ആദ്യം മയക്കുവെടി വച്ച് മയക്കിയപ്പോള്‍ പരിശോധിച്ചത് മസ്തകത്തില്‍ വെടിയുണ്ടോ എന്ന് മാത്രം; മെറ്റല്‍ ഡിക്ടറ്റര്‍ പരിശോധനയ്ക്കപ്പുറം നടത്തിയത് മുറവില്‍ മരുന്ന് വയ്ക്കല്‍ മാത്രം; അന്ന് ശരിയായ ചികില്‍സ തുടങ്ങിയിരുന്നുവെങ്കില്‍ കാട്ടുകൊമ്പന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു; വനംവകുപ്പിന്റെ ചികില്‍സാ പിഴവ് കൊമ്പനെ കൊന്ന കഥ

Update: 2025-02-23 03:32 GMT

തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ മരിക്കാന്‍ കാരണമായത് വനംവകുപ്പിന്റെ അനാസ്ഥയോ? ചികില്‍സയില്‍ വലിയ പിഴവുണ്ടായി എന്നാണ് വിലയിരുത്തല്‍. ജനുവരി12 മുതല്‍ ആന മുറിവുമായി അലഞ്ഞു തിരിയുന്നുണ്ടെന്ന വിവരം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും 24നാണ് ആദ്യഘട്ട ചികിത്സ ലഭ്യമാക്കിയത്.

ഈ കാലതാമസം അടക്കം വലിയ വീഴ്ചയായി. കാട്ടില്‍നിന്ന് ആനയെ നാട്ടിലേക്കു പിടിച്ചുകൊണ്ടുപോയുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന(നോ മോര്‍ ക്യാപ്റ്റിവിറ്റി)നയമാണു ആദ്യം സ്വീകരിച്ചത്. അതുകൊണ്ട് മയക്കുവെടി വച്ച് ചികില്‍സ നല്‍കി കാട്ടിലേക്ക് വിട്ടു. എന്നാല്‍ ഈ ചികില്‍സ ശരിയായ രീതിയിലുമായിരുന്നില്ല. ഒരുമാസത്തോളം രക്ഷാപ്രവര്‍ത്തനം വൈകിയതോടെ മസ്തകത്തിലെ വ്രണം ഒരടിയോളം ആഴത്തിലേക്കു വ്യാപിച്ചു.

കാട്ടാനകളുടെ പ്രജനന കാലത്തു കൊമ്പന്മാര്‍ തമ്മിലേറ്റുമുട്ടുന്നതും പരുക്കേല്‍ക്കുന്ന ആനകള്‍ ചരിയുന്നതും സ്വാഭാവികമാണെന്നും ഇതിലൊന്നും ചെയ്യാനില്ലെന്നുമായിരുന്നു വനംവകുപ്പു ആദ്യം എടുത്ത നിലപാട് അത്രം. ആനയുടെ ദുരവസ്ഥ വാര്‍ത്തയായതോടെയാണ് ഒന്നാംഘട്ട ചികിത്സയ്ക്കു തീരുമാനമെടുത്തത്. മയക്കു വെടിവച്ച് വീഴ്തിയ ശേഷം വെടിയുണ്ടയേറ്റുണ്ടായ മുറിവാണോ എന്ന പരിശോധനയാണു ഫലത്തില്‍ നടന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വെടിയുണ്ട ഏറ്റിട്ടില്ലെന്നുറപ്പിച്ച ശേഷം മുറിവിലെ പഴുപ്പു നീക്കം ചെയ്തു മരുന്നുവച്ച ശേഷം ആനയെ പോകാന്‍ അനുവദിച്ചു. മുറിവില്‍ പുഴുക്കളുണ്ടാകാതിരിക്കാനുള്ള കുത്തിവയ്പ്പടക്കം മറ്റു ചികിത്സകള്‍ ഒന്നുമുണ്ടായില്ലെന്നാണു റിപ്പോര്‍ട്ട്. മുറിവിന്റെ സ്വഭാവവും ആഴവും പഠിച്ച ശേഷം തുടര്‍ പരിചരണം പദ്ധതിയാക്കിയില്ല. ഇതോടെ സ്വാഭാവിക മരണമെന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ചികിത്സയ്ക്കായി കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയത്. ആന രക്ഷപ്പെടാന്‍ 30 ശതമാനം മാത്രമാണ് സാദ്ധ്യതയുള്ളതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ആനയുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നു. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് വ്യാപിച്ചിരുന്നു. ദിവസങ്ങളോളം ഉറക്കമിളച്ച് കാത്തിരുന്ന ശേഷമാണ് ദൗത്യസംഘത്തിന് കഴിഞ്ഞദിവസം രാവിലെ 7.15ന് മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടി വയ്ക്കാനായത്.

ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്. തുടര്‍ന്ന് മരുന്നുകള്‍ കുത്തിവച്ചു. ശരീരം തണുപ്പിക്കുന്നതിന് വെള്ളം പമ്പ് ചെയ്തു. കുങ്കിയാനകളുടെ സഹായത്തോടെ എഴുന്നേല്‍പ്പിച്ച് അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി കോടനാട്ടെത്തിച്ചു. കൊമ്പന്റെ മസ്തകത്തിലെ മുറിവിന് 30 സെന്റിമീറ്ററോളം ആഴമുണ്ടായിരുന്നു, പുഴുവരിച്ച മുറിവ് പഴുപ്പ് നിറഞ്ഞ അവസ്ഥയിലായിരുന്നു.

ജനുവരി 11നാണ് മുറിവേറ്റ് കാട്ടാനയെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കാടുകളില്‍ കണ്ടത്. കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം മുറിവേറ്റതെന്നാണ് കരുതുന്നത്. 24ന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടിവച്ച് ചികിത്സ നല്‍കിയെങ്കിലും മുറിവ് ഉണങ്ങിയില്ല. അവശനിലയിലായതോടെയാണ് പിടികൂടി ചികിത്സിക്കാന്‍ തീരുമാനിച്ചത്. അഭയരാണ്യത്തില്‍ എത്തിച്ചശേഷം മുറിവ് ഉണങ്ങാനുമുള്ള മരുന്നുകള്‍ നല്‍കിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ കൂട്ടിലായിരുന്നു കൊമ്പനെ താമസിപ്പിച്ചിരുന്നത്. പക്ഷേ ഈ ചികില്‍സ ഏറെ വൈകി പോയി. ഇതാണ് കാട്ടനായുടെ മരണത്തിന് കാരണമായത്.

Tags:    

Similar News