തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് നന്ദി പറയുന്നു; രാത്രിയിലെ പ്രാര്‍ത്ഥനാ വേളയില്‍ പോപ്പിന്റെ ശബ്ദസന്ദേശം പുറത്തു വിട്ട് വത്തിക്കാന്‍; മാര്‍പ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിച്ച് പോപ്പിന് ചികില്‍സ തുടരുന്നു

Update: 2025-03-07 06:18 GMT

റോം: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് റോമിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിച്ച്് കൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയ ശബ്ദസന്ദേശം വത്തിക്കാന്‍ പുറത്തുവിട്ടു. പകല്‍ ഓക്സിജന്‍ മാസ്‌ക്ക് മാര്‍പ്പാപ്പ ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ മാസം പതിനാലിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് ശേഷം ഇതാദ്യമായിട്ടാണ് മാര്‍പ്പാപ്പയുടെ ശബ്ദം പുറത്തു വരുന്നത്. ശബ്ദസന്ദേശത്തില്‍ തനിക്ക് വേണ്ട് പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മാര്‍പ്പാപ്പ നന്ദി അറിയിച്ചു. തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് നന്ദി പറയുന്നു എന്നാണ് പോപ്പിന്റെ ഹ്രസ്വമായ ശബ്ദസന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലെ പ്രാര്‍ത്ഥനാ വേളയിലാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴസ് സ്‌ക്വയറില്‍ ഈ ശബ്ദസന്ദേശം പുറത്തു വിട്ടത്.

മാതൃഭാഷയായ സ്പാനിഷിലാണ് മാര്‍പ്പാപ്പ സന്ദേശം നല്‍കിയത്. എല്ലാവരയേും ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് ഈ ശബ്ദസന്ദേശം പുറത്തു വിട്ടത്. ആരോഗ്യ നില മെച്ചപ്പെട്ടു എങ്കിലും മാര്‍പ്പാപ്പയുടെ ചികിത്സ ഇപ്പോഴും തുടരുകയാണ്.

മാര്‍പ്പാപ്പയുടെ ആരോഗ്യത്തെ കുറിച്ചുള്ള അടുത്ത മെഡിക്കല്‍ ബുള്ളറ്റിന്‍ ഇനി ശനിയാഴ്ച മാത്രമേ പുറത്തുവിടുകയുള്ളൂ എന്നാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ജെമേലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പോപ്പിന്റെ ആരോഗ്യനില വഷളായത് ആശങ്ക ഉയര്‍ത്തിയിരുന്നു. അന്ന് രണ്ട് തവണ അദ്ദേഹത്തിന് ശ്വാസതടസം നേരിട്ടിരുന്നു. ഏറ്റവും ഒടുവിലായി വത്തിക്കാന്‍ വെളിപ്പെടുത്തിയത് മാര്‍പ്പാപ്പയുടെ പനിബാധ മാറിയെന്നും രക്ത പരിശോധനയില്‍ പ്ര്ശനങ്ങള്‍ ഒന്നും കണ്ടെത്തിയില്ല എന്നുമായിരുന്നു.

എന്നാല്‍ അദ്ദേഹം അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ല എന്നാണ് ഡോക്ടര്‍മാരും വ്യക്തമാക്കിയത്. ഇന്നലെ ഫ്രാന്‍സി,് മാര്‍പ്പാപ്പ പൂര്‍ണമായും വിശ്രമിക്കുക ആയിരുന്നു. മാര്‍പ്പാപ്പയെ ഏറെ നാളായി അലട്ടിയിരുന്ന മുട്ടുവേദനക്കായി ഫിസിയോ തെറാപ്പിയും നടത്തിയിരുന്നു. രാത്രി കാലങ്ങളില്‍ അദ്ദേഹത്തിന് വെന്റിലേറ്റര്‍ സഹായവും നല്‍കുന്നുണ്ട്. മാര്‍പ്പാപ്പ എത്ര നാള്‍ ആശുപത്രിയില്‍ തുടരേണ്ടിവരും എന്ന കാര്യം ഇനിയും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല.

Tags:    

Similar News