ദുബായിലും ദോഹയിലും സ്‌ഫോടനങ്ങള്‍; പശ്ചിമേഷ്യയില്‍ 'നരകവാതില്‍' തുറക്കുമെന്ന് ഇറാന്റെ ഭീഷണി! ഇറാനെ ഇഞ്ചിഞ്ചായി തകര്‍ക്കാന്‍ ട്രംപ്; 72 മണിക്കൂറിനിടെ തകര്‍ത്തത് 1,700 കേന്ദ്രങ്ങള്‍; മിസൈല്‍ നിലയങ്ങളും കമാന്‍ഡ് സെന്ററുകളും ചാരമായി; എണ്ണവില 200 ഡോളറിലേക്ക്? വിമാന സര്‍വീസുകള്‍ താറുമാറായി; ലോകം ഉറ്റുനോക്കുന്നത് യുദ്ധത്തിന്റെ അഞ്ചാം ദിവസത്തിലേക്ക്!

ദുബായിലും ദോഹയിലും സ്‌ഫോടനങ്ങള്‍

Update: 2026-03-03 18:29 GMT

ദുബായ്: അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് നേരെ വീണ്ടുംഇറാന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍. ദുബായിലും ദോഹയിലും ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടു. ഖത്തര്‍ തലസ്ഥാനമായ ദോഹയിലും യുഎഇയിലെ ദുബായിലും സ്‌ഫോടനങ്ങള്‍ മുഴങ്ങിയപ്പോള്‍, അബുദാബിയിലും സമാനമായ ശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖമനേയിയുടെ മരണത്തിന് പിനനാലെയാണ് ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയത്.

യുദ്ധം നാലാം ദിവസത്തിലേക്ക്

ശനിയാഴ്ച ആരംഭിച്ച യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെയും ഇസ്രായേലിനെയും ലക്ഷ്യമിടുകയാണ്. ഇതോടെ മേഖലയിലെ പല രാജ്യങ്ങളും വ്യോമപാതകള്‍ അടച്ചു. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഏകദേശം 12,903 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇത് മൊത്തം സര്‍വീസുകളുടെ 40 ശതമാനത്തോളം വരും.

ട്രംപിന്റെ കര്‍ക്കശ നിലപാട്

'ഇറാന്‍ ഭരണകൂടത്തിന്റെ വ്യോമ പ്രതിരോധവും നാവികസേനയും നേതൃത്വവും ഇല്ലാതായി. അവര്‍ ഇപ്പോള്‍ ചര്‍ച്ചകളെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിന് സമയമില്ല, ഇത് വളരെ വൈകിപ്പോയി,' എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു.

പ്രധാന സൈനിക നീക്കങ്ങള്‍:

ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തി. മിസൈല്‍ നിര്‍മ്മാണ ശാലകളും ആയുധപ്പുരകളുമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന സമിതിയുടെ കോമിലെ കെട്ടിടത്തിന് നേരെയും ആക്രമണമുണ്ടായി.

എണ്ണവില കുതിക്കുന്നു

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 85 ഡോളര്‍ കടന്നു. ഇത് ഉടന്‍ 200 ഡോളറില്‍ എത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ സാമ്പത്തിക കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ മേഖലയിലെ മുഴുവന്‍ സാമ്പത്തിക കേന്ദ്രങ്ങളെയും തകര്‍ക്കുമെന്നും 'നരകത്തിന്റെ വാതിലുകള്‍ ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നില്‍ തുറക്കുമെന്നും' റെവല്യൂഷണറി ഗാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കി.

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; 72 മണിക്കൂറിനിടെ തകര്‍ത്തത് 1,700 ലക്ഷ്യങ്ങള്‍

യുദ്ധം 72 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം (CENTCOM) ആക്രമണം അതിശക്തമാക്കി. ഇതുവരെ 1,700 ഇറാനിയന്‍ ലക്ഷ്യങ്ങള്‍ തകര്‍ത്തതായി സെന്റ്കോം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യ 24 മണിക്കൂറില്‍ 900 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു. 48 മണിക്കൂര്‍ പിന്നിടുമ്പോള്‍ ലക്ഷ്യങ്ങളുടെ എണ്ണം 1,200 ആയി ഉയര്‍ന്നു (രണ്ടാം ദിവസം 300 ലക്ഷ്യങ്ങള്‍). 72 മണിക്കൂര്‍ പിന്നിടുമ്പോള്‍, ആകെ ലക്ഷ്യങ്ങള്‍ 1,700-ല്‍ എത്തി. അതായത് മൂന്നാം ദിവസം മാത്രം 500 ലക്ഷ്യങ്ങള്‍ തകര്‍ത്തു. ആക്രമണത്തിന്റെ തീവ്രത കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടിയായി വര്‍ദ്ധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ സൂചിപ്പിച്ച 'ഏറ്റവും വലിയ ആക്രമണം' ഇതാണോ അതോ വരും ദിവസങ്ങളില്‍ ഇതിലും ശക്തമായ പ്രഹരമുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡ് സെന്ററുകള്‍, നാവിക ആസ്തികള്‍, ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയാണ് അമേരിക്ക പ്രധാനമായും ലക്ഷ്യമിടുന്നത്. ഇസ്രായേല്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ആക്രമിക്കപ്പെട്ട സ്ഥലങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ പൊതുവായ വിഭാഗങ്ങളായാണ് അമേരിക്ക ഈ വിവരങ്ങള്‍ നല്‍കുന്നത്.


Tags:    

Similar News