നാഷണല്‍ ഹെറാല്‍ഡ് കേസില്‍ ഇഡിക്ക് തിരിച്ചടി; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം; സോണിയക്കും രാഹുലിനും നോട്ടീസ് അയക്കാന്‍ പറ്റില്ലെന്ന് കോടതി; കേസ് മെയ് രണ്ടിലേക്ക് മാറ്റി
നാഷണല്‍ ഹെറാല്‍ഡ് കേസില്‍ ഇഡിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് റോസ് അവന്യൂ കോടതിയില്‍ കനത്ത തിരിച്ചടി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഒന്നാംപ്രതിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായ കേസില്‍ വ്യക്തമായ രേഖകള്‍ നല്‍കാതെ നോട്ടീസ് അയയ്ക്കാന്‍ പറ്റില്ല എന്ന് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് മെയ് രണ്ടിലേക്ക് മാറ്റി.
2012 നവംബറില്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ച നാഷണല്‍ ഹെറാല്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി കഴിഞ്ഞ ആഴ്ച പ്രോസിക്യൂഷന്‍ കംപ്ലെയിന്റ് നല്‍കിയത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം ഏഴുപ്രതികളെക്കുറിച്ചാണ് കുറ്റപത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. കുറ്റപത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ള പ്രതികള്‍ക്ക് ഇന്ന് നോട്ടീസ് അയയ്ക്കണം എന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.
കേസില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇഡിയോട് ഇന്ന് നിര്‍ദ്ദേശിക്കുകായിരുന്നു. നോട്ടീസ് നല്‍കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയ കോടതി, കേസ് മെയ് രണ്ടിന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട വ്യക്തമായ രേഖകള്‍ ഹാജരാക്കാതെ, ബോധ്യം വരാത്ത കാര്യത്തില്‍ നോട്ടീസ് അയയ്ക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. ഹര്‍ജിയിലെ പിഴവുകള്‍ തിരുത്തുകയും കൃത്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്താല്‍ മാത്രമേ നോട്ടീസ് അയയ്ക്കാന്‍ കഴിയുള്ളൂ എന്ന നിലപാടാണ് റോസ് അവന്യു ജില്ലാ കോടതി അറിയിച്ചിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത് മെയ് രണ്ടിലേക്ക് മാറ്റിയത്. 2000 കോടി രൂപയുടെ സ്വത്തുക്കള്‍ 50 ലക്ഷം രൂപ നല്‍കി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും 38% വീതം ഓഹരികളുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുത്തു എന്നതാണ് നാഷണല്‍ ഹെറാല്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതി. ഇതുമായി ബന്ധപ്പെട്ട ഒരു സിവില്‍ ക്രിമിനല്‍ കംപ്ലെയിന്റ് കോടതിയുടെ പരിഗണനയിലുണ്ട്.
കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സ്വത്ത് കണ്ടുകെട്ടലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിന് രജിസ്ട്രാര്‍മാര്‍ക്ക് ഇഡി നോട്ടീസ് അയച്ചിരുന്നു. ഡല്‍ഹി, മുംബൈ, ലക്‌നൗ എന്നിവിടങ്ങളിലായി എജെഎല്ലിന്റെ 700 കോടിയിലധികം വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടു കെട്ടിയത്. മുംബൈയിലെ നാഷണല്‍ ഹെറാള്‍ഡ് കെട്ടിടത്തിലെ വാടകക്കാര്‍ക്കും ഇഡി നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടത്തിന്റെ വാടക ഇനി മുതല്‍ ഇഡി ഡയറക്ടറുടെ പേരില്‍ അടക്കണമെന്നാണ് കെട്ടിടം വാടകയ്ക്ക് എടുത്ത ജിന്‍ഡാല്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയത്.