ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക്; ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ പട്ടണങ്ങളെല്ലാം കനത്ത ജാഗ്രതയില്‍; വെടിനിര്‍ത്തല്‍ ലംഘിച്ചതോടെ നാണംകെട്ടത് അമേരിക്ക; ചൈനയുടെ സമ്മര്‍ദ്ദത്തിന് പാക്കിസ്ഥാന്‍ വഴങ്ങിയെന്ന് വിലയിരുത്തല്‍; നാളത്തെ ചര്‍ച്ച നിര്‍ണ്ണായകം; തീവ്രവാദികളെ വിട്ടു നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെടും
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ അമേരിക്ക അപമാനിതരായി. ഡെണാള്‍ഡ് ട്രംപിന്റെ നയതന്ത്ര വിജയമാണെന്ന അമേരിക്കയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയായി പാക് നടപടി. ഇന്നത്തെ പകലും രാത്രിയും നിര്‍ണായകമാണ്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷവും അതീവ ജാഗ്രതയില്‍ രാജ്യം. പാകിസ്ഥാന്‍ വീണ്ടും പ്രകോപനം ആവര്‍ത്തിച്ച സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോണ്‍ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. കശ്മീരിലെ അടക്കം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ പട്ടണങ്ങളെല്ലാം രാത്രി മുഴുവന്‍ കനത്ത ജാഗ്രത തുടര്‍ന്നു. അതിര്‍ത്തി മേഖലയിലടക്കം സൈന്യം കനത്ത ജാഗ്രത തുടരുകയാണ്. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ കരാറിന് സമ്മതിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ലോകത്തെ ആദ്യം അറിയിച്ചത്. അമേരിക്കയുമായുള്ള രാത്രി നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് ധാരണയിലെത്തി. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാക്കിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്ന് ട്രംപ് എക്‌സില്‍ കുറിച്ചിരുന്നു. അമേരിക്കയുടെ തയതന്ത്ര വിജയമെന്ന തരത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും വിവരങ്ങള്‍ പങ്കുവച്ചിരുന്നു. പിന്നാലെ പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ സ്ഥിരീകരിച്ചു. ഇന്ത്യയും വെടിനിര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും പിന്നില്‍ മൂന്നാം കക്ഷിയില്ലെന്ന് വ്യക്തമാക്കി. അമേരിക്കയുടെ നീക്കങ്ങളെ അഭിനന്ദിച്ച് വിവിധ രാഷ്ട്രങ്ങള്‍ രംഗത്തെത്തി. എന്നാല്‍, ഇതിനൊക്ക മണിക്കൂറുകളുടെ ആയുസ് മാത്രമാണ് ഉണ്ടായത്. അമേരിക്കയുടെ വാക്കിന് പുല്ലുവില കല്‍പ്പിച്ച് പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളിലേക്ക് ഡ്രോണുകള്‍ വര്‍ഷിച്ചു. വെടിനിര്‍ത്തലിനുശേഷമുള്ള പാക് പ്രകോപനം ഇന്ത്യ-പാക് സംഘര്‍ഷം തുടങ്ങിയത് മുതല്‍ അനുനയ നീക്കങ്ങള്‍ക്ക് ശ്രമിച്ച ട്രംപിനേറ്റ കനത്ത തിരിച്ചടിയായി. ഈ സംഘര്‍ഷത്തിന്റെ പല ഘട്ടങ്ങളിലും അമേരിക്ക പാക്കിസ്ഥാനെ പരോക്ഷമായെങ്കിലും അനുകൂലിക്കുന്ന തരത്തിലേക്ക് പോയി. അതുകൊണ്ട് കൂടിയാണ് അമേരിക്ക കൂടുതല്‍ നാണംകെട്ടത്. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയുടെ പ്രതികരണം നിര്‍ണ്ണായകമാണ്. പാകിസ്ഥാന്റേത് അംഗീകരിക്കാനാവാത്ത നിലപാടെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തോടെ സ്ഥിതിഗതികള്‍ അടിയന്തരമായി കേന്ദ്രം ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് പ്രധാനമന്ത്രിയെ കണ്ടു. ഏത് ആക്രമണത്തെയും ചെറുക്കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കി. അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. അതേസമയം, വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇന്ത്യ സംയമനത്തിലേക്ക് പോയത്. അതിനിടെ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിന് പിന്നില്‍ ചൈനയാണെന്ന് സൂചനകളുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനു പിന്നാലെ പാക്കിസ്ഥാന് പിന്തുണയുമായി ചൈന രംഗത്ത് എത്തി. പാക്ക് വിദേശകാര്യ മന്ത്രി ഇഷാഖ് ധറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ചൈനയുടെ പിന്തുണ പാക്കിസ്ഥാനെ അറിയിച്ചത്. വെടിനിര്‍ത്തല്‍ കരാറിനു ശേഷമുള്ള മേഖലയിലെ സ്ഥിതിഗതികളെ കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും പാക്കിസ്ഥാന്‍ ചൈനയോട് വിശദീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ പരമാധികാരം, സ്വാതന്ത്ര്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ചൈന എന്നും ഒപ്പം നില്‍ക്കുമെന്നും വാങ് യി ഇഷാഖ് ധറിനോട് പറഞ്ഞതായാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭാഷണത്തിന് തൊട്ടുപിന്നാലെ, പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ച് പ്രസ്താവനയും പുറത്തിറക്കി. പാക്കിസ്ഥാന്റെ സംയമനത്തെ ചൈന അംഗീകരിക്കുന്നുവെന്നും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഉത്തരവാദിത്തത്തോടെ പെരുമാറിയ സമീപനത്തെ അഭിനന്ദിക്കുന്നുവെന്നും വാങ് യി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാനുമായും ഇഷാഖ് ധര്‍ സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയും ചൈനയുമാണ് പാക്കിസ്ഥാനൊപ്പമുള്ളതെന്നാണ് ഇന്ത്യയും വിലയിരുത്തുന്നത്.
അതിനിടെ ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് പോവുകയാണ്. വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണ് പാകിസ്ഥാന്‍ നടത്തിയതെന്ന് രാത്രി വൈകി വാര്‍ത്താ സമ്മേളനം വിളിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഇത് ഗൗരവമായ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ മിലിട്ടറി ഓപ്പറേഷന്‍ ഡിജിയും ഇന്ത്യയുടെ ഡിജിഎംഒയും നടത്തിയ ചര്‍ച്ചയിലാണ് ഇന്നലെ വെടിനിര്‍ത്തല്‍ ധാരണയില്‍ ഇരുരാജ്യങ്ങളും എത്തിയത്. നാളെ ഇതുസംബന്ധിച്ച ചര്‍ച്ചക്കായി ഡിജിഎംഒ തല കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. അതിനിടയിലാണ് പാകിസ്ഥാന്‍ പ്രകോപനം ആവര്‍ത്തിച്ചത്. ഡിജിഎം തല കൂടിക്കാഴ്ചയില്‍ ഇന്ത്യ തീവ്രവാദികളെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടും. ഇത് പാക്കിസ്ഥാന്‍ അംഗീകരിക്കുമോ എന്നതാണ് ഇനി നിര്‍ണ്ണായകം. ഏതായാലും അമേരിക്ക ഇനി പാക്കിസ്ഥാന് വേണ്ടി സംസാരിക്കില്ലെന്ന് ഇന്ത്യ വിലയിരുത്തുന്നുണ്ട്.
നഗ്രോത്ത കരസേന ക്യാമ്പിനുനേര നടന്ന ആക്രമണത്തില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പൂഞ്ച് മേഖലയിലും ജനജീവിതം സാധാരണനിലയിലേക്ക് പോവുകയാണ്. രാത്രി വെടിവെയ്‌പ്പോ ഡ്രോണ്‍ ആക്രമണമോ ഉണ്ടായില്ല. പഞ്ചാബിലെ പഠാന്‍കോട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ച് തുടങ്ങി. ഗുജറാത്തിലെ പാകിസ്ഥാനിലെ അതിര്‍ത്തിയിലും സ്ഥിതി ശാന്തമാണ്. ഇന്നലെ രാത്രി ഒരുമണിക്ക് ശേഷം അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊച്ചു ജില്ലയിലെ സൈനിക കേന്ദ്രങ്ങള്‍ക്കുള്ള അതീവ സുരക്ഷ ഇപ്പോഴും തുടരുകയാണ്. രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളില്‍ പുലര്‍ച്ചെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്ന ബാര്‍മര്‍, ജയ്‌സാല്‍മീര്‍ എന്നിവിടങ്ങളില്‍ ജാഗ്രത തുടരുകയാണ്. ഇന്നലെ രാത്രിയില്‍ വെടി നിര്‍ത്തല്‍ ധാരണ ലംഘിച്ച പാകിസ്ഥാന് ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. അതിര്‍ത്തി കടന്നെത്തിയ നിരവധി പാക് ഡ്രോണുകള്‍ വെടിവെച്ചിട്ടു. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പലയിടത്തും പാക് ഡ്രോണുകളെത്തി. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സുരക്ഷ മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്നലെ പൂര്‍ണ ബ്ലാക് ഔട്ട് ഏര്‍പ്പെടുത്തിയിരുന്നു.
നഗ്രോട്ടയില്‍ സൈനിക യൂണിറ്റിന് നേരെയുണ്ടായ ഭീകര ആക്രമണ നീക്കം സൈന്യം തകര്‍ത്തു. വെളളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യ പാക് സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സൈനിക നടപടികള്‍ നിര്‍ത്തിവെച്ചതായി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് പാക്കിസ്ഥാന്‍ അത് ലംഘിച്ചു. എന്നാല്‍ ഒരു മണിക്കൂര്‍ നീണ്ട പ്രകോപനത്തിന് ശേഷം പാക്കിസ്ഥാന്‍ എല്ലാത്തില്‍ നിന്നും പിന്മാറി.