ആകെയുള്ള 12 ടോയ്ലെറ്റുകളില്‍ 11ഉം പ്രവര്‍ത്തന രഹിതം; ഷിക്കാഗോയില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചു പറന്നത് അഞ്ചു മണിക്കൂര്‍ യാത്ര പിന്നിട്ട ശേഷം; എയര്‍ ഇന്ത്യയുടെ മോശം വിമാനങ്ങള്‍ ഇന്ത്യയെ നാണം കെടുത്തുന്നത് തുടരുമ്പോള്‍
ഷിക്കോഗോ: സ്വകാര്യ മേഖലയില്‍ എത്തിയതോടെ എയര്‍ ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുമെന്നായിരുന്നു പ്രതീക്ഷ. ആദ്യമാദ്യം ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി എയര്‍ ഇന്ത്യയെ കുറിച്ച് പരതികള്‍ ഉയരുന്നത് പതിവായിട്ടുണ്ട്. അതില്‍ ഏറ്റവും അവസാനം വന്നിരിക്കുന്നത് തികച്ചും നാണം കെടുത്തുന്ന ഒന്നാണ്. ഷിക്കാഗോയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം അഞ്ച് മണിക്കൂര്‍ പറന്നതിനു ശേഷം തിരികെ പറക്കാന്‍ ഇടയായി എന്നതാണ് അത്.
അതിനുള്ള കാരണമാണ് വിചിത്രം. വിമാനത്തിനുള്ളില്‍ ആകെയുള്ള 12 ശുചിമുറികളില്‍ 11 എണ്ണവും ബ്ലോക്ക് ആയി എന്നതാണ് കാരണം. 35,000 അടി ഉയരത്തില്‍ വെച്ച് ശുചിമുറികള്‍ പ്രവര്‍ത്തനരഹിതമായി വിമാനം ഷിക്കാഗോയിലേക്ക് തിരികെ പറന്നതോടെ വിമാനത്തിലുണ്ടായിരുന്ന മുന്നൂറോളം യാത്രക്കാരുടെ കാര്യം ദുരിതത്തിലായി. ഷിക്കാഗോയിലെ ഓ ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഏഇ 126 വിമാനത്തിനാണ് ഈ ദുര്യോഗമുണ്ടായത്.
അഞ്ചു മണിക്കൂറോളം പറന്നതിനു ശേഷമായിരുന്നു മറ്റൊരു അഞ്ചു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മടക്കയാത്രക്ക് വിമാനം തുനിഞ്ഞത്. ആകെ ബിസിനസ്സ് ക്ലാസ്സിലുള്ള ഒരു ശുചിമുറി മാത്രമായിരുന്നു പ്രവര്‍ത്തനക്ഷമമായി ഉണ്ടായിരുന്നത്. ഇതോടെ എക്കോണമി ക്ലാസ്സിലെ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം അവരുടെ ആവശ്യം നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായതെന്ന് വ്യൂ ഫ്രം ദി വിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെയ്സ്റ്റ് പൈപ്പിനകത്ത് പ്ലാസ്റ്റിക്കും തുണിയും നിറഞ്ഞതാണ് പ്രശ്നകാരണമായതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്തിനകത്ത് ജീവനക്കാര്‍ പ്രശ്നം അറിയിക്കുമ്പോള്‍ പരിഭ്രാന്തരാകുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, ചില സാങ്കേതിക തകരാറ് മൂലം വിമാനം തിരിച്ചു വിട്ടു എന്ന് പറഞ്ഞ് പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കാനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നത്. തിരിച്ച് ഷിക്കാഗോയില്‍ എത്തിയ ഉടന്‍ തന്നെ യാത്രക്കാരെ സാധാരണ പോലെ വിമാനത്തില്‍ നിന്നും ഇറക്കുകയും അവര്‍ക്ക് ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കുകയും ചെയ്തതായും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും , അത് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഫുള്‍ റീഫണ്ട് നല്‍കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഒരു വിമാനത്തിലെ ഒന്നോ രണ്ടോ ശുചിമുറികള്‍ ഇത്തരത്തില്‍ ബ്ലോക്ക് ആകുന്നത് അസാധാരണമായ ഒരു കാര്യമല്ലെന്നും, എന്നാല്‍, ഇത്രയും എണ്ണം ഒരുമിച്ച് പ്രവര്‍ത്തന രഹിതമാകുന്നത് തികച്ചും അസംഭവ്യമായ കാര്യമാണെന്നുമാണ് വ്യോമയാന വിദഗ്ധനായ മാര്‍ക്ക് മാര്‍ട്ടിന്‍ പറയുന്നത്.