2019ല്‍ മരിച്ച സ്ത്രീ ഇന്നലെ യുകെ കോടതിയില്‍ വീഡിയോ ലിങ്കില്‍ പ്രത്യക്ഷപ്പെട്ടു; നാട്ടിലേക്ക് മടങ്ങിയ സ്ത്രീയുടെ യുകെയിലെ സ്വത്ത് കൈവശപ്പെടുത്താന്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്

Update: 2025-03-12 06:04 GMT

ലണ്ടന്‍: മരിച്ചു എന്ന് പ്രഖ്യാപിക്കപ്പെട്ട വനിത കോടതി വിചാരണയ്ക്കിടെ വീഡിയോ ലിങ്ക് വഴി പ്രത്യക്ഷപ്പെട്ട അത്ഭുത സംഭവം യുകെയില്‍. ലണ്ടനിലുള്ള തന്റെ 3,50,000 പൗണ്ട് വില വരുന്ന വീട് തട്ടിയെടുക്കുന്നതിനായി വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് വരെ തയ്യാറാക്കിയ തട്ടിപ്പുകാരനെ കോടതിയില്‍ തുറന്നു കാട്ടുന്നതിനായിരുന്നു നൈജീരിയയില്‍ നിന്നും ഇവര്‍ വീഡിയോ ലിങ്ക് വഴി വിചാരണയില്‍ പങ്കെടുത്തത്. 2019 ഫെബ്രുവരിയില്‍ ജൂണ്‍ ആഷിമോള എന്ന 55 കാരി തന്റെ സ്വദേശത്തു വെച്ചു മരിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ഇവരുടെ വീടിന്റെ അവകാശത്തിനായി തര്‍ക്കവും ഉയര്‍ന്നു.

എന്നാല്‍, താന്‍ ജീവിച്ചിരിക്കുന്നുവെന്നും, ഒരു തട്ടിപ്പിന് ഇരയായതാണെന്നും ഹൈക്കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിനായിട്ടായിരുന്നു ഇവര്‍ ജഡ്ജി ജോണ്‍ ലിന്‍വുഡിനു മുന്നില്‍ വീഡിയോ ലിങ്കില്‍ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ മരിച്ചതായി വ്യാജരേഖയുണ്ടാക്കുകയും, ഇവരുടെ വീടിന്റെ പവര്‍ ഓഫ് അറ്റോര്‍ണി, തട്ടിപ്പ് നടത്തിയ ടോണി ആഷികോഡി തന്റെ സഹായികളുടെ പേരില്‍ നല്‍കുകയും ചെയ്യുകയായിരുന്നു.

2018 ല്‍ ലണ്ടന്‍ വിട്ടുപോയ ആഷിമോള പിന്നീട് തിരിച്ചു വന്നില്ല. 2022 ഒക്ടോബറില്‍ ബാകേര്‍ ലാസിസ് എന്ന വ്യക്തിക്ക് വേണ്ടി, ഒരു റൂത്ത് സാമുവലിന്റെ പേരില്‍ ആഷിമോളയുടെ വീടിന്റെ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയായിരുന്നു. താന്‍ 1993 ല്‍ ആഷിമോളയെ വിവാഹം കഴിച്ചതാണ് എന്നായിരുന്നു ലാസിസി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇത് തട്ടിപ്പായിരുന്നു എന്നും ലാസിസി എന്ന വ്യക്തി ഇല്ലെന്നും കോടതിയില്‍ തെളിഞ്ഞു.

2019 ല്‍ വില്‍പ്പത്രം എഴുതി വയ്ക്കാതെ തന്നെ ആഷിമോള മരണമടഞ്ഞു എന്നായിരുന്നു കോടതിയില്‍ ബോധിപ്പിച്ചത്. അത് സാക്ഷ്യപ്പെടുത്തുന്നതിനായി മരണ സര്‍ട്ടിഫിക്കറ്റും ഹൈക്കോടതിയില്‍ ഹാജരാക്കീയിരുന്നു. ഇത് തികച്ചും വ്യാജമാണെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു. അനധികൃതമായി തന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അവര്‍ പറഞ്ഞു.

ഇവരുടെ സ്വത്തിനായി ദീര്‍ഘകാലമായി അവകാശം ഉന്നയിക്കുന്ന ടോണി ആഷികോഡി എന്ന വ്യക്തിയുടെ തട്ടിപ്പായിരുന്നു ഇതെല്ലാം എന്നും അവര്‍ പറഞ്ഞു.

Similar News