ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇരച്ചു കയറി; ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ കസ്റ്റഡിയില്‍ എടുക്കല്‍; സത്യസന്ധമായ വാര്‍ത്തകളെ ചെറുക്കാനായി നല്‍കിയ പരാതിയിലെ നടപടിയില്‍ നിറയുന്നത് ഗൂഢാലോചന; ഈ രാത്രി അറസ്റ്റ് സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനം
ഈ രാത്രി അറസ്റ്റ് സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനം
തിരുവനന്തപുരം: വ്യക്തികളെ അറസ്റ്റ് ചെയ്യല്‍, നോട്ടീസ് നല്‍കല്‍ തുടങ്ങിയവയിലെ നടപടിക്രമങ്ങളില്‍ സുപ്രീംകോടതിയുടെ മാര്‍ഗരേഖകള്‍ കര്‍ശനമായി പാലിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം നല്‍കിയത് 2023ലാണ്. പൊലീസിന്റെ ഉത്തരവാദിത്തങ്ങളും പൗരന്മാരുടെ അവകാശങ്ങളും വിവരിച്ചുള്ള പുതുക്കിയ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പുറത്തിറക്കുകയായിരുന്നു പോലീസ് മേധാവി. ഈ ഉത്തരവുകളെല്ലാം പാഴാക്കുന്ന തരത്തിലായിരുന്നു മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്കെതിരായ സൈബര്‍ സിഐയുടെ നടപടികള്‍.
രാത്രിയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഷാജന്‍ സ്‌കറിയയെ ഷര്‍ട്ട് പോലും ഇടാതെ പോലീസ് പിടിച്ചു കൊണ്ടു പോയി. അതും ആരാണ് പരാതിക്കാരി. പരാതിക്കാരിയുടെ പശ്ചാത്തലം. ആ പരാതിയില്‍ കഴമ്പുണ്ടോ തുടങ്ങിയതൊന്നും പരിശോധിക്കാതെയായിരുന്നു അറസ്റ്റ്. ഒരു രാത്രി ഒരാളെ വെറുതെ പോലീസ് സ്റ്റേഷനില്‍ ഇരുത്തുക എന്ന കുതന്ത്രം. അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം എന്നാണ് സൂചന.
ഒരാളെ അറസ്റ്റ് ചെയ്താല്‍ പോലീസിന് വേണമെങ്കില്‍ മെഡിക്കല്‍ പരിശോധന നടത്തി മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിക്കാം. രാത്രിയില്‍ പലപ്പോഴും ഇതെല്ലാം പോലീസ് ചെയ്യാറുണ്ട്. എന്നാല്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്താല്‍ 24 മണിക്കൂറിനകം മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയാല്‍ മതിയെന്ന ചട്ടവുമുണ്ട്. മജിസ്ട്രേട്ടിന് മുന്നിലെത്തിയാല്‍ ജാമ്യം കിട്ടുമെന്ന് പോലീസിന് തന്നെ തോന്നുന്ന കേസുകളില്‍ പ്രതി സര്‍ക്കാരിന്റെ ശത്രുവാണെങ്കില്‍ രാത്രി അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുന്ന തന്ത്രമുണ്ട്.
ഇതേ രീതിയാണോ ഇവിടെ പിന്തുടരുകയെന്നും സംശയമുണ്ട്. ഏതായാലും കൊടും ക്രിമിനലുകള്‍ക്ക് പോലും കാണിക്കാത്ത തരത്തിലായിരുന്നു ഷാജന്‍ സ്‌കറിയയുടെ രാത്രി അറസ്റ്റ്. കുടപ്പനക്കുന്നിലെ സ്വന്തം വീട്ടില്‍ നിന്നാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്തത്.
24 ന്യൂസിന്റെ വാര്‍ത്ത ഇങ്ങനെയാണ്-അപകീര്‍ത്തികരമായി വാര്‍ത്ത നല്‍കി എന്ന പരാതിയില്‍ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു. മാഹി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറുനാടന്‍ മലയാളി ചാനല്‍ വഴി നല്‍കിയ വാര്‍ത്ത വ്യക്തിപരമായ ജീവിതത്തെ ബാധിച്ചു എന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരം സൈബര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്.-ഇതാണ് 24 ന്യൂസിന്റെ വാര്‍ത്ത.
എട്ടരയ്ക്ക് ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അറസ്റ്റ് നടന്നു. 10 മണിക്ക് മുമ്പ് അറസ്റ്റും രേഖപ്പെടുത്തി. ഇതില്‍ എവിടെയാണ് കൂടുതല്‍ ചോദ്യം ചെയ്യല്‍ എന്നതാണ് പൊതു സമൂഹം ഉയര്‍ത്തുന്ന ചോദ്യം.