'മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി? കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാന്‍ അവഹേളിക്കുന്നു'; എമ്പുരാനെതിരെ സീറോ മലബാര്‍ സഭ
എമ്പുരാനെതിരെ സീറോ മലബാര്‍ സഭ
കൊച്ചി: എമ്പുരാന്‍ സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ. സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങള്‍ക്കെതിരെന്ന് സീറോ മലബാര്‍ സഭ കുറ്റപ്പെടുത്തി. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാന്‍ അവഹേളിക്കുന്നുണ്ടെന്ന് സഭ ആരോപിച്ചു. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ബോധപൂര്‍വ്വമാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും സീറോ മലബാര്‍ സഭ അറിയിച്ചു.
മോഹന്‍ലാലിന്റെ ഖേദ പ്രകടനത്തെ കുറിച്ചും സീറോമലബാര്‍ സഭ നിലപാട് വ്യക്തമാക്കി. മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി എന്നും നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നുണ്ടെന്നും സീറോ മലബാര്‍ സഭ അറിയിച്ചു. അണിയറ പ്രവര്‍ത്തകരാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. വിനോദോപാധിയെ വിവാദോപാധിയാക്കരുതെന്നും സഭ കുറ്റപ്പെടുത്തി.
അതേസമയം ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തോട് സീറോമലബാര്‍ സഭ പ്രതികരിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനോട് പ്രതികരണമില്ല എന്നാണ് സഭ വ്യക്തമാക്കിയത്. സഭാ വിശ്വാസങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന സിനിമകള്‍ തുടര്‍ച്ചയായി വരുന്നുണ്ടെന്നും ഇത് സഭയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും സഭ വ്യക്തമാക്കി.
എമ്പുരാന്‍ സിനിമക്കെതിരെ കടുത്ത വിമര്‍ശനമാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ഉന്നയിച്ചത്. എമ്പുരാനില്‍ ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങളുണ്ടെന്നാണ് ഇന്നലെ ജിതിന്‍ ജേക്കബിന്റെ ലേഖനത്തില്‍ എഴുതിയത്. ക്രിസ്തീയ വിശ്വാസികളുടെ ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യം. ദൈവപുത്രന്‍ തന്നെ തെറ്റുചെയ്യുമ്പോള്‍ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാന്‍ എന്ന സംഭാഷണത്തെ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
ക്രിസ്തീയ വിശ്വാസത്തില്‍, 'ദൈവപുത്രന്‍' മറ്റാരുമല്ല, ലോകത്തിന്റെ പാപങ്ങള്‍ വഹിച്ചുകൊണ്ട് മനുഷ്യരാശിയെ വീണ്ടെടുക്കാന്‍ കുരിശില്‍ കയറിയ മിശിഹായായ യേശുക്രിസ്തുവാണ്. അപ്പോള്‍, എമ്പുരാന്റെ എഴുത്തുകാരന്റെ അഭിപ്രായത്തില്‍ ക്രിസ്തു എന്ത് 'പാപം' ചെയ്തു? ദൈവം അയച്ചതായി കരുതപ്പെടുന്ന ഈ 'കറുത്ത മാലാഖ' ആരാണ്? ഏറ്റവും പ്രധാനമായി, ഏത് ക്രിസ്തീയ തിരുവെഴുത്തിലാണ് ഈ ആശയം നിലനില്‍ക്കുന്നത്?' എന്നാണ് പുതിയ ലേഖനത്തില്‍ ചോദിക്കുന്നത്.
ഈ ലേഖനം സോഷ്യല്‍ മീഡിയയില്‍ പലവിധത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ലേഖനത്തെ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ രംഗത്തുവന്നു. ഈ പശ്ചാത്തലത്തില്‍ ലേഖനത്തില്‍ കൂടുതല്‍ വിശദീകരണവുമായി ലേഖകന്‍ ജിതിന്‍ രംഗത്തുവന്നു. സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് അദ്ദേഹം കൂടുതല്‍ വിശദീകരണം നല്‍കിയത്. സിനിമയില്‍ ഏറ്റവും കൂടുതല്‍ അവഹേളിച്ചിരിക്കുന്നത് ക്രിസ്ത്യന്‍ വിശ്വാസങ്ങളെയാണെന്നാണ് ജിതിന്‍ വിശദീകരിക്കുന്നത്. എമ്പുരാന്‍ എന്ന പേര് തന്നെ ഒളിച്ചു കടത്തല്‍ ആണ്. ക്രിസ്ത്യാനികള്‍ ദൈവത്തെ തമ്പുരാനെ എന്ന് വിളിച്ച് ദിവസവും പ്രാര്‍ത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രധാനമായും ക്രിസ്ത്യന്‍ വിശ്വാസികളെ ഉദ്ദേശിച്ച് ഉള്ളതാണ് പോസ്റ്റ് എന്നാണ് ജിതിന്‍ വിശദീകരിക്കുന്നത്.