഷ്ടമാവുകയും ചെയ്യും. വലിയ സാമ്പത്തിക നഷ്ടമാണ് യാത്രക്കാര്‍ നേരിടേണ്ടി വരിക. കണ്‍ഫോം ടിക്കറ്റിന്റെ നമ്പര്‍ അടക്കം നല്‍കിയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.
അടിയന്തര ആവശ്യങ്ങള്‍ക്കായി സീറ്റുകള്‍ നീക്കിവച്ച ശേഷമാണ് സാധാരണ യാത്രക്കാര്‍ക്ക് കണ്‍ഫോം ടിക്കറ്റുകള്‍ നല്‍കുന്നത്. എന്നാല്‍ കണ്‍ഫോം ടിക്കറ്റ് ഉണ്ടായിട്ടും, ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്തിട്ടും യാത്രമുടങ്ങുന്ന സാഹചര്യമാണ് ഇവര്‍ക്ക് നേരിട്ടത്.