സമരം ചെയ്യുന്നവര്‍ക്ക് വേണ്ടത് 'ഒത്തുതീര്‍പ്പ് മനസ്ഥിതി'. തൊഴിലാളി വിപ്ലവത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന മലയാളിക്ക് മുമ്പില്‍ പുതിയ കാല തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിന് വേണ്ടത് എന്തെന്ന് പറയുന്ന ഐഎന്‍ടിയുസി നേതാവ്; ആശമാര്‍ ആരോപിക്കുന്നതും ചന്ദ്രശേഖരന്‍ വിശദീകരിക്കുന്നതും ഒന്നാകുമ്പോള്‍

Update: 2025-04-05 06:59 GMT

തിരുവനന്തപുരം: സമരം ചെയ്യുന്നവര്‍ക്ക് വേണ്ടത് 'ഒത്തുതീര്‍പ്പ് മനസ്ഥിതി'. തൊഴിലാളി വിപ്ലവത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന മലയാളിക്ക് മുമ്പില്‍ പുതിയ കാല തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിന് വേണ്ടത് എന്തെന്ന് പറയുകയാണ് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍. ആശ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ ഒത്തുതീര്‍പ്പ് മനസ്ഥിതിയില്ലാത്തവരാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തുമ്പോള്‍ സമരത്തിന് ഇറങ്ങുന്ന സാധാരണക്കാരെ ഈ 'ഒത്തുതീര്‍പ്പ് മനസ്ഥിതി' ദോഷം ചെയ്യുന്നുവോ എന്ന സംശയമാണ് ഉയരുന്നത്. അവകാശങ്ങള്‍ പിടിച്ചു വാങ്ങുന്ന തൊളിലാളി സമര മോഡലിനെ തള്ളി പറയുകയാണ് ഐഎന്‍ടിയുസി നേതാവെന്നാണ് ഉയരുന്ന വിലയിരുത്തല്‍.

ആശാസമര സമിതി ഐഎന്‍ടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നുവെന്നും ഐഎന്‍ടിയുസി നേതാവ് കുറ്റപ്പെടുത്തി. പാവപ്പെട്ട ആശമാരെ അവരുടെ നേതാക്കള്‍ കഷ്ടപ്പെടുത്തുകയാണ്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവച്ചത് ഐഎന്‍ടിയുസിയല്ല. പഠനസമിതി നല്ലതെന്ന് ആദ്യം പറഞ്ഞത് സിഐടിയുവാണ്. ആശാ സമരപ്പന്തലില്‍ പോകാഞ്ഞത് സമയക്കുറവ് കൊണ്ടാണ്. സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കേണ്ട കാര്യം ഐഎന്‍ടിയുസിക്കില്ലെന്നും ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം, ട്രേഡ് യൂണിയനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആശ സമരസമിതി രംഗത്തെത്തി. മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചര്‍ച്ചയില്‍ ട്രേഡ് യൂണിയനുകള്‍ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്ന് ആശ സമര സമിതി നേതാവ് മിനി വിമര്‍ശിച്ചു. എന്നാല്‍ ഈ വഞ്ചനാപരമായ നിലപാട് എന്ന ആരോപണത്തെയാണ് 'ഒത്തുതീര്‍പ്പ് മനസ്ഥിതി'യിലൂടെ ചന്ദ്രശേഖര്‍ പ്രതിരോധിക്കുന്നത്.

ആശമാരുടെ വേതനം വര്‍ധിപ്പിക്കാന്‍ പഠനസമിതി എന്ന ആവശ്യം മുന്നോട്ടു വച്ചത് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനാണ്. ബാക്കിയുള്ളവര്‍ ആ ആവശ്യത്തെ ആവേശത്തോടെ പിന്തുണച്ചു. നാല് പ്രധാന ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് തങ്ങളെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചു. മുന്‍ധാരണയോടെയാണ് ആര്‍. ചന്ദ്രശേഖരന്‍ ഉള്‍പ്പടെ ചര്‍ച്ചയ്ക്ക് എത്തിയത്. എന്നാല്‍ തങ്ങള്‍ നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയെന്ന് ഇപ്പോള്‍ അവര്‍ പറയുന്നതെന്നും മിനി കുറ്റപ്പെടുത്തി. 3000 രൂപയെങ്കിലും ഓണറേറിയം കൂട്ടാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും മിനി വിശദീകരിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന രാപ്പകല്‍ സമരം 55ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

നിരാഹാര സമരം തുടരുകയാണ്. മന്ത്രിയുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സമര സമിതി അറിയിച്ചെങ്കിലും ഇനി ചര്‍ച്ച നടത്തേണ്ടെ കാര്യമില്ലെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. ഓണറേറിയം വര്‍ധന അടക്കം പഠിക്കാന്‍ കമ്മിറ്റി രൂപീകരണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. കമ്മിറ്റി നിയോഗിക്കാനുള്ള തീരുമാനത്തെ സിഐടിയുവും ഐഎന്‍ടിയുസിയും പിന്തുണച്ചിരുന്നു. സമരം ചെയ്യുന്ന ആശമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ വെയ്ക്കാമെന്ന നിര്‍ദേശത്തെ മന്ത്രിതല ചര്‍ച്ചയില്‍ ആശമാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ മറ്റ് നാല് യൂണിയനുകളും അംഗീകരിച്ചു. സമരത്തെ പിന്തുണയ്ക്കുന്നു എന്ന് പറയുമ്പോഴും ഐഎന്‍ടിയുസി എന്തുകൊണ്ട് സര്‍ക്കാരിനൊപ്പം നില്‍ക്കുന്നു എന്ന് അറിയില്ലെന്നും മിനി പറഞ്ഞു. ഈ ആരോപണമാണ് മറ്റൊരു തലത്തില്‍ 'ഒത്തുതീര്‍പ്പ് മനസ്ഥിതി'യെന്ന വാക്കിലൂടെ ചന്ദ്രശേഖരനും സമ്മതിക്കുന്നത് എന്ന വിലയിരുത്തല്‍ സജീവമാണ്.

ട്രേഡ് യൂണിയനുകള്‍ ആശാ സമരം പൊളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ചന്ദ്രശേഖരന്‍ മറുപടി നല്‍കുന്നുണ്ട് . കമ്മീഷനെ വെക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത് ഐഎന്‍ടിയുസി അല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്ത പരിഹരിക്കണമെന്നും പ്രഖ്യാപനങ്ങള്‍ അല്ല ഉറപ്പുകളാണ് വേണ്ടതെന്നും ആശാ സമര സമിതി നേതാക്കള്‍ പറയുന്നു.

Tags:    

Similar News