ആറന്മുളയില്‍ പത്മകുമാറിന് പുറത്തേക്കുള്ള വഴി തെളിച്ചത് വീണാ ജോര്‍ജ്? 'ശബരിമല വിവാദ നായകന്‍' വേണ്ടെന്നത് വനിതാ നേതാവിന്റെ ഉറച്ച നിലപാട്; വോട്ടെടുപ്പിന് മുമ്പ് പത്തനംതിട്ട സിപിഎമ്മില്‍ വന്‍ വെട്ടിനിരത്തല്‍; പത്മകുമാറിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് അന്ത്യമാകുമോ? ആറന്മുളയില്‍ അടിയൊഴുക്ക് വീണയ്ക്ക് വിനയാകുമോ?
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ സിപിഎമ്മിനുള്ളില്‍ വന്‍ രാഷ്ട്രീയ സ്‌ഫോടനം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായ മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നില്‍ മന്ത്രി വീണാ ജോര്‍ജിന്റെ കടുത്ത സമ്മര്‍ദ്ദമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ പത്മകുമാറിനെ പുറത്താക്കണമെന്ന നിര്‍ബന്ധബുദ്ധി വീണാ ജോര്‍ജ് പ്രകടിപ്പിച്ചതാണ് പാര്‍ട്ടിയിലെ പെട്ടെന്നുള്ള നടപടിക്ക് കാരണമായത്.
ആറന്മുളയില്‍ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന വീണാ ജോര്‍ജിന് പത്മകുമാറിന്റെ സാന്നിധ്യം തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നില്‍. 'ശബരിമല കൊള്ളക്കാരന്‍' എന്ന ലേബലിലുള്ള ഒരാള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തലപ്പത്തിരിക്കുന്നത് ഹൈന്ദവ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നും, ശബരിമല വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കുമെന്നും വനിതാ നേതാവ് സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തി. ആറന്മുളയില്‍ ജയിക്കാന്‍ പത്മകുമാറിനെ മാറ്റിനിര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മന്ത്രി.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂര്‍ ശങ്കരനാണ് പത്മകുമാറിന് പകരം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല നല്‍കിയിരിക്കുന്നത്. പത്മകുമാറിനെതിരായ സംഘടനാ നടപടിയില്‍ നിര്‍ണ്ണായക ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഔദ്യോഗിക തീരുമാനമെടുക്കും. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ലെന്ന് പത്മകുമാര്‍ വിശദീകരണം നല്‍കിയെങ്കിലും, തിരഞ്ഞെടുപ്പ് വിജയത്തിന് തടസ്സമാകുന്ന ആരെയും സംരക്ഷിക്കേണ്ടതില്ലെന്ന 'ക്യാപ്റ്റന്‍' പിണറായി വിജയന്റെ കര്‍ശന നിര്‍ദ്ദേശവും പത്മകുമാറിന് തിരിച്ചടിയായി. പക്ഷേ പത്മകുമാറിന് ആറന്മുളയില്‍ നല്ല സ്വാധീനമുണ്ട്. ഈ സ്വാധീനം അടിയൊഴുക്കായാല്‍ ആറന്മുളയില്‍ എന്തും സംഭവിക്കാം.
പത്തനംതിട്ട ജില്ലയിലെ സിപിഎമ്മിന്റെ കരുത്തനായ നേതാക്കളിലൊരാളായ പത്മകുമാറിനെ പുറത്താക്കുന്നത് ആറന്മുളയിലെ തിരഞ്ഞെടുപ്പ് അടിയൊഴുക്കുകളെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം. പത്മകുമാറിനെ അനുകൂലിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഈ നടപടിയില്‍ അതൃപ്തരാണ്. മണ്ഡലത്തിലെ പ്രധാന നേതാവിനെ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പുറത്താക്കുന്നത് ഗുണം ചെയ്യുമോ അതോ തിരിച്ചടിയാകുമോ എന്ന ആശങ്ക പ്രാദേശിക നേതൃത്വത്തിനുണ്ട്. എങ്കിലും, ശബരിമല കേസ് ഉയര്‍ത്തിക്കാട്ടി യുഡിഎഫും ബിജെപിയും നടത്തുന്ന പ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ ഈ കടുത്ത നടപടി അനിവാര്യമാണെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വാദം.
തിങ്കളാഴ്ച രാവിലെ 11-ന് ചേരുന്ന യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലാകും പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിക്കുക. പത്മകുമാറിന്റെ രാഷ്ട്രീയ ഭാവിക്ക് ഇതോടെ വിരാമമാകുമോ അതോ ആറന്മുളയിലെ വോട്ടര്‍മാര്‍ ഈ 'ശുദ്ധീകരണ'ത്തെ കൈവിടുമോ എന്നത് മെയ് 4-ലെ ഫലപ്രഖ്യാപനം വ്യക്തമാക്കും. ആറന്മുളയില്‍ അബിന്‍ വര്‍ക്കിയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നാണ് വിലയിരുത്തല്‍. ബിജെപിക്കായി കുമ്മനം രാജശേഖരന്റേയും എംടി രമേശിന്റേയും പേര് ചര്‍ച്ചകളിലുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത മത്സരം ആറന്മുളയിലുണ്ടാകും. അടിയൊഴുക്ക് നിര്‍ണ്ണായകവുമാകും.
