'ഇന്ദിരഗാന്ധിയുടെ കാലത്ത് പാക്കിസ്ഥാന് അണുബോംബ് ഇല്ല; അണുബോംബ് ഉള്ള ഒരു രാജ്യത്ത് കയറി അവരുടെ സൈനിക താവളങ്ങള്‍ ആക്രമിക്കണമെങ്കില്‍ അസാധാരണമായ ധൈര്യം വേണം'; വെടിനിര്‍ത്തലില്‍ കരയുന്നവര്‍ അറിയാന്‍; ഇനിയാണ് ശരിക്കുമുള്ള പൂരം കാണാന്‍ ഇരിക്കുന്നത്

വെടിനിര്‍ത്തലില്‍ കരയുന്നവര്‍ അറിയാന്‍

Update: 2025-05-11 11:38 GMT

തിരുവനന്തപുരം: അതിര്‍ത്തിയില്‍ നാല് ദിവസത്തോളം നീണ്ടുനിന്ന യുദ്ധസമാനമായ അന്തരീക്ഷത്തിന് വിരാമമിട്ട് പാക്കിസ്ഥാന്റെ അഭ്യര്‍ഥനപ്രകാരം വെടിനിര്‍ത്തലിന് സമ്മതിച്ച ഇന്ത്യയുടെ തീരുമാനം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറായെന്ന് ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച വിവരങ്ങളാണ് ചര്‍ച്ചയുടെ പ്രധാന കാരണം. പാക്കിസ്ഥാന് എതിരായ യുദ്ധകാലത്ത് ഇന്ദിരാഗാന്ധിയുടെ ശക്തമായ തീരുമാനങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് നിലവിലെ വെടിനിര്‍ത്തല്‍ നിലപാടിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ''ഇന്ദിര സമയത്ത് ലാഹോര്‍ വരെയിറങ്ങിയ സൈന്യം. ഇന്നത്തെ നീക്കത്തില്‍ ശക്തിയുടെ അഭാവമാണോ പ്രതിഫലിക്കുന്നത്?'' എന്നായിരുന്നു പ്രധാനമായ ചോദ്യം. എന്നാല്‍ അന്ന് ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം നടക്കുമ്പോള്‍ ഇരുരാജ്യങ്ങളും ആണവശക്തികളായിരുന്നില്ലെന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടിയാണ് ഈ വാദങ്ങളെ ഒരുവിഭാഗം നേരിടുന്നത്.

ഇന്ത്യ പാക്കിസ്ഥാനെ അടിച്ച് നിലംപരിശാക്കിയപ്പോള്‍ നിലവിളിച്ച പലരും ഇപ്പോള്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ വിലപിക്കുകയാണ്. ഇന്ത്യ നാണംകെട്ടു, പേടിച്ച് പിന്മാറി എന്നൊക്കെ പറഞ്ഞ് അവര്‍ കരയുന്നു. ഒരു കാര്യത്തില്‍ മാത്രമെ നമ്മുടെ രാജ്യം പരാജയപ്പെട്ടുള്ളു. സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ നമ്മള്‍ തോറ്റുപോയി. പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ജയിച്ചു. ഇല്ലാത്തതൊക്കെ അവകാശപ്പെട്ടുകൊണ്ട് അവര്‍ എന്തോ സംഭവമാണ് എന്ന് പറഞ്ഞുപരത്തി അന്താരാഷ്ട്ര മാധ്യമങ്ങളെക്കൊണ്ട് പോലും അവര്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചപ്പോള്‍ നമ്മള്‍ മൗനം പാലിച്ച് ആക്ഷനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു


Full View

യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാനില്‍ കയറി അടിച്ചു എന്നത് ചെറിയ കാര്യമല്ല. ഇന്ദിരഗാന്ധിയുടെ കാര്യമൊക്കെ പറഞ്ഞ് ചിലര്‍ വിലപിക്കുന്നത് കേട്ടു. ഇന്ദിരഗാന്ധിയുടെ കാലത്ത് പാക്കിസ്ഥാന് അണുബോംബ് ഇല്ല. അണുബോംബ് ഉള്ള ഒരു രാജ്യത്തെ കയറി ആക്രമിക്കണമെങ്കില്‍ അസാധാരണമായ ധൈര്യം വേണം. അണുബോംബുള്ള ഒരു രാജ്യത്ത് കയറി ആക്രമിച്ചിരിക്കുന്നു. വെറും ആക്രമണമല്ല, അവരുടെ സൈനിക ആസ്ഥാനത്ത് വരെ കയറി ആക്രമിച്ചിരിക്കുന്നു.

ആദ്യം ഇന്ത്യ ആക്രമിച്ചത് എത്ര കൃത്യതയോടെയായിരുന്നു. ഭീകരകേന്ദ്രങ്ങള്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പാക്കിസ്ഥാന്‍ ജനതയുടെ ചോര ചീന്താതെ പാക്കിസ്ഥാന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിടാതെ കൃത്യമായി ആക്രമിക്കുന്നു. അതാണ് ഇന്ത്യയുടെ കൃത്യത, ഇത് ഈ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണ്. ഇന്ത്യക്ക് ഇസ്രയേലിനെപ്പോലെ കൃത്യം ടാര്‍ഗറ്റുകളില്‍ യുദ്ധം ചെയ്യാന്‍ ഇന്ത്യക്ക് കഴിവുണ്ടെന്ന് തെളിയിച്ചു. നാല് ദിവസം മാത്രം നീണ്ട ആക്രമണത്തില്‍ ആണവ ശക്തിയായ പാക്കിസ്ഥാന്റെ മണ്ണില്‍ കയറി കനത്ത നാശം വിതയ്ക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു

അവരുടെ പല നഗരങ്ങളിലും ബോംബിട്ടു. ബ്രഹ്‌മോസ് മിസൈല്‍ ഇട്ടെന്ന് വരെയാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ വിലപിക്കുന്നത്. ഇത് ഇന്ത്യക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. പാക്കിസ്ഥാന്റെ ഒരു മിസൈല്‍ പോലും ഇന്ത്യയില്‍ വീണില്ലെന്ന് ഓര്‍ക്കണം. അവരുടെ മിസൈലുകള്‍ വീണത് സോഷ്യല്‍ മീഡിയകളിലായിരുന്നു.

ഇന്ത്യ കരുത്ത് തെളിയിച്ചു. ഇന്ത്യയുടെ യുദ്ധോപകരണങ്ങള്‍ കൃത്യമായി ലക്ഷ്യം കാണുന്നതാണെന്ന് വ്യക്തമായി. ആവശ്യ സമയത്ത് ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് ഇന്ത്യ തെളിയിച്ചു. അമേരിക്ക എടുത്ത് ചാടിയതിലും ആകുലപ്പെട്ടതിലും കാര്യമുണ്ട്. ഇന്ത്യ അമേരിക്കയുമായി ചര്‍ച്ച നടത്തിയെന്നോ, അമേരിക്ക പറഞ്ഞിട്ട് ഇന്ത്യ കേട്ടെന്നോ ഒക്കെ പറയുന്നത് വെറുതെയാണ്. അങ്ങനെ ഒരു തെളിവും പുറത്തുവന്നിട്ടില്ല.

അമേരിക്കയ്ക്ക് ആശങ്കയുണ്ട്. ചൈനയുടെ ഉപകരണങ്ങള്‍ വിജയിച്ചാല്‍ അമേരിക്കയ്ക്ക് തിരിച്ചടിയാണ്. ചൈന അവരുടെ യുദ്ധ ഉപകരണങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു ട്രയല്‍ ആയി ഇത് എടുത്തെന്ന് വരാം. അമേരിക്ക അത് ആഗ്രഹിക്കുന്നില്ല. ചൈനയുടെ യുദ്ധ ഉപകരണങ്ങള്‍ വിജയിക്കുന്നത് അമേരിക്കയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.

ഒരു കാര്യം ഓര്‍ക്കണം. ഇന്നത്തെ കാലത്ത് ഏത് രാജ്യമാണ് യുദ്ധം ചെയ്ത് വിജയിക്കുന്നത്. നമ്മള്‍ യുക്രൈന്റെ കാര്യം ഓര്‍ക്കണം. സര്‍വശക്തരായ റഷ്യ യുക്രൈയ്‌നെ മൂന്ന് ദിവസംകൊണ്ട് തീര്‍ക്കാന്‍ ഇറങ്ങിയതാണ്. നാളെത്രയായി ആ യുദ്ധം മുന്നോട്ട് പോകുന്നത്. ആ യുദ്ധം ഇതുവരെ അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

റഷ്യയ്ക്കും യുക്രയ്‌നും എത്ര പട്ടാളക്കാരെ നഷ്ടമായെന്ന് ഓര്‍ക്കണം. റഷ്യ കരുത്തില്‍ മോശമായിട്ടാണോ അവരുടെ പട്ടാളക്കാരെ നഷ്ടമാകുന്നത്. അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെ ഒരു തീവ്രവാദ സംഘടനയ്ക്ക് എതിരെ യുദ്ധം ചെയ്യുന്ന ഇസ്രയേല്‍ ഇതുവരെ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല. എത്ര പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇസ്രയേലിന് ഇതുവരെ ഇറാനില്‍ കയറി അടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയുമാണ് അവര്‍ നേരിടുന്നത്.

അവിടെയാണ് ഇന്ത്യന്‍ സൈന്യം നെഞ്ചുവിരിച്ച് നില്‍ക്കുന്നത്. പാക്കിസ്ഥാന്റെ മണ്ണില്‍ കയറി അടിച്ചത്. പാക് വ്യോമ പ്രതിരോധങ്ങളെ മറികടന്ന് ഇന്ത്യയുടെ മിസൈലുകള്‍ പാക്ക് പട്ടാളത്തിന്റെ ആസ്ഥാനമായ റാവല്‍പിണ്ടിയില്‍ പോലും വീണില്ലെ. ഇത് നിസാരമില്ല. നാല് ദിവസംകൊണ്ട് ഇന്ത്യ തെളിയിച്ചു എങ്ങനെ യുദ്ധം ചെയ്യണമെന്ന്. എന്താണ് ഇന്ത്യയുടെ കരുത്തെന്ന്.

പാക്കിസ്ഥാന്‍ ഇങ്ങോട്ട് വന്ന് യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വഴങ്ങിക്കൊടുത്തു. യുദ്ധംകൊണ്ട് ആത്യന്തികമായി ഒരു രാജ്യത്തിനും നേട്ടമില്ല. യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ട യുക്രൈയ്‌നും റഷ്യയും ഇസ്രയേലും അനുഭവിക്കുകയാണ്. ഒഴിവാക്കാനുള്ള സാഹചര്യം ഉണ്ടായപ്പോള്‍ ഒഴിവാക്കി. തോല്‍വി ഭയംകൊണ്ടല്ല. സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്താനാണ്. ഒരു ട്രയല്‍ നടത്തി പിന്മാറി.

ആയുധങ്ങള്‍ എവിടെ എപ്പോള്‍ പ്രയോഗിക്കണമെന്ന് ഇന്ത്യക്ക് പരിശീലനം കിട്ടിയിരിക്കുന്നു. ഏത് തന്ത്രത്തിലൂടെയാണ് പാക്കിസ്ഥാനെ പൂട്ടാന്‍ കഴിയുകയെന്ന് കൃത്യമായി മനസിലാക്കിയിരിക്കുന്നു. പാക്ക് അധിനിവേശ കശ്മീര്‍ പിടിച്ചെടുക്കുക എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യം. അതിനുള്ള സല്‍പ്പേരും ഇച്ഛാശക്തിയും ഇന്ത്യക്കുണ്ട്. ആണവശക്തിയാണ് എന്നത് മാത്രമല്ല, ബ്രഹ്‌മോസ് പോലുള്ള കൂറ്റന്‍ മിസൈലുകളും ഇന്ത്യയ്ക്കുണ്ട്. പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുന്ന അന്തിമ യുദ്ധത്തിനുള്ള ട്രയല്‍ ആണ് ഇന്ന് നടന്നത്.

അനാവശ്യമായി ഭീകരരെക്കൊണ്ട് ഇന്ത്യയെ ചൊറിയാനുള്ള സാധ്യത കുറവാണ്. ഒരു അന്തിമ യുദ്ധം വിദൂരമല്ല. ആ യുദ്ധം അവസാനിക്കാന്‍ പോകുന്നത് പാക്ക് അധിനിവേശ കശ്മീര്‍ പിടിച്ചെടുത്തുകൊണ്ടാകും. അതുകൊണ്ട് ഇപ്പോഴത്തെ വിലാപങ്ങളില്‍ കാര്യമില്ല. എങ്ങനെയാണ് യുദ്ധം വിജയിച്ചതെന്ന് വ്യക്തമാക്കുന്ന രാഗേഷ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നുണ്ട്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം തന്നെയാണ് ഉണ്ടായിരുന്നത് എന്നതില്‍ സംശയമില്ല. എന്നാല്‍, പെട്ടെന്നുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഈ മുന്‍തൂക്കത്തെ നഷ്ടപ്പെടുത്തി എന്നാണു എന്റെ അഭിപ്രായം . ഒരാഴ്ച കൂടി നീണ്ടുനിന്നിരുന്നെങ്കില്‍, പാകിസ്ഥാന്റെ മുന്നോട്ടുള്ള വളര്‍ച്ചയെ ഒരു രണ്ടു മൂന്നു ദശാബ്ദത്തിലേറെക്കാലം തടയാന്‍ സാധിക്കുമായിരുന്നു. ഇന്ത്യയുടെ ജമ്മു കശ്മീര്‍ ഭൂപടത്തില്‍ നിന്ന് ഡോട്ടഡ് അതിര്‍ത്തി രേഖകള്‍ അപ്രത്യക്ഷമാവുന്ന ഒരു അനുകൂല സാഹചര്യം ഉണ്ടാക്കുന്ന അവസരം പോലും നഷ്ടമായോ എന്ന് എനിക്ക് സംശയം. സാമ്പത്തികമായി പാകിസ്ഥാനെ തളര്‍ത്താന്‍ നമുക്ക് അവസരം ലഭിച്ചു. വെറും 10 ബില്യണ്‍ ഡോളര്‍ മാത്രം കൈവശമുണ്ടായിരുന്ന അവര്‍ക്ക് മൂന്നു ദിവസത്തില്‍ കൂടുതല്‍ ഒരു യുദ്ധം താങ്ങാന്‍ കഴിയില്ലായിരുന്നു. എന്തു കാരണത്താലാണ് ഇന്ത്യ ഈ വെടിനിര്‍ത്തലിന് സമ്മതിച്ചതെന്ന് ഒരുപക്ഷേ ഒരിക്കലും അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. എങ്കിലും, ഒരുപക്ഷേ സമാധാനത്തിനാണ് ഇന്‍ഡ്യാ ഗവണ്‍മെന്റ് മുന്‍ഗണന നല്‍കിയത് എന്നുറപ്പു അത് നന്നായി.

എന്തായാലും, സംഭവിച്ചത് സംഭവിച്ചു. ഇന്ത്യയുടെ ഈ ആക്രമണത്തിന് കാരണം പാകിസ്ഥാന്‍ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണം തന്നെയാണ് എന്ന കാര്യം ആരും മറന്നു പോകരുത് . അതിനുള്ള തിരിച്ചടിയായി ഇന്ത്യ അവരുടെ പ്രധാന 9 നഗരങ്ങളെ വിജയകരമായി ലക്ഷ്യമിട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ ഒരു പൂര്‍ണ്ണ വിജയം തന്നെയാണ് എന്ന് ഓര്‍ക്കണം. ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി നിര്‍ത്തിവയ്ക്കാന്‍ സാധിച്ചു. 1971 ന് ശേഷം, ആണവായുധ ശേഷിയുള്ള രാജ്യങ്ങള്‍ ആയിരുന്നിട്ടും പാകിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങള്‍ ഇന്ത്യ ഒരു ദാക്ഷിണ്യവുമില്ലാതെ ആക്രമിച്ചു - ഇതൊരു വ്യക്തമായ വിജയം തന്നെയാണ്.

ഭീകരാക്രമണങ്ങളോടുള്ള ഇന്ത്യയുടെ സമീപനം എന്തായിരിക്കുമെന്ന് വ്യക്തമായി വരച്ചുകാണിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു - ഇതൊരു വലിയ വിജയം തന്നെയാണ്. ഇനി ഇന്ത്യയില്‍ ഒരു ഭീകരാക്രമണം നടന്നാല്‍, അതിന്റെ വേദന പാകിസ്ഥാനും അറിയും. വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളുമായിരിക്കും ആദ്യ ലക്ഷ്യങ്ങള്‍ എന്ന് ഇന്ത്യ ഉറപ്പിച്ചു പറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഭീകരാക്രമണം ഉണ്ടായാല്‍ ഇന്ത്യ നിയന്ത്രണ രേഖയോ അന്താരാഷ്ട്ര അതിര്‍ത്തിയോ പരിഗണിക്കില്ലെന്നും, പാകിസ്ഥാനികളെ അവരുടെ വീടുകളില്‍ നിന്ന് ഇറക്കി തല്ലുമെന്നും തെളിയിച്ചു. ഇന്ത്യക്കെതിരായ ടെററിസ്റ്റ് ആക്രമണം ആന്‍ ആക്റ്റ് ഓഫ് വാര്‍ ആണെന്ന് സംശയമില്ലാതെ ഇന്ത്യ പറഞ്ഞു കഴിഞ്ഞു.

ടെററിസം ഈ സാഹചര്യത്തില്‍ ഒരേയൊരു അലോസരമുണ്ടാക്കിയത് ട്രംപിന്റെ ഇടപെടലാണ്. അളിയന്‍ പാകിസ്ഥാന് അനാവശ്യമായ പ്രാധാന്യം നല്‍കി വെടിനിര്‍ത്തല്‍ പെട്ടന്ന് നടത്തി, അതും ട്വീറ്റ് ചെയ്തുകൊണ്ട്. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണെങ്കിലും, എനിക്കതില്‍ ഒരല്പം അതൃപ്തിയുണ്ട്. പാകിസ്ഥാന്‍ ഡിജിഎംഒ ആദ്യമായി ഇന്ത്യയെ വിളിച്ച് 'വെടിനിര്‍ത്തല്‍ സാര്‍' എന്ന് യാചിച്ചത് ഇന്ത്യയുടെ വിജയം തന്നെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ ശേഷിയെക്കുറിച്ച് ഇന്ത്യക്കാര്‍ക്കും മറ്റ് രാജ്യങ്ങള്‍ക്കും യാതൊരു സംശയവുമില്ലെന്ന് ഈ സംഭവം തെളിയിച്ചു. റഷ്യന്‍ ആയുധങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍, ഇസ്രായേലിന്റെ ആയുധങ്ങള്‍, ഡ്രോണുകള്‍ എന്നിവയ്ക്കായി ചെലവഴിക്കുന്ന പണം വിലപ്പെട്ടതാണെന്ന് മനസ്സിലായി. റാഫേല്‍ പോര്‍വിമാനങ്ങളും സുഖോയ് വിമാനങ്ങളും ഇന്ത്യയുടെ മുന്‍തൂക്കം വര്‍ദ്ധിപ്പിച്ചു. ഡിആര്‍ഡിഒയും ഒട്ടും പിന്നിലല്ലെന്നും തെളിഞ്ഞു. അടുത്ത യുദ്ധത്തില്‍ അദാനിയുടെയും മറ്റ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെയും ആയുധങ്ങളും ഡ്രോണുകളും ഇന്ത്യ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. തുര്‍ക്കി എന്ന രാജ്യത്തെ ഇന്‍ഡ്യാക്കാര്‍ അകറ്റി നിര്‍ത്തേണ്ട ആവശ്യം ഇപ്പോള്‍ എല്ലാര്‍ക്കും മനസ്സിലായിക്കാണുമെന്നും . എര്‍ദോഗാന്‍ പോയാല്‍ ഇതിനു മാറ്റം വരൂ

ഇന്ത്യന്‍ കരസേനയുടെയും നാവികസേനയുടെയും കാര്യമായ ഇടപെടലില്ലാതെയാണ് ഈ ചെറു യുദ്ധത്തില്‍ നാം വിജയിച്ചതെന്ന് ഓര്‍ക്കണം. അവര്‍ കൂടി രംഗത്തിറങ്ങിയിരുന്നെങ്കില്‍ പാകിസ്ഥാന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇനി പാകിസ്ഥാന്‍ കിട്ടുന്ന പണം മുഴുവന്‍ അവരുടെ വ്യോമ പ്രതിരോധം മെച്ചപ്പെടുത്താനും ചൈനക്കാര് കൊടുത്ത ആയുധങ്ങള്‍ നശിപ്പിക്കാനുമുള്ള കുഴികള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കും.

പാകിസ്ഥാന്‍ മിലിറ്ററി ഇന്ത്യക്കൊരു ഇര അല്ലെന്നു അവരുടെ 'ന്യൂക്ലിയര്‍ ബോംബിപ്പൊ പൊട്ടിക്കും ഇപ്പൊ പൊട്ടിക്കും' എന്നൊക്കെയുള്ള ആത്മഹത്യാ ഭീഷണി കേള്‍ക്കുമ്പോ മനസ്സിലാക്കാം . ലെവന്മാര് നമ്മളെ ചൊറിയാതെ നമ്മടെ പാട്ടിനു വിടുമെന്ന് പ്രതീക്ഷിക്കാം ഒരു അഞ്ചു പത്തു കൊല്ലത്തേക്കെങ്കിലും. പാകിസ്ഥാനിലെ കുട്ടികള്‍ ഈ യുദ്ധവും പൂര്‍ണ്ണ വിജയമായിരുന്നു എന്ന് അവരുടെ ചരിത്ര പുസ്തകങ്ങളില്‍ പഠിക്കും. ഒരു യുദ്ധത്തിലും തോറ്റിട്ടില്ലെന്ന അവരുടെ പതിവ് ചരിത്ര പാഠങ്ങള്‍ മദ്രസ്സകളില്‍ തുടര്‍ന്നും നടക്കും. ബലൂചിസ്ഥാന്‍ സ്വതന്ത്രമാകാന്‍ അധികം സമയം വേണ്ടിവരില്ലെന്ന് തോന്നുന്നു.

ഈ ആഴ്ച തന്നെ ഐപിഎല്‍ പുനരാരംഭിക്കുമെന്നു പ്രതീക്ഷിക്കാം - നമ്മടെ എന്റര്‍ടെയ്ന്‍മെന്റ് ഇനീപ്പോ അതൊക്കെയല്ലേ . എന്തായാലും, മോദിജിക്ക് വോട്ട് ചെയ്തതും ബിജെപിയെ ജനങ്ങള്‍ തിരഞ്ഞെടുത്തതും ഇനി തിരഞ്ഞെടുക്കുന്നതും എന്തിനാണെന്ന് എല്ലാ ഇന്ത്യക്കാര്‍ക്കും മനസ്സിലായിക്കാണും.


വികാരം വേണം, അതിനൊപ്പം വിവേകവും: മേജര്‍ രവി പറയുന്നത്

വെടിനിര്‍ത്തലിനെതിരെ പറയുന്നത് അവരുടെ ഒരു വികാരം മാത്രമാണ്. അവര് പറയുന്നതിന് കാരണം ട്രംപിന്റെ ഇടപെടല്‍ കാരണമാണെന്ന് ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. ട്രംപിന്റെ ട്വീറ്റ് ആണ് എല്ലാവരും ആദ്യം കണ്ടത്. പക്ഷെ ഇതിനകത്ത് ട്രംപിന്റെ ഒരു ഇടപെടലിനും ഇന്ത്യ സമ്മതിക്കില്ല, സമ്മതിച്ചിട്ടുമില്ല. ട്രംപിന്റെ ട്വീറ്റിന്റെ പേരിലായിരിക്കും മോദി മുട്ടുമടക്കി കാല് മടക്കി എന്നൊക്കെ പറയുന്നത്. അതൊക്കെ വളരെ ചീപ്പായിട്ടുള്ള കാര്യമാണ്.

ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് തിരിച്ചറിഞ്ഞതോടെയാണ് പാക്കിസ്ഥാന്‍ പിന്മാറിയത്. കരസേന, നാവികസേന, വ്യോമസേന ഈ മൂന്ന് സേനകളുടെയും കരുത്ത് തിരിച്ചറിഞ്ഞു. അവര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. എന്ത് വേണമെങ്കിലും ചെയ്യാനുള്ള അനുമതി ആദ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്റെ ക്രഡിറ്റ് അടിക്കാന്‍ ട്രംപ് നടന്നാല്‍ അത് എട്ടുകാലി മമ്മൂഞ്ഞിന്റെ പറച്ചില്‍ പോലെയാകും. റഷ്യ - യുക്രൈയ്ന്‍ യുദ്ധത്തിന്റെ പാഠം നമ്മുടെ മുന്നിലുണ്ടല്ലോ. യുദ്ധം തുടര്‍ന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എന്താകും എന്നുകൂടി ചിന്തിക്കണം. വികാരം വേണം, വിവേകം കൂടി അതിനൊപ്പം വേണം.

നമ്മുക്ക് അപ്പര്‍ ഹാന്‍്ഡ് ഉണ്ട്. നമ്മുടെ ഡിജിഎംഒയെ അവരുടെ ഡിജിഎംഒയാണ് വിളിച്ചത്. നമ്മള്‍ അതില്‍ അഭിമാനിക്കുകയാണ് ചെയ്യേണ്ടത്. നാല് ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തലിന് അവര്‍ നമ്മളെ സമീപിച്ചത് നമ്മുടെ വിജയമാണ്. അവര്‍ എന്നിട്ടും രാത്രി ഒന്‍പത് മണിക്ക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

അപ്പോള്‍ നമ്മള്‍ തിരിച്ചടിക്കുകയല്ല. നമ്മുടെ ശക്തി തിരിച്ചറിയാമെങ്കില്‍, നമ്മള്‍ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായില്ല എങ്കില്‍ നമ്മള്‍ ക്ഷമയോടെ ഇടപെടണം. ക്ഷമയുടെ നെല്ലിപ്പലക കാണുക എന്ന് പറയും. ഇന്ന് രാത്രിയും അവര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ അതിന്റെ പ്രത്യാഘാതം അവര്‍ തിരിച്ചറിയണം.

ഇപ്പോഴും ഇന്ത്യ യുദ്ധമായി മാറാന്‍ ആഗ്രഹിക്കുന്നില്ല. യുദ്ധമായി മാറിയാല്‍ ആളപായങ്ങളും സാമ്പത്തിക തിരിച്ചടിയും നമ്മള്‍ തിരിച്ചറിയണം. നമ്മള്‍ ചെയ്യേണ്ട പ്രതികാരം ഇതിനകം ചെയ്തുകഴിഞ്ഞു. അവരുടെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. സൈനിക താവളങ്ങളടക്കം തരിപ്പണമാക്കി. മൗലാന മസൂദ് അസറിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്ത് അവന്റെ കരച്ചില്‍ ഇപ്പോള്‍ പുറത്തുവന്നില്ല. ഇനിയും കുറ്റം പറയുന്നവര്‍ പറയട്ടെ,

ഇത്രയും കരുത്തോടെ പോരാട്ടം നയിച്ച ഒരു പ്രധാനമന്ത്രിയെ കാണിച്ചുതാ. ഇന്ദിര ഗാന്ധി ആകെ ഒരു ഡയലോഗ് ആണ് പറഞ്ഞിരിക്കുന്നത്. റഷ്യയുടെ നാവികസേന ഇന്ത്യയെ സംരക്ഷിക്കാന്‍ എത്തിയത് കൊണ്ടാണ് ആ ഡയലോഗ് പറഞ്ഞത്. അതിന്റെ പ്രശ്‌നങ്ങള്‍ പോലെയല്ല ഇന്ന്. അന്ന് ആണവശക്തികളല്ല. ഇ്ന്ന് രണ്ട് രാജ്യങ്ങളും ആണവശക്തികളാണ്. അത് ഏതുവരെ പോകും. പാക്കിസ്ഥാന്‍കാര്‍ ഭ്രാന്തന്മാരാണ്. അവര്‍ ഇന്നലെതന്നെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിലൂടെ അത് വ്യക്തമാണ്. നമ്മുടെ രാജ്യത്തെ സംരക്ഷിച്ച് നിര്‍ത്തുക എന്ന് പറയുന്നത് പ്രധാനമാണ്. ഇന്ന് ഇന്ത്യ യുദ്ധത്തില്‍ ജയിച്ച് നില്‍ക്കുകയാണ്.

Tags:    

Similar News