25 വര്‍ഷത്തിനിടെ അമേരിക്ക ആക്രമിച്ചത് പത്ത് രാജ്യങ്ങള്‍; കൊല്ലപ്പെട്ടത് 47 ലക്ഷത്തോളം പേര്‍; യുദ്ധത്തിന്റെ പേരില്‍ യുഎസ് ചെലവാക്കിയത് 8 ലക്ഷം കോടി ഡോളറും! ഇറാന്‍ ആക്രമണത്തെ അനുകൂലിക്കുന്നത് 27 ശതമാനം അമേരിക്കക്കാര്‍ മാത്രം; ട്രംപിന്റെ നടപടിയോട് ഭൂരിഭാഗത്തിനും വിയോജിപ്പെന്ന് സി.എന്‍.എന്‍, റോയിട്ടേഴ്സ് സര്‍വേ

ട്രംപിന്റെ നടപടിയോട് ഭൂരിഭാഗത്തിനും വിയോജിപ്പെന്ന് സി.എന്‍.എന്‍, റോയിട്ടേഴ്സ് സര്‍വേ

Update: 2026-03-04 01:06 GMT

ന്യൂയോര്‍ക്ക്: തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ വേണ്ടി അമേരിക്ക നടത്തിയ യുദ്ധങ്ങള്‍ ലോകത്തിന് അറിവുള്ളതാണ്. ഇടക്കാലം കൊണ്ടാണ് അമേരിക്ക ഇത്തരം നടപടികളില്‍ നിന്നും മാറി നടന്നത്. എന്നാല്‍, ഇപ്പോള്‍ പുതിയ തലമുറയ്ക്ക് യുദ്ദത്തോട് പഴയ ആവേശമില്ലെന്നാണ് അമേരിക്കയില്‍ നിന്നുള്ള സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആള്‍നാശവും പണചിലവുമാണ് അമേരിക്കക്കാര്‍ ഇക്കാര്യത്തില്‍ മുഖം തിരിക്കാന്‍ കാരണം.

അമേരിക്ക 21-ാം നൂറ്റാണ്ടില്‍ 10 രാജ്യങ്ങളെ ആക്രമിക്കുന്നതിനായി 8 ട്രില്യണ്‍ ഡോളര്‍ ചെലവഴിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്യുനന്ത്. ഈ സൈനിക നീക്കങ്ങള്‍ നേരിട്ടും അല്ലാതെയും 47 ലക്ഷത്തോളം പേരുടെ മരണത്തിനും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കും കാരണമായി. 2001 ന് ശേഷം 2026 ല്‍ ഇറാനില്‍ വരെ എത്തിനില്‍ക്കുന്ന ആക്രമണങ്ങളുടെ നീണ്ട പട്ടികയാണ് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ പുറത്തുവിട്ടത്. മാറി മാറി അധികാരത്തിലേറിയ നാല് പ്രസിഡന്റുമാരുടെ കാലയളവിലാണ് അമേരിക്ക ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാന്‍, ഇറാഖ്, യെമന്‍, പാകിസ്ഥാന്‍, സൊമാലിയ, ലിബിയ, സിറിയ, വെനിസ്വേല, നൈജീരിയ, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് അമേരിക്ക പ്രധാനമായും സൈനിക ആക്രമണങ്ങള്‍ നടത്തിയത്. ഇതില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ മുതല്‍ വന്‍ സൈനിക ശേഷി ഉപയോഗിച്ച് നടത്തിയ അധിനിവേശം വരെയുണ്ട്. ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ 'വാട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട്' നടത്തിയ പഠനമനുസരിച്ച്, ഈ യുദ്ധങ്ങളില്‍ നേരിട്ടുള്ള ആക്രമണങ്ങളിലൂടെ 9,40,000 പേര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങള്‍ക്ക് ശേഷമുണ്ടായ കൊടുംപട്ടിണിയും, ചികിത്സ ലഭിക്കാതെയും ഗുരുതര രോഗം ബാധിച്ചുമുള്ള മരണങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ആകെ മരണസംഖ്യ 45 ലക്ഷത്തിനും 47 ലക്ഷത്തിനും ഇടയിലാണ്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ യുദ്ധങ്ങള്‍ക്കായി അമേരിക്ക ഏകദേശം 5.8 ട്രില്യണ്‍ ഡോളര്‍ ചിലവാക്കി. ഈ യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികരുടെ ചികിത്സയ്ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി 2.2 ട്രില്യണ്‍ ഡോളര്‍ കൂടി ചിലവ് പ്രതീക്ഷിക്കുന്നു. ഇതോടെ ആക്രമണങ്ങളുടെ പേരില്‍ അമേരിക്കയുടെ ആകെ ചിലവ് എട്ട് ലക്ഷം കോടി ഡോളറാണ്. 2026-ന്റെ തുടക്കത്തില്‍ ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ വീണ്ടും വലിയ യുദ്ധഭീതി ഉയര്‍ത്തിയിരിക്കുന്നതിനിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. ഭീകരവാദം തുടച്ചുനീക്കാനെന്ന പേരില്‍ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങള്‍ പല രാജ്യങ്ങളിലും കടുത്ത രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായി. ഇതിലൂടെ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ ഈ രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇറാന്‍ ആക്രമണത്തെ അനുകൂലിക്കുന്നത് 27% അമേരിക്കക്കാര്‍ മാത്രം

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനില്‍ നടത്തിയ ആക്രമണങ്ങളെ ഭൂരിഭാഗം അമേരിക്കന്‍ പൗരന്മാരും എതിര്‍ക്കുന്നുവെന്ന് അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകള്‍. സി.എന്‍.എന്‍, റോയിട്ടേഴ്സ് തുടങ്ങിയ പ്രമുഖ ഏജന്‍സികളാണ് സര്‍വേ നടത്തിയത്. സി.എന്‍.എന്‍ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 59 ശതമാനം അമേരിക്കക്കാരും ഇറാനെതിരെയുള്ള സൈനിക നടപടിയെ അംഗീകരിക്കുന്നില്ല. ഇതില്‍ തന്നെ 31 ശതമാനം പേര്‍ തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. റോയിട്ടേഴ്സ് സര്‍വേ പ്രകാരം യുദ്ധത്തിന് പിന്തുണ നല്‍കുന്നത് കേവലം 27 ശതമാനം ആളുകള്‍ മാത്രമാണ്.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വിഷയത്തില്‍ വ്യക്തമായ പദ്ധതി ഉണ്ടെന്ന് ജനം വിശ്വസിക്കുന്നില്ല. 60 ശതമാനം പേരും ട്രംപിന്റെ സൈനിക നീക്കങ്ങളില്‍ അവിശ്വാസം രേഖപ്പെടുത്തി. 62 ശതമാനം പേര്‍ വിശ്വസിക്കുന്നത് തുടര്‍നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ (അമേരിക്കന്‍ പാര്‍ലമെന്റ്) അനുമതി വേണമെന്നാണ്. നയതന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്ന് 39 ശതമാനം പേര്‍ കരുതുന്നു.

യു.എസും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണം മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഭൂരിഭാഗം പേരും ഭയപ്പെടുന്നു. 56 ശതമാനം പേര്‍ അമേരിക്കയും ഇറാനും തമ്മില്‍ ഒരു ദീര്‍ഘകാല സൈനിക സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നു. സൈനിക നടപടി ഇറാനെ കൂടുതല്‍ അപകടകാരിയാക്കുമെന്ന് 54 ശതമാനം പേര്‍ വിശ്വസിക്കുമ്പോള്‍, ഇറാന്റെ ഭീഷണി കുറയുമെന്ന് കരുതുന്നത് 28 ശതമാനം പേര്‍ മാത്രമാണ്. ഇറാനിലേക്ക് യുദ്ധത്തിനായി കരസേനയെ അയക്കുന്നതിനെ 60 ശതമാനം ആളുകളും ശക്തമായി എതിര്‍ക്കുന്നു.

വിഷയത്തില്‍ അമേരിക്കന്‍ ജനത രാഷ്ട്രീയമായി രണ്ട് തട്ടിലാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുയായികളില്‍ 77 ശതമാനം പേര്‍ ആക്രമണത്തെ പിന്തുണക്കുമ്പോള്‍, ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരിലും സ്വതന്ത്രരിലും ഭൂരിഭാഗം പേരും (80 ശതമാനത്തിലധികം) ഇതിനെ എതിര്‍ക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഇറാന്‍ നയത്തിനെതിരെ അമേരിക്കന്‍ ജനതക്കിടയില്‍ വലിയ പ്രതിഷേധമുണ്ടെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിദേശ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.

Tags:    

Similar News