ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല; എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്; എന്തെങ്കിലും അറിഞ്ഞോ? സാമുവല്‍ സാറിനോട് ഒന്നു പറഞ്ഞേക്കെന്ന് ഓഡിയോ; ആ ഫോണ്‍ വിളി വ്യാജം; 'ബ്ലഡ് മണി' നല്‍കിയുള്ള മോചനം ഉടന്‍ വേണം; യെമനിലെ ജയിലില്‍ നിമിഷ പ്രിയ ആശങ്കയില്‍
ന്യൂഡല്‍ഹി: പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമനില്‍ ഒരുക്കം തുടങ്ങിയെന്ന് സംശയിക്കുന്ന ശബ്ദസന്ദേശം പുറത്തു വരുമ്പോള്‍ നിറയുന്നത് ആശങ്ക. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനര്‍ ജയന്‍ എടപ്പാളിന് നിമിഷപ്രിയയുടെ ശബ്ദസന്ദേശം ലഭിച്ചതായി വിവരം. കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഇനി അനിവാര്യതയാണ്. വധ ശിക്ഷാ വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു. 'ബ്ലഡ്മണി' നല്‍കി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല. ഇതിനിടെയാണ് പുതിയ ആശങ്ക.
തന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ജയിലിലെത്തിയിട്ടുണ്ടെന്ന് ഒരു അഭിഭാഷക അറിയിച്ചതായി നിമിഷപ്രിയ പറഞ്ഞെന്നാണ് ജയന്‍ എടപ്പാള്‍ അവകാശപ്പെടുന്നത്. റംസാന്‍ നൊയമ്പ് കഴിഞ്ഞാല്‍ എന്തിനും ഏതിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍ അനിവാര്യതയാകുന്നത്. ഇറാനില്‍ സമ്മര്‍ദ്ദം ചെലുത്തി യെമനില്‍ നിന്നും അനുകൂല തീരുമാനം എടുപ്പിക്കാനാണ് നീക്കം. അതിനിടെ നിമിഷപ്രിയയ്ക്ക് ലഭിച്ച ദുരൂഹ ഫോണ്‍കോള്‍ സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം വരുന്നുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് സനാ ജയില്‍ അധികൃതര്‍ അറിയിച്ചതായി യെമനിലെ ഇന്ത്യന്‍ എംബസിയാണ് സ്ഥിരീകരിച്ചത്. ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് വനിതാ അഭിഭാഷകയുടേത് എന്ന പേരില്‍ ഫോണ്‍കോള്‍ ലഭിച്ചതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഇന്ത്യന്‍ എംബസിയുടെ വിശദീകരണം.
യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. സനയിലെ ജയിലിലാണ് നിമിഷപ്രിയയുള്ളത്. ജയില്‍ ഹൂത്തി നിയന്ത്രണത്തിലാണ് വിവരം. വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായെന്ന് അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശം. വധശിക്ഷയുടെ തീയതി തീരുമാനിച്ചതായി അഭിഭാഷക പറഞ്ഞെന്ന് നിമിഷപ്രിയ വ്യക്തമാക്കിയിരുന്നു. അമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് നിമിഷപ്രിയ, അഭിഭാഷകയുടെ ഫോണ്‍കോള്‍ വന്ന വിവരം അറിയിച്ചത്.
''അരമണിക്കൂര്‍ മുന്‍പ് ഒരു ഫോണ്‍ കോള്‍ വന്നു. അതൊരു ലോയര്‍ സ്ത്രീയുടേതാണ്. ജയില്‍ ഓഫിസിലേക്കു വിളിച്ചിട്ട് നിമിഷപ്രിയയുമായി സംസാരിക്കണമെന്നു പറഞ്ഞു. ചര്‍ച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവര്‍ ചോദിച്ചു. ഒന്നുമായില്ല, കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴാണ് അവര്‍ പറഞ്ഞത് വധശിക്ഷയുടെ ഓര്‍ഡര്‍ ഇവിടെ ജയില്‍ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവല്‍ സാറിനോട് ഒന്നു പറഞ്ഞേക്ക്.'' ശബ്ദസന്ദേശത്തില്‍ നിമിഷ പറഞ്ഞു. എന്നാല്‍ ആരാണ് ഈ വനിതാ അഭിഭാഷക എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, റമസാന്‍ മാസത്തില്‍ നടപടിക്ക് സാധ്യതയില്ലെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനും മോചനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ആളുമായ സാമുവല്‍ ജെറോം പ്രതികരിച്ചിരുന്നു.
2009 ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്‌സായി യെമനില്‍ ജോലിക്കെത്തിയത്. 2012 ല്‍ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകള്‍ മിഷേല്‍ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകള്‍ക്കായി 2014ല്‍ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തു കൂടിയായിരുന്ന തലാല്‍ അബ്ദുമഹ്ദിയും നാട്ടിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്‌പോണ്‍സറാക്കി യെമനില്‍ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭര്‍ത്താവിനുമുണ്ടായിരുന്നു. നിമിഷയും തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനില്‍ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല.
2015ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ പറയുന്നു. ക്ലിനിക്കിലെ യെമന്‍ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേര്‍ന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു.