പിണറായി എല്ലാം നിശ്ചയിച്ചു കഴിഞ്ഞു; ഇനി ജനവിധിയിലൂടെ ഈ 'കുടുംബ-വിശ്വസ്ത' പട്ടിക എവിടെയെത്തുമെന്ന് കണ്ടറിയണം; ശൈലജയും ജയരാജന്മാരും പി ശശിയും എംവി നികേഷ് കുമാറും നിരാശര്‍; ഷംസീറിന് ഇനി രാഷ്ട്രീയ ഭാവിയുണ്ടോ? എംഎം മണിയെ നിരീക്ഷിക്കാന്‍ ഇടുക്കിയില്‍ പ്രത്യേക സംവിധാനം; സിപിഎമ്മില്‍ പലരുടേയും കഥ കഴിയുന്ന കഥ

Update: 2026-03-16 01:45 GMT

തിരുവനന്തപുരം: സി.പി.എമ്മില്‍ ഇനി എന്തു സംഭവിക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പിണറായി വിജയന്‍ എന്ന ഒരൊറ്റ സൂര്യനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളായി പാര്‍ട്ടി മാറുമ്പോള്‍, മരുമകന്‍ പി.എ. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ ഭാവിക്ക് 'കല്ലുകടിയാകാന്‍' സാധ്യതയുള്ള സകലരെയും അതിസമര്‍ത്ഥമായാണ് ക്യാപ്റ്റന്‍ പുകച്ചുപുറത്താക്കിയത്. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ രണ്ട് ടേം വ്യവസ്ഥയുടെ പേരില്‍ വെട്ടിയൊതുക്കിയത് രാഷ്ട്രീയ ചതിയെന്നേ വിശേഷിപ്പിക്കാനാവൂ. പലര്‍ക്കും ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കിയ പിണറായി, ഷംസീറിന്റെ കാര്യത്തില്‍ കാട്ടിയ കടുംപിടുത്തം റിയാസിന് പാര്‍ട്ടിയിലോ ഭരണത്തിലോ ഇനി ഒരു വെല്ലുവിളിയും ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ്.

കണ്ണൂരിലെ വിശ്വസ്തനായ പി. ശശിക്ക് സീറ്റില്ലാത്തതും, മാധ്യമപ്രവര്‍ത്തകന്‍ എ.വി. നികേഷ് കുമാറിനെ അവസാന നിമിഷം തഴഞ്ഞതും അപ്രതീക്ഷിതമായി. ഇതോടെ കണ്ണൂരിലെ സമവാക്യങ്ങള്‍ പോലും പിണറായിക്ക് കീഴിലായി. ഇനി എല്ലാ ശ്രദ്ധയും ബേപ്പൂരിലേക്കാണ്. റിയാസിന്റെ വിജയം ഉറപ്പിക്കാന്‍ എ. പ്രദീപ് കുമാര്‍ പ്രത്യേക ചുമതലയോടെ രംഗത്തിറങ്ങുന്നത് മരുമകനെ ഭാവി മുഖ്യമന്ത്രിയായി അവരോധിക്കാനുള്ള കൃത്യമായ തിരക്കഥയുടെ ഭാഗമാണ്. മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ വെട്ടിയതും കോടിയേരി കുടുംബത്തെ അകറ്റിനിര്‍ത്തിയതും പാര്‍ട്ടിക്കുള്ളിലെ പഴയ വേരുകള്‍ പിഴുതെറിയുന്നതിന്റെ അടയാളമാണ്.

അന്‍വറിസം ഇപ്പോഴും പിണറായിയെ ഭയപ്പെടുത്തുന്നുണ്ട് എന്നതിന്റെ സൂചനയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന അതീവ ജാഗ്രത. മലബാറില്‍ അന്‍വര്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ റിയാസിനെ മുന്‍നിര്‍ത്തിയുള്ള പ്രതിരോധമാണ് ക്യാപ്റ്റന്‍ ഒരുക്കുന്നത്. പേരാവൂരില്‍ കെ.കെ. ശൈലജ ടീച്ചറെ ഇറക്കിയതിലൂടെ ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന തന്ത്രമാണ് പിണറായി പയറ്റുന്നത്. ജയിച്ചാല്‍ സീറ്റ്, തോറ്റാല്‍ ശൈലജയുടെ രാഷ്ട്രീയ അന്ത്യം. എം.വി. ഗോവിന്ദന്റെയും എ. വിജയരാഘവന്റെയും ഭാര്യമാര്‍ക്ക് സീറ്റ് നല്‍കിയപ്പോള്‍ ഷംസീറിനെയും മണിയെയും പോലുള്ള കരുത്തരെ പുറത്താക്കിയത് പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കാം.

മരുമകന്‍ പി.എ. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ ഭാവിക്ക് 'കല്ലുകടിയാകാന്‍' സാധ്യതയുള്ള സകലരെയും അതിസമര്‍ത്ഥമായാണ് ക്യാപ്റ്റന്‍ പുകച്ചുപുറത്താക്കിയത്. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ രണ്ട് ടേം വ്യവസ്ഥയുടെ പേരില്‍ വെട്ടിയൊതുക്കിയത് രാഷ്ട്രീയ ചതിയെന്നേ വിശേഷിപ്പിക്കാനാവൂ. പല പ്രമുഖര്‍ക്കും ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കിയ പിണറായി, ഷംസീറിന്റെ കാര്യത്തില്‍ കാട്ടിയ കടുംപിടുത്തം റിയാസിന് പാര്‍ട്ടിയിലോ ഭരണത്തിലോ ഇനി ഒരു വെല്ലുവിളിയും ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ്. കണ്ണൂരിലെ കരുത്തരായ ജയരാജന്മാരെയും പി. ശശിയെയും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയത് അപ്രതീക്ഷിതമായിരുന്നു. പ്രത്യേകിച്ചും പി. ശശിയ്ക്ക് സീറ്റില്ലാത്തതും മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച എ.വി. നികേഷ് കുമാറിനെ അവസാന നിമിഷം തഴഞ്ഞതും വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വലിയ ആത്മവിശ്വാസത്തില്‍ ഇടതുമുന്നണി. പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പ്രഖ്യാപിച്ചു. നൂറ് സീറ്റ് നേടുമെന്ന യു.ഡി.എഫിന്റെ അവകാശവാദം വെറും പരിഹാസ്യമാണെന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് (എം) സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും, സിറ്റിംഗ് സീറ്റായതിനാല്‍ സി.പി.എം തന്നെ അവിടെ മത്സരിക്കുമെന്ന് കണ്‍വീനര്‍ വ്യക്തമാക്കി. എലത്തൂരിലെ എന്‍.സി.പി തര്‍ക്കങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സീറ്റുകളും ഇത്തവണ തൂത്തുവാരുമെന്ന പ്രതീക്ഷയിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂരില്‍ 2021-നേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും ജില്ലയിലെ 13 സീറ്റും എല്‍.ഡി.എഫിന് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എം.എല്‍.എ എന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തവണ നടക്കുന്നത് 'ഗ്ലാമര്‍ പോരാട്ടമാ'ണെന്നും റിയാസ് പറഞ്ഞു. ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള റിയാസ്, പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും നേതൃത്വം നല്‍കും.

സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ തലശ്ശേരിയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് പകരം കാറായി രാജന്‍ എത്തുന്നതോടെ പോരാട്ടം കടുക്കും. രണ്ട് ടേം നിബന്ധനയുടെയും സംഘടനാപരമായ മാറ്റങ്ങളുടെയും ഭാഗമായാണ് ഷംസീറിനെ മാറ്റിനിര്‍ത്തിയത്. നിയമക്കുരുക്കുകള്‍ മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്ന കാറായി രാജന്‍ തിരിച്ചെത്തുന്നത് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന വോട്ടെടുപ്പില്‍ അസമിലും പുതുച്ചേരിക്കുമൊപ്പം കേരളവും പോളിംഗ് ബൂത്തിലെത്തുമ്പോള്‍ വലിയ മുന്നേറ്റമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. അഞ്ച് മണ്ഡലങ്ങളിലൊഴികെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് ഇപ്പോള്‍ പ്രചാരണരംഗത്ത് ബഹുദൂരം മുന്നിലാണ്.

Similar News