ഷൈനിക്കൊരു ജോലി നല്‍കാന്‍ സഭയ്ക്ക് കഴിയുമായിരുന്നു; സഭാ നേതൃത്വം ഒരു രീതിയിലും ഇടപെട്ടില്ല; ക്‌നാനായ പള്ളികളില്‍ പ്രതിഷേധം; ആ കുടുംബത്തിന് നീതി നിഷേധിച്ചത് ആര്?

Update: 2025-03-09 04:59 GMT

കോട്ടയം: ഏറ്റുമാനൂരില്‍ മക്കളുമായി തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യചെയ്ത ഷൈനിയ്ക്കും കുട്ടികള്‍ക്കും നീതിയൊരുക്കാന്‍ പള്ളിയിലും പ്രതിഷേധം. ഷൈനിയുടേയും മക്കളുടേയും മരണത്തില്‍ ഏറ്റുമാനൂരിലെ സെന്റ് തോമസ് ക്‌നാനായ പള്ളിയില്‍ ഞായറാഴ്ച രാവിലെ വിശ്വാസികള്‍ പ്രതിഷേധിച്ചു. ഷൈനിക്കും കുട്ടികള്‍ക്കും നീതി കിട്ടണണം. പന്ത്രണ്ട് വാതിലുകള്‍ക്ക് പോയി മുട്ടിയെങ്കിലു ഒരു വാതിലുപോലും അവര്‍ക്ക് തുറന്നു കൊടുത്തില്ല. അത് ക്‌നാനായ സമൂഹത്തിന് തന്നെ നാണക്കേടാണ്, വിശ്വാസികള്‍ പറഞ്ഞു. അതിനിടെ ഈ മരണത്തിന്റെ ഉത്തരവാദി സഭയാണെന്ന കുറ്റപ്പെടുത്തലും സജീവമാണ്.

ഏറ്റുമാനൂരിലെ സെന്റ് തോമസ് ക്‌നാനായ പള്ളിയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ പള്ളിയിലും പ്രതിഷേധം ഉയര്‍ന്നുവെന്നതും നിര്‍ണ്ണായകമാണ്. വിശ്വാസികള്‍ അടക്കം വിരല്‍ ചൂണ്ടുന്നത് നോബിയുടെ കുടുംബത്തിനുള്ള സാമ്പത്തിക കരുത്തും പള്ളിയിലുള്ള സ്വാധീനവും ഷൈനിയെ പ്രതിസന്ധിയിലാക്കിയെന്നാണ്. ഗുരുതര വീഴ്ചയാണ് ക്നാനായ സഭയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ പള്ളി ഇടവകയിലെ പ്രതിഷേധക്കാര്‍ പറഞ്ഞു. ഷൈനിക്കൊരു ജോലി നല്‍കാന്‍ സഭയ്ക്ക് കഴിയുമായിരുന്നു. സഭാ നേതൃത്വം ഒരു രീതിയിലും ഇടപെട്ടില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മരിച്ച ഷൈനിയും മക്കളായ അലീനയും ഇവാനയും തൊടുപുഴ ചുങ്കം ക്നാനായ പള്ളിയിലെ അംഗങ്ങളാണ്. ഷൈനിയുടെയും മക്കളുടെയും ദാരുണാന്ത്യത്തിന് ഇടയാക്കിയ സംഭവത്തില്‍ മള്ളുശ്ശേരി സെന്റ്. തോമസ് ക്നാനായപ്പള്ളി ഇടവക സമൂഹം പള്ളിയില്‍ അനുശോചന യോഗം ചേര്‍ന്ന ശേഷമാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

ഷൈനിയും കരിങ്കുന്നത്തെ കുടുംബശ്രീ പ്രസിഡന്റ് ഉഷയും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണം പുറത്തുവന്നു. തന്റെ പേരില്‍ കുടുംബശ്രീയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വഴിയില്ലെന്നാണ് ഷൈനി ഉഷയോട് പറയുന്നത്. സ്വന്തം ആവശ്യത്തിനെടുത്ത വായ്പയല്ല അതെന്നും ഭര്‍ത്താവ് പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും സംഭാഷണത്തില്‍ ഷൈനി പറയുന്നു. ഈ വായ്പ അടക്കം പള്ളിക്കാര്‍ക്ക് അറിയാമായിരുന്നു. പക്ഷേ നീതിയൊരുക്കാന്‍ അവര്‍ ഒന്നും ചെയ്തില്ല. 'രണ്ടുമാസം കഴിഞ്ഞല്ലോ നീ ലോണടയ്ക്കില്ലേ' എന്ന് കുടുംബശ്രീ പ്രസിഡന്റ് ചോദിച്ചപ്പോള്‍, കേസ് നടക്കുകയല്ലേ ആലോചിച്ചിട്ട് പറയമാമെന്നാണ് തന്നോട് ഭര്‍ത്താവ് നോബി ലൂക്കോസ് പറഞ്ഞതെന്നും താനിപ്പോള്‍ ഒന്നും ചെയ്യാന്‍കഴിയാത്ത അവസ്ഥയിലാണെന്നും ഷൈനി മറുപടി പറഞ്ഞു. ഷൈനിയുടെ പേരില്‍ ഭര്‍ത്താവ് നോബിയുടെ അച്ഛനമ്മമാര്‍ കുടുംബശ്രീയില്‍നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍, അത് തിരിച്ചടച്ചിരുന്നില്ല. വിവാഹമോചന കേസ് അവസാനിച്ചാല്‍ മാത്രമേ പണം നല്‍കൂ എന്നാണ് ഭര്‍ത്താവ് ഷൈനിയോട് പറഞ്ഞിരുന്നത്. ഷൈനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍സംഭാഷണം.

ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഏറ്റുമാനൂരിലെ വീട്ടില്‍ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഷൈനി മരിച്ചതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബിയുടെ മൊഴി. മദ്യലഹരിയില്‍ നോബി ഷൈനിയോട് നടത്തിയ ഫോണ്‍ സംഭാഷണമാണ് ജീവനൊടുക്കുന്നതിന് കാരണം എന്നതാണ് പൊലീസിന്റെ നിഗമനം. ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഡിജിറ്റല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.

ബിഎസ്സി നഴ്‌സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെ ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തു എന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ നോബിയെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയിരുന്നു.

Tags:    

Similar News