അമൃതയില്‍ ചര്‍ച്ചയ്ക്ക് പോയി കിട്ടിയത് തല്ലെങ്കിലും മാനേജ്മെന്റിനെ മുട്ടുമടക്കിച്ച മാലാഖ കരുത്ത്; മദേഴ്സിലും ആസ്റ്ററിലും കിംസിലും ചരിത്ര വിജയം; സണ്‍ റൈസേഴ്സും വഴങ്ങി; യുഎന്‍എയുടേത് മാലാഖമാര്‍ക്കായുള്ള പോരാട്ടം; ക്രിസ്ത്യാനികള്‍ സൂക്ഷിക്കുക..... ജാസ്മിന്‍ ഷായെയും മറുനാടന്‍ ഷാജനെയും! മറ്റൊരു വ്യാജ പ്രചരണം പൊളിയുമ്പോള്‍
മറ്റൊരു വ്യാജ പ്രചരണം പൊളിയുമ്പോള്‍
കൊച്ചി: മറുനാടന്‍ ഷാജനേയും ജാസ്മിന്‍ ഷായേയും സൂക്ഷിക്കുക എന്ന സന്ദേശം ക്രൈസ്തവ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുമ്പോള്‍ അതിന് പിന്നിലെ ഗൂഡാലോചനയും പുറത്ത്. ക്രൈസ്തവ മാനേജ്മെന്റ് ആശുപത്രികളെ പൂട്ടിക്കാനാണ് യുണൈറ്റഡ് നേഴ്സ്സ് അസോസിയേഷന്‍ പ്രസിഡന്റായ ജാസ്മിന്‍ ഷാ ശ്രമിക്കുന്നതെന്നാണ് ആരോപണം. ഇതിന് കൂട്ടു നില്‍ക്കുകയാണ് മറുനാടന്‍ ഷാജന്‍. മറുനാടന്‍ ഷാജനും ജാസ്മിന്‍ ഷായും സുഡാപ്പികളാണെന്നും ക്രൈസ്തവ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. താമരശ്ശേരി രൂപതയിലെ സ്‌കൂള്‍ അധ്യാപികയായ അലീന ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഈ വാദങ്ങളെത്തിയത്.
താമരശ്ശേരി രൂപതയേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആ വാര്‍ത്തയെ മുക്കാനുള്ള ശ്രമം. ഇവിടേയും താമരശ്ശേരി രൂപതയാണ് കൂടുതല്‍ പിഴവു വരുത്തിയത്. ഈ വാര്‍ത്തയ്ക്കിടെയാണ് പാലാ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ ആശുപത്രിയിലെ നേഴ്സുമാരുടെ സമരം ചര്‍ച്ചകളിലേക്ക് വന്നത്. ഈ ആശുപത്രി ക്രൈസ്തവ മാനേജ്മെന്റിന്റേതായതു കൊണ്ടാണ് ജാസ്മിന്‍ ഷായുടെ നേതൃത്വത്തില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു വ്യാജ ആരോപണം. ഇതുമായി ബന്ധപ്പെട്ട് നിറം മാറി കളിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെയ്ത വീഡിയോയ്ക്ക് അടിയിലാണ് മറുനാടനേയും സുഡാപ്പിയാക്കിയത്. എന്നും ക്രിസംഘിയെന്ന് വിളിച്ച് കളിയാക്കുന്നത് കേട്ട് ശീലിച്ച മറുനാടന് ഇത് മറ്റൊരു അനുഭവമായി. ഇതിനൊപ്പം ജാസ്മിന്‍ ഷായുമായി ബന്ധപ്പെട്ട ആരോപണ കുറിപ്പും വ്യാജ സ്വത്ത് സമ്പാദനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിച്ചു. സുഡാപ്പി പണമാണ് ഇതിന് പിന്നിലെന്ന വ്യാജ ആരോപണവും. ഇതിനെല്ലാം മറുനാടന്‍ കൂട്ടു നില്‍ക്കുന്നുവെന്ന ആക്ഷേപവും. ഈ സാഹചര്യത്തിലാണ് എന്താണ് സത്യമെന്ന് മറുനാടന് വീഡിയോയിലൂടെ വിശദീകരിക്കേണ്ടി വന്നത്.
ക്രൈസ്തവ മാനേജ്മെന്റ് ആശുപത്രികളില്‍ മാത്രമാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ സമരമെന്നാണ് വ്യാജ പ്രചരണം. ഏറ്റവും കുറച്ചു സമരം യുഎന്‍എ നടത്തിയത് ക്രൈസ്തവ മാനേജ്മെന്റ് ആശുപത്രികളിലാണ്. എവിടെ നേഴ്സുമാര്‍ നീതി തേടുന്നുവോ അവിടെ അവരെത്തും. തൃശൂരിലെ മദര്‍ ആശുപത്രിയിലായിരുന്നു ആദ്യ പ്രധാന സമരം. ഡോ ഹക്കിമ്മിന്റേതായിരുന്നു ആ ആശുപത്രി. കിംസിലും ആസ്റ്ററിലും ലേക് ഷോറിലും കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രി, കൊടുങ്ങല്ലൂരിലെ സിസിഎംകെ ഇതിനൊപ്പം പെരിന്തല്‍മണ്ണയിലെ മദേഴ്സ് കെയറിലും എംഇഎസിലും മൗലാനയിലും കാക്കനാട്ടെ സണ്‍ റൈസ് ആശുപത്രിയിലും സമരം നടത്തി. ഈ ആശുപത്രി മാനേജ്മെന്റുകളെ പരിശോധിച്ചാല്‍ അതിന് പിന്നില്‍ ആരുടേതാണ് കൂടുതല്‍ മാനേജ്മെന്റ് എന്ന് മനസ്സിലാകും. ഇതില്‍ സണ്‍ റൈസസ് ആശുപത്രിയിലായിരുന്നു ചരിത്ര സമരം. ഇപ്പോള്‍ സണ്‍ റൈസ് ആശുപത്രിക്ക് വേണ്ടിയാണ് പാലാ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ ആശുപത്രിയിലെ സമരം എന്നാണ് ആരോപണം. ഇതിലെ വസ്തുത അതിവിചിത്രമാണ്. അവിടെ സമരമൊന്നും നടന്നിട്ടില്ല. ഡിമാന്റ് നോട്ടീസ് നല്‍കുകയാണ് ചെയ്തത്.
കരാര്‍ നിയമനവും ട്രെയിനികളെ നിയോഗിക്കലും നേഴ്സിംഗ് മേഖലയില്‍ പാടില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ യുഎന്‍എയുടെ സമരമായിരുന്നു. പാലായിലെ ആശുപത്രിയില്‍ ഇതു രണ്ടും ഉണ്ടെന്ന് മനസ്സിലാക്കി ഇതിനെതിരെ ഡിമാന്‍ഡ് നോട്ടീസ് നല്‍കുകയാണ് യൂണിറ്റ് സെക്രട്ടറി ചെയ്തത്. എന്നാല്‍ അഞ്ചു കൊല്ലം പൂര്‍ത്തിയായ ഈ യൂണിറ്റ് സെക്രട്ടറിയും കരാര്‍ നിയമനമായിരുന്നു. ഡിമാന്‍ഡ് നോട്ടീസ് നല്‍കിയ ഈ നേതാവിനെ ആശുപത്രി കരാര്‍ പുതുക്കാതെ പുറത്താക്കി. അഞ്ചു കൊല്ലം തുടര്‍ച്ചയായി ജോലി ചെയ്ത യുഎന്‍എയുടെ പ്രാദേശിക നേതാവിന് താന്‍ കരാര്‍ നിയമനം ആയിരുന്നുവെന്ന് പോലും അറിയില്ലായിരുന്നു. ഈ പുറത്താക്കലിനെതിരെ അവിടെത്തെ നേഴ്സുമാര്‍ പ്രതികരിച്ചു പ്രതിഷേധിച്ചു.
അല്ലാതെ അവിടെ വലിയൊരു സമരമൊന്നും ഉണ്ടായിട്ടില്ല. മിനിമം വേതനവും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന ആവശ്യം മാത്രമാണ് അവിടെ ഉയര്‍ത്തിയത്. ഈ നീതികരിക്കാവുന്ന പ്രതിഷേധത്തിനെയാണ് വളച്ചൊടിക്കുകയും അത് ജാസ്മിന്‍ഷായുടെ ക്രൈസ്തവ വിരുദ്ധ അജണ്ടയാക്കി മാറ്റുന്നതും. ഇത് വാര്‍ത്തയും വിവാദവും ആയപ്പോഴാണ് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ ഈ വിഷയം ശ്രദ്ധിക്കുന്നത്. ഇതോടെ പാലായിലെ മറ്റ് ആശുപത്രികളിലും യൂണിറ്റ് തുടങ്ങാനും യുഎന്‍എ തീരുമാനിച്ചു. കേരളത്തിലെ 476 ആശുപത്രികളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന സംഘടനായാണ് യുഎന്‍എ. വെറും 3000 രൂപയ്ക്ക് കേരളത്തിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നേഴ്സുമാരുണ്ടായിരുന്നു. ഈ നേഴ്സുമാരുടെ കണ്ണീരിന് ഉത്തരം നല്‍കിയാണ് ഈ സംഘടന ഉയര്‍ന്നത്.
നേഴ്സിംഗ് പഠിച്ച് കേരളത്തിലെ തുച്ഛമായ വേതനത്തില്‍ കുടുംബം പോറ്റാനാകാതെ അന്യനാട്ടിലേക്ക് പോയവരാണ് മലയാളി നേഴ്സുമാര്‍. മുംബൈയിലെ നേഴ്സിന്റെ ആത്മഹത്യയും അവരുടെ കുറിപ്പുമാണ് മലയാളി മാലാഖമാരുടെ അവസ്ഥ ചര്‍ച്ചയാക്കിയത്. ഇതിന് പിന്നാലെയാണ് യുണൈറ്റഡ് നേഴ്സ് അസോസിയേഷന്റെ തുടക്കം. അന്ന് വിദേശത്ത് ജോലി ചെയ്തിരുന്ന ജാസ്മിന്‍ ഷാ ആ നേതൃത്വത്തിലുണ്ടായിരുന്നില്ല. ഇതിനിടെയാണ് അമൃതയിലെ നേഴ്സുമാര്‍ ശമ്പളത്തിന് വേണ്ടി സമരം തുടങ്ങിയത്. അവര്‍ക്ക് വേണ്ടി യൂണിയന്‍ ഡിമാന്‍ഡ് നോട്ടീസ് നല്‍കി. യൂണിയനെ അമൃത ചര്‍ച്ചയ്ക്ക് വിളിച്ചു. ചര്‍ച്ചയ്ക്ക് പോയവരെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. അന്ന് അവധിയ്ക്ക് നാട്ടിലെത്തിയ ജാസ്മിന്‍ ഷായും സുഹൃത്തുക്കളുടെ ആവശ്യ പ്രകാരം ചര്‍ച്ചയ്ക്കായി പോയി.
അന്ന് അവിടെ ഗുണ്ടാ വിളയാട്ടമായിരുന്നു. ഒരു നേതാവിന്റെ കാല്‍ തല്ലിയൊടിച്ചു. ജാസ്മിന്‍ ഷായ്ക്കും കിട്ടി മര്‍ദ്ദനം. ഈ മര്‍ദ്ദനം കേരളം വേദനയോടെ ഏറ്റെടുത്തു. അമൃത സമരത്തിന് മുന്നില്‍ മുട്ടുമടക്കി. ഇതിന് ശേഷം ജാസ്മിന്‍ ഷാ നേതൃത്വം ഏറ്റെടുത്തു. കേരളത്തിലാകെ സംഘടനയെ വളര്‍ത്തി. മാലാഖമാര്‍ക്ക് മാന്യമായ തൊഴില്‍ സാഹചര്യവും കേരളത്തിലുണ്ടായി. മറുനാടന്റെ മനസ്സ് നേഴ്സുമാര്‍ക്കൊപ്പമാണ്. അവര്‍ക്ക് വേണ്ടി നിലയറുപ്പിക്കുന്നതിനാല്‍ യൂണൈറ്റ്ഡ് നേഴ്സസ് അസോസിയേഷനേയും ഉപാധികളില്ലാതെ പിന്തുണയ്ക്കുന്നു. അതു തുടരുകയും ചെയ്യും.