ഇനി കോണ്‍ഗ്രസിന് 'സണ്ണി' ഡെയ്‌സ്! തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് പുതിയ നേതൃത്വം; കെപിസിസിയെ ഇനി സണ്ണി ജോസഫ് നയിക്കും; യു.ഡി.എഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമതലയേറ്റു; ഇന്ദിരാഭവനില്‍ ആവേശം; ആശംസകളുമായി നേതാക്കള്‍

കെപിസിസിയെ ഇനി സണ്ണി ജോസഫ് നയിക്കും

Update: 2025-05-12 05:41 GMT

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എയും യു.ഡി.എഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എം.പിയും ചുമതലയേറ്റെടുത്തു. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥ് എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി എന്നിവരും സ്ഥാനമേറ്റെടുത്തു. കെ.പി.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ചുമതല ഏറ്റെടുത്തത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തി. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണികള്‍ നടത്തിയത്. നിലവിലെ യു.ഡി.എഫ് കണ്‍വീനറായ എം.എം. ഹസ്സന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്‍, ടി. സിദ്ദീഖ് എന്നിവരെ പദവിയില്‍നിന്ന് നീക്കിയാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്ന കത്തോലിക്കാ വോട്ടുകള്‍ ബി.ജെ.പി ചോര്‍ത്തുകയും എ.കെ. ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും പോലൊരു ക്രിസ്ത്യന്‍ നേതാവ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത് ഇല്ലാതിരിക്കുകയും ചെയ്തതാണ് കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള നേതാവിനെ കൊണ്ടുവരുന്നതിന് വഴിവെച്ചത്.

ചുമതലയേല്‍ക്കുന്നതിന് മുമ്പായി പുതിയ കെപിസിസി നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ചിരുന്നു. സണ്ണി ജോസഫ്, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരാണ് എ കെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയത്.

യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളേയും കൂട്ടിയിണക്കാന്‍ കഴിഞ്ഞാല്‍ സണ്ണി ജോസഫിന് മികച്ച വിജയം നേടാനാകുമെന്ന് എ കെ ആന്റണി ആശംസിച്ചു. പുതിയ നേതൃത്വം കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയുടെയും കെ കരുണാകരന്റെയും സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സുധാകരന്‍

തന്റെ കാലയളവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. നേട്ടങ്ങള്‍ മാത്രമേ തന്റെ കാലത്ത് ഉണ്ടായിട്ടുള്ളൂവെന്നും കോട്ടങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു. '2021-ല്‍ കെപിസിസി പ്രസിഡന്റായത് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും തനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അധ്യക്ഷനായിരുന്ന കാലയളവില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. മുന്നോട്ടേ പോയിട്ടുള്ളൂ. എന്റെ കാലയളവില്‍ നേട്ടം മാത്രമാണ് എനിക്ക് ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്. കോട്ടമില്ല. അത് വെട്ടിത്തുറന്ന് പറയാനുള്ള നട്ടെല്ലെനിക്ക് ഉണ്ട്. അങ്ങനെ പറയുന്നത് യാഥാര്‍ഥ്യബോധ്യത്തോടെയാണ്. ലോക്സഭയില്‍ 18 സീറ്റ് നേടാന്‍ കഴിഞ്ഞതിനപ്പുറം ചരിത്രത്തില്‍ ആദ്യമായി ഒരു മുന്നണിക്ക് 20 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനുമായി. ക്യാമ്പസുകളില്‍ കെഎസ്യു തിരിച്ചുവരവ് നടത്തി. അതിന് കാരണം അവര്‍ക്ക് താങ്ങായും തണലായും കെപിസിസി നിന്നുകൊടുത്തു എന്നതാണ്. സിയുസികള്‍ രൂപീകരിച്ചെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. എന്റെ പിന്‍ഗാമി സണ്ണിയെ അത് പൂര്‍ത്തീകരിക്കാന്‍ ഏല്‍പ്പിക്കുകയാണ്. എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനംകൊള്ളുന്നു. ആസന്നമായ നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്.' സുധാകരന്‍ പറഞ്ഞു.

സെമി കേഡര്‍ സംവിധാനത്തിലേക്ക് പാര്‍ട്ടിയെ എത്തിക്കുമെന്നായിരുന്നു ചുമതല ഏറ്റെടുത്തപ്പോള്‍ പറഞ്ഞത്. ഇക്കഴിഞ്ഞ നാലു വര്‍ഷത്തെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഏത് ഏറെക്കുറേ സാധ്യമായിട്ടുണ്ട്. ഗുരുതരമായ പരസ്യ പ്രതികരണങ്ങളും അച്ചടക്ക ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കെപിസിസി നിര്‍ദേശിച്ച എല്ലാ പാര്‍ട്ടി പരിപാടികളും നടന്നത് സെമി കേഡര്‍ സംവിധാനത്തിന്റെ ഫലമായാണ് ചിട്ടയോടെ നടന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

'കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് കലാപം ഇന്നില്ലാതെ പോയത് നമ്മുടെ ഐക്യത്തിന്റെ കരുത്താണ്. പ്രവര്‍ത്തകരാണ് എന്റെ ശക്തി. അവരോടൊപ്പം എന്നുമുണ്ടാകും. സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തിനിന് മുന്നില്‍ പടക്കുതിര പോലെ എന്നുമുണ്ടാകും. എനിക്ക് ആരേയും ഭയമില്ല. പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോയിട്ടുണ്ട്. പലരും കേസില്‍ കുടുക്കാനും ജയിലിലടക്കാനും നോക്കിയിട്ടുണ്ട്. 56 ഇഞ്ച് നെഞ്ചളവുള്ളവരോടും ഇരട്ട ചങ്കുള്ളവരോടും ഒരു വിട്ടുവീഴ്ചയുമില്ല എന്ന നിലപാടാണ് ഉള്ളത്.' സുധാകരന്‍ പറഞ്ഞു.

Tags:    

Similar News