പിണറായിയുടെ ലക്ഷ്യമിട്ട് ചെന്നിത്തലയുടെ 'ഡാറ്റാ ബോംബ്': ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങള്‍ വിറ്റത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടെന്ന് ആരോപണം; സ്പ്രിംക്ലറിനെ വെല്ലുന്ന കൊടും കൊള്ളയെന്ന് ആരോപണം; സാംബശിവ റാവുവിന്റെ കത്തുകള്‍ പുറത്തുവിട്ട് ചെന്നിത്തലയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനോ?

Update: 2026-02-27 05:42 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതരമായ ഡാറ്റാ ചോര്‍ച്ച ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ, സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ചെന്നിത്തലയുടെ പുതിയ വെളിപ്പെടുത്തല്‍. ഇത് ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു.

ആരോപണങ്ങളെ ശരിവെക്കുന്ന നിര്‍ണ്ണായക രേഖകളും ചെന്നിത്തല പുറത്തുവിട്ടു. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി സാംബശിവ റാവു, മിഷന്‍ ഡയറക്ടര്‍ക്ക് അയച്ച കത്താണ് ഇതില്‍ പ്രധാനം. മുഖ്യമന്ത്രിയുടെ 'ബിസിനസ് വാട്സാപ്പ്' അക്കൗണ്ടിലൂടെ പെന്‍ഷന്‍കാര്‍ക്ക് ബള്‍ക്ക് മെസേജുകള്‍ അയക്കാന്‍ മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ ഐടി ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറിയെന്നാണ് ആരോപണം.

നിയമവിരുദ്ധ ശേഖരണം നടന്നുവെന്നാണ് ആരോപണം. വ്യക്തികളുടെ പേര്, ഫോണ്‍ നമ്പര്‍, ജില്ല, വാര്‍ഡ് എന്നിങ്ങനെയുള്ള അതീവ രഹസ്യമായ വിവരങ്ങളാണ് സര്‍ക്കാര്‍ നിയമവിരുദ്ധമായി സ്വകാര്യ കമ്പനിക്ക് നല്‍കിയത്. ഫെബ്രുവരി 19, 20 തീയതികളിലായി ഏകദേശം ഒരു കോടിയോളം ആളുകള്‍ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണ്. സര്‍ക്കാര്‍ സേവനങ്ങളുടെ നടത്തിപ്പിനായി 19 സ്വകാര്യ ഐടി സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യാന്‍ ഉത്തരവിട്ടുള്ള രേഖകളും അദ്ദേഹം പുറത്തുവിട്ടു.

'ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ അത് ലേലത്തിന് വെച്ചിരിക്കുകയാണ്. സ്പ്രിംക്ലര്‍ വിവാദത്തിന് സമാനമായ മറ്റൊരു വലിയ ഡാറ്റാ കൊള്ളയാണിത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, സര്‍ക്കാര്‍ സേവനങ്ങളുടെ മറവില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാനും അവ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറാനുമുള്ള നീക്കം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് കൊണ്ടു പോകാനാണ് ചെന്നിത്തലയുടെ ആവശ്യം.

ഡാറ്റാ ചോര്‍ച്ചയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. മുഖ്യമന്ത്രി നേരിട്ട് ഒരു കോടിയിലേറെ പേരുടെ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ ശേഖരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറിയെന്നും അദ്ദേഹം ആരോപിച്ചു. സാധാരണക്കാരായ സ്ത്രീകളുടെ അടക്കം വിവരങ്ങള്‍ കൈമാറി. ഇത് ഗുരുതര സാമൂഹിക വിഷയമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഓഫീസ് വിവരങ്ങള്‍ ആവശ്യപ്പെട്ട് അയച്ച രണ്ട് കത്തുകളും ചെന്നിത്തല പുറത്തുവിട്ടു

സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ചേര്‍ത്തവരുടെ പേരുവവിരങ്ങളും സര്‍ക്കാര്‍ ചോര്‍ത്തി. ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വിവരങ്ങളാണ് സര്‍ക്കാര്‍ ചോര്‍ത്തിയത്. ഇതിന് പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ 35 നു മുകളില്‍ പ്രായമുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി നല്‍കിയ കത്ത് പ്രകാരം ചോര്‍ത്തിയെടുത്തതെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിനുതെളിവായി മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യുട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടു.

പാവപ്പെട്ട സ്ത്രീകളുള്‍പ്പെടെയുള്ള ലക്ഷക്കണക്കിനാളുകളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി യാതൊരു മുന്‍കരുതലുമില്ലാതെ സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറി തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഈ ഡാറ്റ ലഭിച്ച സ്വകാര്യ ഏജന്‍സികള്‍ ഇവ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തല പുറത്തുവിട്ട കത്ത്

എട്ട് ലക്ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, 72 ലക്ഷം ക്ഷേമ പെന്‍ഷന്‍കാര്‍, മൂന്ന് ലക്ഷം ചെറുകിട സംരംഭകര്‍, സ്ത്രിസുരക്ഷാ പദ്ധതിയില്‍ പേരു ചേര്‍ത്തവര്‍ തുടങ്ങി ഒരുകോടിയില്‍പരം വ്യക്തികളുടെ ഫോണ്‍ നമ്പര്‍, പേര്, പ്രായം, ലിംഗം, ജില്ല, താലൂക്ക്, വാര്‍ഡ്, തദ്ദേശസ്ഥാപനം എന്നിങ്ങനെയുള്ള കോടിക്കണക്കിന് രൂപയുടെ വാണിജ്യമൂല്യമുള്ള ഗവണ്‍മെന്റ് വെരിഫൈഡ് വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്കു കൈമാറാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്ത മുഖ്യമന്ത്രി രാജി വെച്ച് ഒഴിയണം. ഈ വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡാറ്റകള്‍ പുറത്തുപോയാല്‍ സൈബര്‍ തട്ടിപ്പടക്കമുള്ള വന്‍ കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുമെന്നും സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ കയ്യില്‍ ഈ പാവപ്പെട്ട സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ എത്തിയാല്‍ ഗുരുതരമായ പ്രത്യഘാതമാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News