ഗോവിന്ദനും സണ്ണിയും വിരുദ്ധ ചേരിയിലെങ്കിലും സമാതകള്‍; ഷാഫി വടകര എത്തിയതോടെ ഗ്രാഫുയര്‍ന്നു; ഞാന്‍ തൃശൂരില്‍ കാലുവച്ചപ്പോള്‍ എന്റെ ഗ്രാഫ് ഇടിഞ്ഞു! കൂടെ പ്രതാപന്റേയും ഗ്രാഫ് താണു; എല്ലാവരുടേയും 'ഒറ്റക്കെട്ടിനേയും'യേയും ട്രോളി മുരളീധരന്‍; കൊടിക്കുന്നിലിന് കെപിസിസി ചുവരിലെ ഫോട്ടോയിലുമെത്തണം; കെപിസിസി ഓഫീസിലെ 'ചുമലത ഏല്‍ക്കലില്‍' താരമായത് ആര്?

Update: 2025-05-12 07:07 GMT

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റെടുത്ത ചടങ്ങില്‍ ഉയര്‍ന്നത് എല്ലാവരും 'ഒറ്റക്കെട്ടെന്ന' പതിവ് പല്ലവി. ഈ പ്രസ്താവനയെ ട്രോളിയ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്റെ പ്രസംഗമാണ് വേദിയെ ചടുലമാക്കിയത്. ചിലതെല്ലാം തുറന്നു പറഞ്ഞ മുരളീധരന്‍ എംപി പദവി പോയതിലെ പ്രശ്‌നങ്ങളും സരസമായി വിശദീകരിച്ചു. കെപിസിസി ഓഫീസിലെ മുന്‍ പ്രസിഡന്റുമാരുടെ ഫോട്ടോകള്‍ നോക്കുമ്പോള്‍ വേദന വരുന്ന കഥയാണ് സ്ഥാനം ഒഴിഞ്ഞ വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് നടത്തിയത്. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം കെപിസിസി അധ്യക്ഷ പദവി കിട്ടാത്തതിനെ ചര്‍ച്ചയാക്കുകയായിരുന്നു കൊടിക്കുന്നില്ല. പിന്നോക്ക സമുദായത്തില്‍ നിന്നൊരാളെ പ്രസിഡന്റാക്കാന്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി ഇടപെടല്‍ നടത്തണമെന്ന സന്ദേശം കൂടി കൊടിക്കുന്നില്‍ വിശദീകരിച്ചു. കൊടിക്കുന്നിലിന് നഷ്ടമൊന്നുമില്ലെന്നും എംപി എന്ന് പറഞ്ഞാല്‍ അതൊരു പോസ്റ്റാണെന്നും മുരളീധരന്‍ സരസമായി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ചെലവില്‍ എംപിയായ കൊടിക്കുന്നിലിന് പറക്കാം. പക്ഷേ എനിക്കൊരു പാര്‍ട്ടി മീറ്റിംഗിന് ഡല്‍ഹിക്ക് പോകണമെങ്കില്‍ പോലും പെന്‍ഷന്‍ കാശ് എടുക്കണമെന്നായിരുന്നു മുരളീധരന്റെ മറുപടി.

സണ്ണി ജോസഫും എംവി ഗോവിന്ദന്‍മാഷും തമ്മിലെ അപൂര്‍വ്വത ചര്‍ച്ചയാക്കിയാണ് മുരളീധരന്‍ കാര്യങ്ങളിലേക്ക് കടന്നത്. സിപിഎമ്മിന്റെ കണ്ണൂര്‍ സെക്രട്ടറിയായിരുന്നു എംവി ഗോവിന്ദന്‍. അദ്ദേഹം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. ഗോവിന്ദന്‍ കണ്ണൂരില്‍ സെക്രട്ടറിയായിരുന്നപ്പോള്‍ അന്ന് സണ്ണിയായിരുന്നു ഡിസിസി പ്രസിഡന്റ്. അതായത് അന്ന് കണ്ണൂരില്‍ സമാന പദവി വഹിച്ചവര്‍ ഇപ്പോള്‍ സംസ്ഥാന തലത്തില്‍. ഇതിനൊപ്പം താന്‍ കെപിസിസി അധ്യക്ഷനായിരുന്നപ്പോഴാണ് സണ്ണിയെ ഡിസിസി അധ്യക്ഷനാക്കിയതെന്നും മുരളീധരന്‍ പറഞ്ഞു. കണ്ണൂരില്‍ അന്ന് അവസാന വാക്ക് സുധാകരനാണ്. മറ്റാരേയും വച്ചാല്‍ ശരിയാകില്ല. അതുകൊണ്ട ആരെ ഡിസിസി അധ്യക്ഷനാക്കണമെന്ന് സുധാകരനോട് ചോദിച്ചു. എന്താ സംശയം സണ്ണി തന്നെ എന്ന് സുധാകരന്‍ പറഞ്ഞു. അങ്ങനെ സണ്ണി ഡിസിസി നേതാവായി. ഇപ്പോള്‍ ഇരിക്കുന്ന കെപിസിസി ആസ്ഥാനം നിര്‍മ്മിക്കാന്‍ ഫണ്ട് സ്വരൂപിക്കാന്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സണ്ണി. എല്ലാവരേയും ജയിപ്പിക്കാന്‍ ഓടി നടക്കുമ്പോള്‍ പേരാവൂരില്‍ ജയിക്കാന്‍ സണ്ണിയും ശ്രദ്ധിക്കണം. പണ്ടൊരു നേതാവ് സംഘടനാ ചുമതലയില്‍ വന്നപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റ കഥ പറഞ്ഞാണ് മുരളി ഇക്കാര്യം വിശദീകരിച്ചത്. വര്‍ക്കിംഗ് പ്രസിഡന്റായ വിഷ്ണുനാഥിനെ പ്രത്യേകം അഭിനന്ദിച്ചു. വടകരയാണ് ഷാഫിയ്ക്ക് ഗുണമായതെന്നും പറഞ്ഞു. ഇതിനൊപ്പം വര്‍ക്കിംഗ് പ്രസിഡന്റായ എപി അനില്‍കുമാറിനേയും രസകരമായി പരാമര്‍ശിച്ചു.

തെലുങ്കാനയില്‍ താന്‍ തിരഞ്ഞെടുപ്പ് സമിതിയില്‍ ഉണ്ടായിരുന്നു. അന്ന് എഐസിസി സെക്രട്ടറിയായ വിഷ്ണുനാഥിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ടു. ചിലരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിനെ കുറിച്ച് താന്‍ സംശയം ചോദിച്ചത് വിഷ്ണുവിനോടാണ്. എല്ലാം കിറുകൃത്യമായി പറഞ്ഞു തന്നു. തെലുങ്കാനയിലെ വിജയത്തിന്റെ ക്രെഡിറ്റും മുരളീധരന്‍ വിഷ്ണുനാഥിന് കൂടിയുള്ളതാണെന്ന് പറഞ്ഞു വച്ചു. അനില്‍കുമാറിനെ ഒരുകാലത്ത് എന്റെ കൂടെ കൊണ്ടു നടന്ന ആളാണ്. ഇപ്പോള്‍ അംഗീകാരങ്ങളെല്ലാം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും മുരളീധരന്‍ കൂട്ടകൈയ്യടിക്കിടെ പറഞ്ഞു. വടകരയാണ് ഷാഫിയുടെ ഭാഗം. വടകരയില്‍ ഷാഫി കാലുവച്ചതോടെ കരിയറില്‍ ഉയര്‍ച്ച തുടങ്ങി. എന്നാല്‍ വടകര വിട്ട് താന്‍ തൃശൂരില്‍ എത്തിയതോടെ തന്റെ ഗ്രാഫ് ഇടിഞ്ഞു. ഒപ്പം പ്രതാപനന്റെ ഗ്രാഫും ഇടിഞ്ഞെന്നും മുരളീധരന്‍ അല്‍പ്പം ഗൗരവത്തില്‍ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന പരോക്ഷ സൂചനയും മുരളീധരന്‍ നല്‍കി. ഇലക്ഷന്‍ ജയിക്കാന്‍ കള്ള് വേറെ കുടിക്കണമെന്ന് കെ കരുണാകരന്‍ എപ്പോഴും പറയാറുണ്ടായിരുന്നുവെന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാതെ കോണ്‍ഗ്രസിന് കേരളത്തില്‍ ജയിക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു വച്ചു. സ്ഥാനം ഒഴിഞ്ഞവര്‍ക്കും നല്ലഭാവി അദ്ദേഹം ആശ്വസിച്ചു. കോണ്‍ഗ്രസ് കെട്ടുറപ്പോടെ മുന്നോട്ട് പോകുമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും പറഞ്ഞായിരുന്നു സണ്ണി ജോസഫിന്റെ സ്ഥാനം ഏറ്റെടുക്കലില്‍ എല്ലാവരും സംസാരിച്ചു തുടങ്ങിയത്. ആരും ഒരു അതൃപ്തിയും ചര്‍ച്ചായാക്കിയില്ല. എന്നാല്‍ അതേ ടോണില്‍ തുടങ്ങിയ കൊടിക്കുന്നില്‍ തന്നെ കെപിസിസിയുടെ തലപ്പത്ത് നിയോഗിക്കാത്തതിനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പാര്‍ശ്വവത്കരിക്കപ്പെടുന്ന വിഭാഗത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍മാര്‍ വന്നിട്ടില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കെപിസിസി ഓഫീസില്‍ സ്ഥാപിച്ച പ്രഥമ പ്രസിഡന്റ് മുതല്‍ മുല്ലപ്പള്ളി വരെയുള്ളവരുടെ ഫോട്ടോ ചൂണ്ടികാട്ടിയായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എ ചുമതലയേറ്റതിന് പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവരും കെപിസിസി അധ്യക്ഷന് ഒപ്പം പദവി ഏറ്റെടുത്തു. പുതിയ കെപിസിസി നേതൃത്വത്തിനൊപ്പം പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായതില്‍ പ്രശ്നമേയില്ലെന്നും സിപിഎമ്മിനെതിരായ പോരാട്ടത്തില്‍ പടക്കുതിരയായി മുന്നിലുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു. സണ്ണി ജോസഫിന്റെ രാഷ്ട്രീയത്തിലുണ്ടായ വളര്‍ച്ചയില്‍ അഭിമാനക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെയാണ് പദവിയില്‍ നിന്നൊഴിവാക്കിയത്. പകരമാണ് പുതിയ നേതൃത്വം.

Tags:    

Similar News