കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം ഉണ്ടായെന്ന് പറയാന്‍ കഴിയില്ലെന്ന് കൂടല്‍മാണിക്യം ദേവസ്വം; കഴകക്കാരന്‍ ബാലുവോ മറ്റാരെങ്കിലുമോ ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല; ആ ക്ഷേത്രത്തില്‍ സംഭവിച്ചത് എന്ത്?

Update: 2025-03-11 05:16 GMT

തൃശൂര്‍ :ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം ഉണ്ടായെന്ന് പറയാന്‍ കഴിയില്ലെന്ന് കൂടല്‍മാണിക്യം ദേവസ്വം. കഴകക്കാരന്‍ ബാലുവോ മറ്റാരെങ്കിലുമോ ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. തന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബാലുവിനെ ഓഫീസിലേക്ക് മാറ്റിയത്. തൊഴില്‍ ക്രമീകരണത്തിന്റെ ഭാഗമായി മാറ്റിയ നിലവിലെ ജോലിയില്‍ ഇനി തുടരാനാവില്ല. ബാലുവിന്റെ താല്‍പര്യത്തിനനുസരിച്ചുള്ള ജോലിക്ക് അപേക്ഷ നല്‍കിയാല്‍ സര്‍ക്കാരിലേക്ക് കൈമാറും. തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണെന്നും ദേവസ്വം ചെയര്‍മാന്‍ സി. കെ. ഗോപി പ്രതികരിച്ചു.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരന്‍ ആകാന്‍ ഇനിയില്ലെന്ന് ബാലു വിശദീകരിച്ചിട്ടുണ്ട്. താന്‍ കാരണം ഇനി ഒരു പ്രശ്‌നമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനം. തന്റെ നിയമനത്തില്‍ തന്ത്രിമാര്‍ക്ക് താല്‍പ്പര്യമില്ല എന്നറിഞ്ഞത് വിഷമം ഉണ്ടാക്കി. തസ്തിക മാറ്റിയുള്ള ഉത്തരവ് ലഭിച്ചപ്പോഴാണ് അത് അറിയുന്നത്. പതിനേഴാം തീയതി തിരികെ ജോലിയില്‍ പ്രവേശിക്കും. വര്‍ക്കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി തന്ന ഓഫീസ് ജോലി ചെയ്‌തോളാമെന്നും ബാലു വ്യക്തമാക്കി.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാണ് ബാലുവിന് നിയമനം ലഭിച്ചത്. തന്ത്രി, വാര്യര്‍ സമാജം എതിര്‍പ്പിനെ തുടര്‍ന്നാണ് കഴകക്കാരനെ മാറ്റിയതെന്നാണ് ആരോപണം. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാര്‍ ദേവസ്വത്തിന് കത്തുനല്‍കിയെന്നും വാര്‍ത്തകളെത്തി. എന്നാല്‍, സ്ഥലംമാറ്റം താല്‍ക്കാലികമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഇതിനൊപ്പമാണ് ആരും രേഖാമൂലം പരാതി നല്‍കിയില്ലെന്ന വിശദീകരണം ദേവസ്വം പ്രസിഡന്റ് നടത്തുന്നത്.

ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതല്‍ ബാലുവിനെ മാറ്റുന്ന മാര്‍ച്ച് 7 വരെ തന്ത്രി കുടുംബങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്നും വിട്ടുനിന്നു. ഈഴവ സമുദായത്തില്‍പ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിര്‍പ്പിന് കാരണമെന്നായിരുന്നു ആക്ഷേപം. അതിനിടെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിച്ച ജീവനക്കാരനെ ദിവസങ്ങള്‍ക്കകം ഓഫീസിലേക്ക് മാറ്റി നിയമിച്ചത് ജാതിയുടെ പേരിലാണോ എന്ന് കൂടല്‍മാണിക്യം ദേവസ്വം വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന ദേവസ്വം ഭരണസമിതി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം. ദേവസ്വം ബോര്‍ഡ് നിയമിച്ച കഴകക്കാരനെ തന്ത്രിമാരുടെ പേര് പറഞ്ഞ് മാറ്റി നിയമിച്ചത് ജാതിയുടെ പേരില്‍ വിവാദമുണ്ടാക്കി ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ്. ജാതികളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ വെമ്പുന്ന കുറുക്കന്റെ മനസാണ് ഇതിന്റെ പിന്നില്‍.ജാതിയുടെ പേരിലുള്ള ഒരു വിവേചനവും അംഗീകരിക്കാനാവില്ല. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കൂട്ടാക്കാത്തവര്‍ സമൂഹത്തില്‍ ഒറ്റപ്പെടും. കര്‍മം കൊണ്ട് യോഗ്യരായ ആര്‍ക്കും ബ്രാഹ്‌മണ്യമാര്‍ജിക്കാമെന്ന പാലിയം വിളംബരത്തിന്റെ അന്തഃസത്തക്ക് ചേരാത്ത നിലപാടില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതി ജാതി വിവേചനത്തെ അംഗീകരിച്ചത് അക്ഷന്തവ്യമായ അപരാധമാണ്. ദേവസ്വം ബോര്‍ഡിന് ധാര്‍മികമായി തുടരാന്‍ അര്‍ഹതയില്ല. ജാതി വ്യത്യാസത്തിനെതിരെ വീമ്പിളക്കുന്നവര്‍ ഒരു ഭാഗത്ത് ജാതിവിവേചനം പ്രോത്സാഹിപ്പിച്ച് ജാതിസ്പര്‍ദ്ധ സൃഷ്ടിക്കുകയും വളര്‍ന്നുവരുന്ന ഹിന്ദു ഏകീകരണത്തെ തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിക്കുകയുമാണ്. ഹൈന്ദവ ഐക്യത്തിന് വിഘാതമായി നില്‍ക്കുന്ന ഏത് വ്യവസ്ഥയേയും ഹിന്ദു ഐക്യവേദി ശക്തമായി എതിര്‍ക്കും.

ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്ന നിലപാടുകള്‍ ആരും സ്വീകരിക്കരുത്. സമന്വയത്തിലൂടെയും സമവായത്തിലൂടെയുമാണ് സാമാജിക സമരസത ഉണ്ടാകേണ്ടത്. ജാതിയുടെ പേരിലാണ് കഴകക്കാരനെ മാറ്റി നിയമിച്ചതെങ്കില്‍ ആ തീരുമാനം പിന്‍വലിച്ച് ആത്മാഭിമാനത്തോടെ കഴകമായിത്തന്നെ ജോലി ചെയ്യാന്‍ ആ ജീവനക്കാരനെ അനുവദിക്കണമെന്നും ബാബു ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം

Similar News