അമ്മാനില്‍ എത്തിയ ഹാരിയെയും മേഘനേയും കാണാന്‍ വിസമ്മതിച്ച് ജോര്‍ദാന്‍ രാജാവും മകനും...പാരയായത് പ്രിന്‍സ് വില്യമിനോടുള്ള അടുപ്പം; ലോകാരോഗ്യ സംഘടനയുടെ അതിഥിയായുള്ള സന്ദര്‍ശനത്തില്‍ ആഡംബരം കുറച്ച് മേഘന്‍; ആവേശമില്ലാത്ത ജോര്‍ദാന്‍

അമ്മാനില്‍ എത്തിയ ഹാരിയെയും മേഘനേയും കാണാന്‍ വിസമ്മതിച്ച് ജോര്‍ദാന്‍ രാജാവും മകനും

Update: 2026-02-27 00:41 GMT

ലണ്ടന്‍: മദ്ധ്യപൂര്‍വ്വ ദേശത്തേക്കുള്ള ഹാരിയുടെയും മേഗന്റെയും സന്ദര്‍ശനത്തിന്റെ ശോഭ കെട്ടു. ഒരു രാജകീയ യാത്രയായിട്ടായിരുന്നു ചൊവ്വാഴ്ച്ച രാത്രി ഹാരി രാജകുമാരനും മേഗനും ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനിലെത്തിയത്. എന്നാല്‍, ജോര്‍ദ്ദാന്‍ രാജാവും കിരീടാവകാശിയും ഇരുവരെയും അവഗണിച്ചതോടെയാണ് സന്ദര്‍ശനത്തിന്റെ ശോഭ മങ്ങിയത്. അമ്മാനിലെത്തിയ ഹാരിയും മേഗനും വിവിധ ചാരിറ്റികള്‍ സന്ദര്‍ശിച്ച് ഫോട്ടോകള്‍ക്ക് പോസ് ചെയ്തു. അതിനിടയില്‍, ബ്രിട്ടീഷ് അംബാസിഡറുടെ വീട്ടില്‍ വെച്ച് ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥരും ജീവനക്കാരുമായി കൂടിക്കാഴ്ച്ച നടത്തിയത് വിവാദമാവുകയും ചെയ്തു. തീര്‍ത്തും അനുചിതമായ ഒരു കാര്യം എന്നാണ് വിമര്‍ശകര്‍ അതിനെ വിശേഷിപ്പിച്ചത്.

ഇന്നലെ അവര്‍ അമ്മാനിലെ ഒരു റിഹാബ് സെന്റര്‍ സന്ദര്‍ശിച്ചു. ഫാഷന്‍ വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച്, തീര്‍ത്തും ലളിതമായ വസ്ത്രധാരണത്തോടെയാണ് മേഗന്‍ എത്തിയത്. നിലവിലെ ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ചാള്‍സ് രാജാവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. കഴിഞ്ഞ വര്‍ഷം ലണ്ടന്‍ സന്ദര്‍ശനവേളയില്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, ചാള്‍സ് രാജാവിന്റെ കിരീടധാരന വേളയില്‍ അബ്ദുള്ള രാജാവും റാനിയ രാജ്ഞിയും പ്രത്യേക ക്ഷണിതാക്കളുമായിരുന്നു. രാനിയ രാജ്ഞി, കാമില രാജ്ഞിയുമായി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

അവരുടെ മകനും കിരീടാവകാശിയുമായ ഹുസൈന്‍ രാജകുമാരന്‍ വില്യം രാജകുമാരനുമായി അടുത്ത സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. അടുത്തകാലങ്ങളില്‍ ബ്രിട്ടനിലും ജോര്‍ദ്ദാനിലും അവര്‍ ഒരുമിച്ച് ഏറെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, 2023 ല്‍ ഹുസൈന്‍ രാജകുമാരന്റെ വിവാഹ ചടങ്ങുകളില്‍ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനിലുള്ള ഹാരിയുമായും മേഗനുമായും ജോര്‍ദ്ദാന്‍ രാജകുടുംബത്തില്‍ ആരും തന്നെ കൂടിക്കാഴ്ച്ച നടത്താന്‍ സാധ്യതയില്ലെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹാരിക്ക് കുറച്ചെങ്കിലും ആശ്വാസമായത് അബ്ദുള്ള രാജാവിന്റെ അമ്മായിയായ ബാസ്മ ബിന്റ് തലായുമായി കൂടിക്കാഴ്ച്ച നടത്താനായി എന്നതില്‍ മാത്രമാണ്. ജോര്‍ദ്ദാനിയന്‍ ഹാഷെമൈറ്റ് ഫണ്ട് ഫോര്‍ ഹ്യുമന്‍ ഡെവലപ്‌മെന്റ് നടത്തുന്ന ഒരു സ്ഥാപനം സന്ദര്‍ശിക്കുന്നതിനിടയിലായിരുന്നു ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നത്. ഹാരിയുമൊത്തുള്ള പൊതുപരിപാടികളില്‍ നിന്നും മനപ്പൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിച്ച അബ്ദുള്ള രാജാവ് പക്ഷെ ഇന്തോനേഷ്യന്‍ പ്രസിഡണ്ട് പ്രബൊവൊ സുബിയാന്റോവുമായി കൂടിക്കാഴ്ച്ച നടത്തി. മാത്രമല്ല, സസ്സക്‌സ് ഡ്യൂക്കിന്റെയും ഡച്ചസിന്റെയും ജോര്‍ദ്ദാന്‍ സന്ദര്‍ശനം നയിക്കുന്ന, ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദ്‌നോന്‍ ഗെബ്രെയെസസുമായും ജോര്‍ദ്ദാന്‍ രാജാവ് കൂടിക്കാഴ്ച്ച നടത്തി.

ലോകാരോഗ്യ സംഘടന തലവനുമായും പ്രതിനിധികളുമായും അബ്ദുള്ള രാജാവ് കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍, ഹാരിയേയും മേഗനേയും അതിലൊന്നിലും തന്നെ കാണാനുണ്ടായിരുന്നില്ല. രാജാവിനെയും രാജകുമാരനെയും കാണാന്‍ കഴിയാത്തതില്‍ ഹാരിയും മേഗനും നിരാശരാണെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോര്‍ദ്ദാന്‍ രാജകുമാരനും വില്യം രാജകുമാരനും തമ്മിലുള്ള അടുത്ത ബന്ധമാണ് ഹാരിയ്ക്കും മേഗനും രാജകുടുംബാംഗങ്ങളെ കാണുന്നതില്‍ വിലങ്ങു തടിയായതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Tags:    

Similar News