പാകിസ്താനില്‍ ട്രെയിനില്‍ ബലൂച്ച് വിഘടനവാദികളുടെ വെടിവെപ്പ്; സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി വിവരം; 400ഓളം യാത്രക്കാരെ ബന്ദികളാക്കി; വിഘടനവാദികള്‍ റാഞ്ചിയത് ക്വറ്റയില്‍ നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ്

പാകിസ്താനില്‍ ട്രെയിനില്‍ ബലൂച്ച് വിഘടനവാദികളുടെ വെടിവെപ്പ്

Update: 2025-03-11 11:47 GMT

ലാഹോര്‍: പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയെടുത്ത് ബലൂച്ചിസ്ഥാന്‍ വിഘടനവാദികള്‍. തെക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് സംഭവം. 400ഓളം യാത്രക്കാരെ ഭീകരര്‍ ബന്ദികളാക്കിയെന്നാണ് വിവരം. ക്വറ്റയില്‍ നിന്നും പെഷവാറിലേക്കുള്ള യാത്ര തീവണ്ടിയിലാണ് സംഭവം. പെഹ്‌റോ കുനാരിക്കും ഗാദ്‌ലറിനും ഇടയിലാണ് സംഭവമുണ്ടായതെന്ന് ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്ദ് പറഞ്ഞു.

ആയുധധാരികളുടെ സംഘം എട്ടാം നമ്പര്‍ ടണില്‍വെച്ച് ട്രെയിന്‍ തടയുകയായിരുന്നു. ട്രെയിനിലുള്ള യാത്രക്കാരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പാകിസ്താന്‍ റെയില്‍വേ അറിയിച്ചു. എന്‍ജിന്‍ റൂമില്‍ കയറിയാണ് ഭീകരര്‍ വെടിവെച്ചതെന്നാണ് വിവരം. പാറകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ ട്രെയിന്‍ നിര്‍ത്തിയിട്ട സ്ഥലത്തേക്ക് എത്താന്‍ ബുദ്ധിമുട്ട് നേരിടുണ്ടെന്ന് ബലൂചിസ്താന്‍ ഭരണകൂടം അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തേക്ക് കൂടുതല്‍ ട്രെയിനുകള്‍ അയച്ചുവെന്ന് പാകിസ്താന്‍ ഭരണകൂടം അറിയിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ക്വറ്റ സിവില്‍ ആശുപത്രിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബന്ദികളില്‍ പാകിസ്താന്‍ മിലിട്ടറി, ആന്റി ടെററിസം ഫോഴ്‌സ് (എടിഎഫ്), ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഉദ്യോഗസ്ഥരുമുണ്ട്. ആക്രമണത്തിനിടയില്‍ യാത്രക്കാരിലെ സ്ത്രീകള്‍, കുട്ടികള്‍, ബലൂച് സ്വദേശികള്‍ എന്നിവരെ വിട്ടയച്ചതായും ബിഎല്‍എ പറയുന്നു. ബിഎല്‍എയുടെ ഫിദായീന്‍ യൂണിറ്റായ മജീദ് ബ്രി?ഗേഡാണ് ട്രെയിന്‍ അട്ടിമറി നടത്തിയത്. ബിഎല്‍എയുടെ ഇന്റലിജന്‍സ് വിങ്ങായ സിറാബ്, ഫതേ സ്‌ക്വാഡ് എന്നിവയുടെ പിന്തുണ ആക്രമണത്തിന് ലഭിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

2000 മുതല്‍ അഫ്ഗാനിസ്ഥാനിലെ ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിച്ചാണ് ഈ സായുധ സംഘടന പ്രവര്‍ത്തിക്കുന്നത്. പാകിസ്താനില്‍ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിരവധി ഭീകരാക്രമണങ്ങളുണ്ടായിരുന്നു. നവംബറിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ക്വറ്റ റെയില്‍വേ സ്റ്റേഷന് സമീപമാണ് അന്ന് ഭീകരാക്രമണമുണ്ടായത്.

Tags:    

Similar News