ശബരിമലയിലെ പടിപൂജ ബുക്കിങ്ങിലെ ക്രമക്കേടിലും ഹൈക്കോടതി വടിയെടുത്തതോടെ അങ്കലാപ്പില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍; പടിപൂജയ്ക്ക് 2040 വരെ ബുക്കിങ് പൂര്‍ത്തിയായെന്ന വാര്‍ത്തയോടെ ഫയലുകള്‍ പിടിച്ചെടുത്താന്‍ വിജിലന്‍സിന് ഹൈക്കോടതി നിര്‍ദേശം; ചിലര്‍ വ്യാജ വിലാസം നല്‍കി ബുക്കിങ് സ്വന്തമാക്കിയ ശേഷം മറിച്ചു വില്‍ക്കുന്നു; ആ ക്രമക്കേടും പുറത്തേക്ക്

ശബരിമലയിലെ പടിപൂജ ബുക്കിങ്ങിലെ ക്രമക്കേടിലും ഹൈക്കോടതി വടിയെടുത്തതോടെ അങ്കലാപ്പില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍

Update: 2026-02-27 01:26 GMT

കൊച്ചി: ശബരിമലയിലെ പടിപൂജ ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുത്ത് ഹാജരാക്കാന്‍ ഹൈകോടതി ഉത്തരവിട്ടതോടെ അങ്കലാപ്പില്‍ ദേവസ്വം ഉദ്യോഗസ്ഥരും. ശബരിമലയില്‍ ഏറെ പ്രധാനപ്പെട്ട പടി പൂജ ബുക്കിങ്ങിലും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ചിന്റെ നിര്‍ദേശം.

കുംഭമാസ പൂജ കാലയളവിലെ അപര്യാപ്തതകളുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ കമീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചില വ്യക്തികള്‍ വ്യാജ വിലാസം നല്‍കി ബുക്കിങ് സ്വന്തമാക്കിയ ശേഷം മറിച്ചു വില്‍ക്കുന്നതായി ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത്തരം ക്രമക്കേടുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നാണ് വവിരം. ഈ പശ്ചാത്തലത്തിലാണ് 2045 വരെയുള്ള പടിപൂജ ബുക്കിങ് രജിസ്റ്ററുകളും മറ്റ് രേഖകളും പിടിച്ചെടുത്ത് മുദ്രവെച്ച കവറില്‍ ഹാജരാക്കാനാണ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസര്‍ക്ക് (പൊലീസ് സൂപ്രണ്ട്) കോടതി നിര്‍ദേശം നല്‍കിയത്.

പടിപൂജയുടെ ബുക്കിങ്ങിന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ബുക്കിങ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അടുത്ത ഒരു വര്‍ഷത്തെ പടിപൂജയുടെ ബുക്കിങ് പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ശബരിമലയിലെ വിശേഷാല്‍ ചടങ്ങായ 'പടി പൂജ' വഴിപാട് അനുവദിക്കുന്നതില്‍ ഉള്‍പ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിഷയം കോടതി പരിഗണിച്ചത്. പടി പൂജയുള്‍പ്പെടെ വഴിപാടുകളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വഴിവിട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

ആചാരങ്ങളില്‍ ഇടപെട്ട രീതികളിലും ക്രമക്കേണ്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ശബരിമലയിലെ 18 തരം പൂജകള്‍, 39 തരം വഴിപാടുകള്‍ എന്നിവ പരാമര്‍ശിച്ചാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെയും അവരുടെ ഏജന്റുമാരുടെയും ഒത്താശയോടെ ക്ഷേത്രവുമായി വ്യാപക ക്രമക്കേടുകള്‍ നടക്കുന്നു. ഇവ തടയാന്‍ സുസ്ഥിരവും കൃത്യവുമായ നടപടി സ്വീകരിക്കണം എന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പും നല്‍കിയിരുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട വിശേഷാല്‍ പൂജകളുടെ സ്ലോട്ടുകള്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും, അവരുടെ ബിനാമികളും കൈക്കലാക്കുകയും, പിന്നീട് ഉയര്‍ന്ന തുക ഈടാക്കി ഭക്തര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പടിപൂജയാണ് ഇതില്‍ പ്രധാനമായി പരാമര്‍ശിക്കുന്നത്. 1.37 ലക്ഷം രൂപയാണ് പടിപൂജയുടെ ഔദ്യോഗിക നിരക്ക്. എന്നാല്‍ പത്തിരട്ടി വരെ ഇടനിലക്കാര്‍ അധികമായി ഈടാക്കുന്ന നിലയുണ്ടെന്നാണ് കണ്ടെത്തല്‍.

ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ പടിപൂജയ്ക്ക് 2040 ഏപ്രില്‍ വരെ ബുക്കിങ് പൂര്‍ത്തിയായിരുന്നു. പടിപൂജ വഴിപാടിന് 1,37,900 രൂപയാണ് ഈടാക്കുന്നത്. ബുക്കുചെയ്യുന്ന പൂജ നടക്കുന്ന സമയത്ത് പൂജാസാധനങ്ങളുടെ വിലയില്‍മാറ്റം വന്നാല്‍ അതനുസരിച്ചുള്ള തുക വഴിപാടുകാരന്‍ അടയ്‌ക്കേണ്ടിവരും. ശബരിമല ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ പണമടച്ച് വഴിപാട് ബുക്കുചെയ്യാം. ഭക്തരുടെ തിരക്ക് ഏറെ ഉണ്ടാകുന്ന മണ്ഡല- മകരവിളക്കുകാലത്ത് പടിപൂജയില്ല. മകരവിളക്കിനുശേഷം നാലുദിവസവും മാസപൂജാവേളയിലും ആണ് പടിപൂജ നടത്തുക. വിഷു, ഓണം, പ്രതിഷ്ഠാദിനം എന്നീ അവസരങ്ങളിലും പടിപൂജയുണ്ടാകും.

മറ്റൊരു പ്രധാനവഴിപാടായ സഹസ്രകലശത്തിന് 2034 മേയ് വരെ ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്. 91,250 രൂപയാണ് ഇതിന്റെ നിരക്ക്. എല്ലാ മാസപൂജകളിലെയും അവസാനദിവസമാണ് സഹസ്രകലശം. 1000 കലശംപൂജിച്ച് ഭഗവാന് അഭിഷേകം നടത്തുന്നതാണ് സഹസ്രകലശം. കളഭാഭിഷേകം 2027 വരെ പൂര്‍ത്തിയായി. 2028 ജനുവരിയിലേക്കാണ് ഇപ്പോള്‍ ബുക്കിങ് നടക്കുന്നത്. 38,400 രൂപയാണ് നിരക്ക്. തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ ബ്രഹ്‌മകലശം(കളഭകലശം) കിഴക്കേ മണ്ഡപത്തില്‍ പൂജിച്ചശേഷം മേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണമായി വന്ന് ഉച്ചപ്പൂജയുടെ സ്‌നാനസമയത്ത് ഭഗവാന് അഭിഷേകം ചെയ്യും. ഉദയാസ്തമയപൂജ ബുക്കിങ് 2032 ആദ്യമാസംവരെയായി. 61,800 രൂപയാണ് അടയ്‌ക്കേണ്ടത്. നേരിട്ട് ബുക്കുചെയ്യുന്ന ഈ വഴിപാടുകള്‍ക്കൊന്നും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനമില്ല. പിന്നീട് നിരക്കുവര്‍ധനയുണ്ടായാല്‍ അത്രയുംതുക അടയ്‌ക്കേണ്ടിവരും.

Tags:    

Similar News