ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ജോണ്‍സ് ഹോപ്കിന്‍സ് അമേരിക്കയിലെ ആദ്യത്തെ ഗവേഷണ സര്‍വകലാശാല; അവിടെ പോയി പ്രഭാഷണം നടത്താനുള്ള വീണാ ജോര്‍ജിന്റെ മോഹം പൊളിഞ്ഞു; ആരോഗ്യമന്ത്രിയ്ക്ക് കേന്ദ്രത്തിന്റെ യാത്രാനുമതിയില്ല; സാമ്പത്തിക പ്രതിസന്ധിയ്‌ക്കൊപ്പം യുദ്ധ സാഹചര്യവും ചര്‍ച്ചകളില്‍
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താന് കഴിയില്ല. ഇതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചുവെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഏത് സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് കേന്ദ്രം വിശദീകരിച്ചിട്ടില്ല.
സര്‍വകലാശാല പ്രഭാഷണത്തിനു മന്ത്രിയെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രത്തോടു യാത്രാ അനുമതി തേടിയത്. മന്ത്രിയുടെ യാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതി നിഷേധിച്ചു കൊണ്ട് പ്രഭാഷണത്തിനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ തടയുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് അനുമതി തേടിയത്. എന്നാല്‍ മൂന്ന് ദിവസം മുമ്പ് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നുവെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ആ സാഹചര്യത്തില്‍ മന്ത്രിക്ക് പോകാനാകില്ല. മുമ്പും പല മന്ത്രിമാര്‍ക്ക് ഇത്തരത്തില്‍ അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല സന്ദര്‍ശിക്കാന്‍ കേന്ദ്രം അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രംഗത്തു വരികയും ചെയ്തു. സന്ദര്‍ശനം നിഷേധിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്നും കാരണം എന്താണെന്ന് അറിയില്ല, മുന്‍പ് മന്ത്രി പി രാജീവിനുള്‍പ്പെടെ സമാന അനുഭവം ഉണ്ടായിട്ടുണ്ടല്ലോ എന്നും വീണാ ജോര്‍ജ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആരോഗ്യ ഗവേഷണ സര്‍കലാശാലയാണ് ജോണ്‍സ് ഹോപ്കിന്‍സ്. 1876 ല്‍ സ്ഥാപിതമായ, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ജോണ്‍സ് ഹോപ്കിന്‍സ് അമേരിക്കയിലെ ആദ്യത്തെ ഗവേഷണ സര്‍വകലാശാലയാണ്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതുകൂടി കണക്കിലെടുത്താണ് തീരുമാനം എന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യാ-പാക്കിസ്ഥാന്‍ സംഘര്‍ഷവും മന്ത്രിയുടെ വിദേശ യാത്രാനുമതി നല്‍കുന്നതിന് തടസ്സമായി എന്നാണ് സൂചന. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം വിദേശ സന്ദര്‍ശനം നടത്തുമ്പോള്‍ കേന്ദ്രാനുമതി അനിവാര്യതയാണ്. രാജ്യ താല്‍പ്പര്യങ്ങള്‍ പരിശോധിച്ചാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.