കിര്‍നാ കുന്നിലെ ആണവ ശേഖരത്തിലേക്ക് ഇന്ത്യന്‍ മിസൈല്‍ തുളച്ചു കയറിയോ? അമേരിക്കയുടെ ആണവ എമര്‍ജന്‍സി ജെറ്റ് ഇസ്ലാമാബാദില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ഈജിപ്റ്റും അടിയന്തര സാഹചര്യത്തെ നേരിടാന്‍ വിമാനത്തെ അയച്ചെന്ന് പ്രതിരോധ വിദഗ്ധര്‍; ഇസ്ലാമാബാദിലെ ആ മൊട്ടക്കുന്നിലെ പ്രധാന്യം ഏറെ വലുത്; പാക്കിസ്ഥാന്‍ നെട്ടോട്ടത്തില്‍
ഇസ്ലാമബാദ് : കിര്‍ന കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാന്‍ ഞെട്ടി. എല്ലാം കിറുകൃത്യമായി ഇന്ത്യ അറിയുന്നുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. പുറത്തുള്ളവര്‍ക്ക് അതു വെറുമൊരു കുന്നാണ്. പക്ഷേ പാക്കിസ്ഥാന്‍ സൈന്യത്തിന് അത് അമൂല്യ സ്വത്താണ്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍ നിന്നും അധികം ദൂരെയല്ലാത്ത ഈ കുന്നില്‍ അവരുടെ രഹസ്യ ശേഖരമുണ്ട്.
കിര്‍ന കുന്നിനടുത്തുള്ള നൂര്‍ ഖാന്‍ എയര്‍ ബേസിലും ഇന്ത്യയുടെ മിസൈല്‍ പതിച്ചു. ഇതോടെ പാകിസ്ഥാന്‍ നെട്ടോട്ടമായി. അധികം വൈകാതെ പാകിസ്ഥാന്റെ സൈനിക നിര്‍വ്വഹണത്തിന്റെ ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഇന്ത്യയെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് വിളിച്ചു. കുഗ്രാമത്തിലെ കുന്നിന്റെ പ്രസക്തി അത്രയേറെയുണ്ടായിരുന്നു. മെയ് 10 ന് ഇന്ത്യ നടത്തിയ ഈ രണ്ട് ആക്രമണങ്ങളാണ് വെടിനിര്‍ത്തലിന് പാകിസ്ഥാനെ നിര്‍ബന്ധിച്ചതെന്ന ഒരു അഭിപ്രായം യുദ്ധവിശകലനം നടത്തുന്ന വിദഗ്ധര്‍ക്കിടയിലുണ്ടായിട്ടുണ്ട്. ഇതിന് കാരണമായി പറയുന്നത് ഇവിടെയാണ് പാകിസ്ഥാന്റെ ആണവശേഖരം ഇരിക്കുന്നതെന്നാണ്. ഈ ആണവ ശേഖരം ഇന്ത്യയുടെ ആക്രമത്തില്‍ തകര്‍ന്നു എന്ന് പോലും സൂചനകളുണ്ട്.
വെറുതെ ഒരു മൊട്ടക്കുന്ന് എന്ന നിലയിലാണ് കിര്‍ന കുന്ന് തോന്നുക എങ്കിലും ഉപഗ്രഹ ചിത്രങ്ങളും സൈനിക വിശകലനങ്ങളും വിരല്‍ ചൂണ്ടുന്നത് മറ്റൊരു തലത്തിലാണ്. കിര്‍ന കുന്നിനുള്ളില്‍ പാക്കിസ്ഥാന്റെ ആണവായുധം ശേഖരിക്കുന്നതിനുള്ള കെട്ടിട സമുച്ചയങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. നിരവധി വാതിലുകളും അധിക കോണ്‍ക്രീറ്റുകള്‍ ഇട്ട് ബലപ്പെടുത്തിയിട്ടുള്ള ടണലുകളും ഈ കുന്നിനുള്ളില്‍ ഉള്ളതായി ഉപഗ്രഹചിത്രങ്ങളില്‍ കാണാം. ഈ കുന്നിന്റെ തന്ത്രപരമായ പ്രാധാന്യം ഇന്ത്യ തിരിച്ചറിഞ്ഞിരുന്നു. ഈ കുന്നിന്റെ ഒരു ഭാഗത്ത് ഇന്ത്യയുടെ തിരിച്ചടിയില്‍ മിസൈല്‍ പതിച്ചിട്ടുണ്ട്. ബങ്കറുകള്‍ വരെ തുളച്ചുപോകാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇവിടെ പതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാധാരണ സ്‌ഫോടനങ്ങള്‍ക്കൊന്നും ഇതിനുള്ളില്‍ സൂക്ഷിച്ച ആണവശേഖരത്തില്‍ സ്‌ഫോടനം നടത്താന്‍ ശേഷിയുണ്ടാവില്ല. പക്ഷെ ഇന്ത്യയുടെ ലക്ഷ്യം സാധിച്ചുവെന്നാണ് വിലയിരുത്തല്‍.
നൂര്‍ ഖാന്‍ എയര്‍ ബേസും തന്ത്രപ്രധാന ഇടമാണ്. ഇതും കിര്‍ന കുന്നിനടുത്തുള്ള എയര്‍ ബേസാണ്. ഇവിടെയും ഇന്ത്യയുടെ മിസൈല്‍ പതിച്ചു. പാകിസ്ഥാന്റെ ആണവ നിയന്ത്രണത്തിനുള്ള ഉള്ള സംവിധാനങ്ങള്‍ ഇതിന് തൊട്ടടുത്താണ്. കിര്‍നയിലെ ആണവ നിലയം പൊട്ടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാക്കിസ്ഥാന്‍ ഇതിനോട് പ്രതിരിച്ചിട്ടില്ല. ആണവ വികരണം അതിശക്തമാണെന്ന് ചില അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമേരിക്കയുടെ ആണവ അടിയന്തര സാഹചര്യം നേരിടാനുള്ള ജെറ്റ് ഇസ്ലാമാബാദിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം ഈജിപ്റ്റില്‍ നിന്നുള്ള ജെറ്റ് എത്തിയെന്നും വിശദീകരിക്കുന്നുണ്ട് ചില മാധ്യമങ്ങള്‍. ഇതെല്ലാം സൂചിപ്പിക്കുന്നത് അമേരിക്ക ആണവ അടിയന്തരാവസ്ഥയിലേക്ക് പോകുന്നുവെന്നാണ് യുദ്ധ മേഖലയിലെ വാര്‍ത്തകള്‍ നല്‍കുന്ന അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ കൂടുതല്‍ അടി വേണ്ടെന്ന് വച്ചതെന്നാണ് റിപ്പോര്‍ട്ട്.
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയില്‍നിന്ന് തിരച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഭീഷണി മുഴക്കിയിരുന്നു. ''ഇന്ത്യയില്‍നിന്നുണ്ടാകാന്‍ സാധ്യതയുള്ള ആക്രമണത്തെക്കുറിച്ച് പാക്കിസ്ഥാന്‍ സൈന്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ അവസ്ഥയില്‍ സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഞങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെങ്കില്‍ മാത്രം ആണവായുധ ശേഖരം ഉപയോഗിക്കും'' ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞത് ഇങ്ങനെയാണ്. ഈ സാഹചര്യത്തിലായിരുന്നു കിര്‍ന കുന്നിലേക്കുള്ള ഇന്ത്യയുടെ ആക്രമണമെന്നും സൂചനകളുണ്ട്. പാക് പ്രകോപനത്തിന് തക്കമറുപടി നല്‍കി ഇന്ത്യ എന്ന് തന്നെയാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാക്കിസ്ഥാന്റെ ആറ് സൈനിക കേന്ദ്രങ്ങള്‍ക്കും സിയാല്‍കോട്ടിലെ വ്യോമ കേന്ദ്രത്തിനും നേര്‍ക്ക് ആക്രമണം നടത്തി. പാക്കിസ്ഥാന്റെ ടെക്നിക്കല്‍ ഇന്‍സ്റ്റലേഷനുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, റഡാര്‍ സൈറ്റുകള്‍ തുടങ്ങിയവയ്ക്കു നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്.
റഫീഖി, മുറിദ്, ചക്ലാല, റഹീം യാര്‍ ഖാന്‍, സുക്കൂര്‍, ചുനിയന്‍ എന്നീ പാക് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം വാര്‍ത്താ സമ്മേളത്തില്‍ കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. പസ്രുറിലെ റഡാര്‍ സൈറ്റിന് നേര്‍ക്കും സിയാല്‍കോട്ടിലെ വ്യോമതാവളത്തിനു നേര്‍ക്കും ഇന്ത്യ ആക്രമണം നടത്തി. ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ പാക്കിസ്ഥാന്‍ ലക്ഷ്യംവെച്ചതിന് പിന്നാലെയായിരുന്നു ഈ തിരിച്ചടിയെന്നും വാര്‍ത്താസമ്മേളനം വ്യക്തമാക്കി.