ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; പ്രതി നോബി ലൂക്കോസിന് ജാമ്യം നല്‍കരുതെന്ന് പൊലീസ്; നോബി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത; മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ സംഘം

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; പ്രതി നോബി ലൂക്കോസിന് ജാമ്യം നല്‍കരുതെന്ന് പൊലീസ്

Update: 2025-03-11 12:27 GMT

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്. പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് ഏറ്റുമാനൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കും. നോബി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നോബി ലൂക്കോസിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തെളിവുകള്‍ ശേഖരിക്കണമെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ഇന്നലെ ജാമ്യപേക്ഷയില്‍ വാദം കേട്ട കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനേട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഫെബ്രുവരി 28നാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും(11), ഇവാനയും(10) മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭര്‍ത്താവ് നോബി ലൂക്കോസുമായി വേര്‍പിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്.

പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നില്‍ നിന്ന് ജീവനൊടുക്കുകയായിരുന്നു. നിര്‍ത്താതെ ഹോണ്‍ മുഴക്കി വന്ന ട്രെയിനിന് മുന്നില്‍ നിന്നും മൂവരും മാറാന്‍ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു. നഴ്‌സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമവും ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഷൈനിയും കരിങ്കുന്നത്തെ കുടുംബശ്രീ പ്രസിഡന്റ് ഉഷയും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണവും നേരത്തെ പുറത്തുവന്നിരുന്നു. തന്റെ പേരില്‍ കുടുംബശ്രീയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വഴിയില്ലെന്നാണ് ഷൈനി ഉഷയോട് പറയുന്നത്. സ്വന്തം ആവശ്യത്തിനെടുത്ത വായ്പയല്ല അതെന്നും ഭര്‍ത്താവ് പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും സംഭാഷണത്തില്‍ ഷൈനി പറയുന്നു.

'രണ്ടുമാസം കഴിഞ്ഞല്ലോ നീ ലോണടയ്ക്കില്ലേ' എന്ന് കുടുംബശ്രീ പ്രസിഡന്റ് ചോദിച്ചപ്പോള്‍, കേസ് നടക്കുകയല്ലേ ആലോചിച്ചിട്ട് പറയമാമെന്നാണ് തന്നോട് ഭര്‍ത്താവ് നോബി ലൂക്കോസ് പറഞ്ഞതെന്നും താനിപ്പോള്‍ ഒന്നും ചെയ്യാന്‍കഴിയാത്ത അവസ്ഥയിലാണെന്നും ഷൈനി മറുപടി പറഞ്ഞു.

ഷൈനിയുടെ പേരില്‍ ഭര്‍ത്താവ് നോബിയുടെ അച്ഛനമ്മമാര്‍ കുടുംബശ്രീയില്‍നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍, അത് തിരിച്ചടച്ചിരുന്നില്ല. വിവാഹമോചന കേസ് അവസാനിച്ചാല്‍ മാത്രമേ പണം നല്‍കൂ എന്നാണ് ഭര്‍ത്താവ് ഷൈനിയോട് പറഞ്ഞിരുന്നത്. ഷൈനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍സംഭാഷണം. ഷൈനിയുടേയും മക്കളുടേയും മരണത്തില്‍ ഏറ്റുമാനൂരിലെ സെന്റ് തോമസ് ക്നാനായ പള്ളിയില്‍ ഞായറാഴ്ച രാവിലെ വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു.

ഷൈനിക്കും കുട്ടികള്‍ക്കും നീതി കിട്ടണണം. പന്ത്രണ്ട് വാതിലുകള്‍ക്ക് പോയി മുട്ടിയെങ്കിലു ഒരു വാതിലുപോലും അവര്‍ക്ക് തുറന്നു കൊടുത്തില്ല. അത് ക്നാനായ സമൂഹത്തിന് തന്നെ നാണക്കേടാണ്, വിശ്വാസികള്‍ പറഞ്ഞു.

Tags:    

Similar News