ഇരകളെയും കുറ്റവാളികളെയും തുല്യമായി കാണാന്‍ കഴിയില്ല; ഒരു കാര്യം മാത്രമേ അവശേഷിക്കുന്നുള്ളൂ, പാക് അധീന കശ്മീരിന്റെ തിരിച്ചുവരവ്; കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥരുടെ ആവശ്യമില്ല; ട്രംപിന്റെ വാഗ്ദാനം തള്ളി നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

ട്രംപിന്റെ വാഗ്ദാനം തള്ളി നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

Update: 2025-05-11 14:21 GMT

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥരുടെ ആവശ്യമില്ലെന്ന മുന്‍നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് ആവര്‍ത്തിച്ചതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിനെക്കുറിച്ച് ഇന്ത്യയ്ക്ക് വ്യക്തമായ നിലപാടുണ്ട്. പാക്ക് അധീന കശ്മീര്‍ തിരികെ ലഭിക്കുന്നതിനെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാനില്ല. തീവ്രവാദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വിഷയം. മറ്റു വിഷയങ്ങളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. പ്രശ്‌നത്തില്‍ ആരും മധ്യസ്ഥത വഹിക്കേണ്ടതില്ല - സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇന്ത്യയുമായുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള ട്രംപിന്റെ വാഗ്ദാനത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സ്വാഗതം ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പാക് പ്രധാനമന്ത്രി ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വെടിനിര്‍ത്തിയാലും പാക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്‍ അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും. ഭീകരത അവസാനിപ്പിക്കുംവരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പാണ് യുഎസ് വൈസ് പ്രസിഡന്റിനെ മോദി നിലപാടറിയിച്ചത്.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ നിലപാട് വിശദീകരിച്ചു. പാകിസ്താനിലെ ബഹവല്‍പൂരിലുള്ള ജെയ്‌ഷെ-ഇ-മുഹമ്മദ് ആസ്ഥാനം തകര്‍ത്തത് ഉഗ്രപ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചെന്നന്നും അത് ഇന്ത്യ നല്‍കിയ ശക്തമായ സന്ദേശം ആണെന്നും വ്യക്തമാക്കി. ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും തമ്മില്‍ ഒരു ചര്‍ച്ചയും നടന്നില്ല. ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാര്‍ തമ്മിലെ ചര്‍ച്ച നടന്നിട്ടുള്ളൂ. പ്രധാനമന്ത്രി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്നും വ്യക്തമാക്കി.

അവിടെനിന്ന് വെടിയുണ്ടകള്‍ തൊടുത്താല്‍ ഇവിടെനിന്ന് ഷെല്ലുകള്‍ തൊടുക്കും.ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല. അവര്‍ വെടിവച്ചാല്‍ തങ്ങള്‍ വെടിവയ്ക്കും. അവര്‍ ആക്രമിച്ചാല്‍ തങ്ങള്‍ ആക്രമിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതിലൂടെ ഇന്ത്യ മൂന്ന് ലക്ഷ്യങ്ങളും നേടിയെടുത്തു.തങ്ങളുടെ മണ്ണില്‍ തന്നതിനെ ബഹാവല്‍പൂര്‍, മുറിദ്കെ, മുസാഫറാബാദ് ക്യാമ്പുകളുടെ മണ്ണില്‍ തിരിച്ചു നല്‍കി എന്നും വിശദമാക്കിയിട്ടുണ്ട്.

അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിക്കുന്നതുവരെ സിന്ധു ജല ഉടമ്പടി നിര്‍ത്തിവയ്ക്കും. അവരുടെ ഹൃദയത്തില്‍ ആഴത്തില്‍ പ്രഹരമേല്‍്പിക്കുന്ന തരത്തില്‍ തങ്ങള്‍ തിരിച്ചടിച്ചു.ഓരോ ഘട്ടത്തിലും പാകിസ്താന്റെ സ്ഥിതി കൂടുതല്‍ വഷളായി. പാകിസ്താന്‍ വ്യോമതാവളങ്ങളില്‍ തങ്ങള്‍ ആക്രമണം നടത്തിയതോടെ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ആരും സുരക്ഷിതരല്ല എന്ന സന്ദേശം പാകിസ്താന് ഇന്ത്യ നല്‍കി.

ഒരു കാര്യം മാത്രമേ അവശേഷിക്കുന്നുള്ളൂ പാക് അധീന കശ്മീരിന്റെ തിരിച്ചുവരവ്. ആരും മധ്യസ്ഥത വഹിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. ഇരകളെയും കുറ്റവാളികളെയും തുല്യമായി കാണാന്‍ കഴിയില്ലെന്ന് ഇന്ത്യ ലോകത്തോട് വ്യക്തമാക്കി. ആക്രമണങ്ങള്‍ കൃത്യതയോടെയാണ് നടത്തിയത്. റഹിം യാര്‍ ഖാന്‍ വ്യോമതാവളത്തിന്റെ റണ്‍വേ പൂര്‍ണ്ണമായും നിലംപൊത്തി. പാകിസ്ഥാന്‍ വ്യോമസേനാ താവളമായ നൂര്‍ ഖാനും ആക്രമണത്തില്‍ തകര്‍ന്നു. പാകിസ്ഥാന്റെ മിക്ക ആക്രമണങ്ങളും പരാജയപ്പെടുത്തിയിരുന്നു.

അതേ സമയം ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ ധാരണയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പങ്കിനെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു പാക്കിസ്ഥാന്‍ വ്യക്തമാക്കിയത്. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള അദ്ദേഹത്തിന്റെ വാഗ്ദാനത്തിന് നന്ദി പറയുന്നുവെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയും ഇസ്ലാമാബാദും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണ യുഎസ് ഇടപെട്ടിട്ടാണെന്നും കശ്മീര്‍ തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥനാകാമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

''പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സമീപകാല വെടിനിര്‍ത്തല്‍ ധാരണയെ പിന്തുണയ്ക്കുന്നതില്‍ മറ്റ് സൗഹൃദ രാജ്യങ്ങളോടൊപ്പം യുഎസ് വഹിച്ച ക്രിയാത്മകമായ പങ്ക് ഞങ്ങള്‍ അംഗീകരിക്കുന്നു. ഇത് സംഘര്‍ഷം ലഘൂകരിക്കുന്നതിനും പ്രാദേശിക സ്ഥിരതയിലേക്കുമുള്ള ഒരു ചുവടുവയ്പ്പാണ്' എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പാക് വിദേശകാര്യ മന്ത്രാലയം പറയുന്നു.

'ദക്ഷിണേഷ്യയിലും അതിനപ്പുറത്തും സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ദീര്‍ഘകാല പ്രശ്‌നമായ ജമ്മു കശ്മീര്‍ തര്‍ക്കത്തിന്റെ പരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ പ്രസിഡന്റ് ട്രംപ് പ്രകടിപ്പിച്ച സന്നദ്ധതയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. ജമ്മു കശ്മീര്‍ തര്‍ക്കത്തിന്റെ നീതിയുക്തവും ശാശ്വതവുമായ ഏതൊരു പരിഹാരവും പ്രസക്തമായ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും സ്വയം നിര്‍ണ്ണയാവകാശം ഉള്‍പ്പെടെയുള്ള കശ്മീര്‍ ജനതയുടെ മൗലികാവകാശങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നു' എന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. സമാധാനത്തിനായി രാജ്യം 'പ്രതിജ്ഞാബദ്ധമാണ്' എന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.

അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ ഉണ്ടായത് എന്ന രീതിയിലാണ് ട്രംപിന്റെ പ്രതികരണങ്ങളും വന്നത്. കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാനും തയ്യാറാണെന്നാണ് ട്രംപ് പറയുന്നത്. വെടിനിര്‍ത്തല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൃത്യമായി നേരത്തെ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നതാണ്. അത് തന്നെയാണ് ട്രംപ് വീണ്ടും ആവര്‍ത്തിക്കുന്നത്. സമാധാനം പുലരാന്‍ പ്രയത്‌നിച്ച രണ്ട് രാഷ്ട്ര തലവന്മാര്‍ക്കും അഭിനന്ദനം അറിയിച്ച് കൊണ്ടാണ് ട്രംപിന്റെ കുറിപ്പ് തുടങ്ങുന്നത്.

ഇന്ത്യ എക്കാലവും പറഞ്ഞിരുന്നത് കശ്മീര്‍ പ്രശ്‌നത്തില്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയല്ലാതെ മൂന്നാമതൊരു കക്ഷിയെ പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. എന്നാല്‍ ട്രംപ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് ആയിരം വര്‍ഷം കഴിഞ്ഞാലും കശ്മീര്‍ പ്രശ്‌നത്തില്‍ എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കില്‍ അതില്‍ ഇടപെടാന്‍ അമേരിക്ക തയ്യാറാണ് എന്നാണ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂട്ടാനുള്ള നീക്കങ്ങള്‍ നടക്കുകയാണ് എന്നും ട്രംപ് കുറിപ്പില്‍ പറയുന്നു.

Similar News