റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു; മന്ത്രിയെ ആരെങ്കിലും മര്‍ദിക്കുന്നതായോ ആയുധം ഉപയോഗിക്കുന്നതായോ ഉള്ള ദൃശ്യങ്ങളില്ലെന്ന് റിപ്പോര്‍ട്ട്; കഴുത്തില്‍ ആയുധം കൊണ്ട് ആക്രമിച്ചെന്ന് എഫ് ഐ ആര്‍; മന്ത്രിക്ക് മര്‍ദനമേറ്റിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; വീണാ ജോര്‍ജിന്റെ കഴുത്തുവേദനയില്‍ ദുരൂഹത ഏറുന്നു

Update: 2026-02-27 06:25 GMT

കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരായ കെ.എസ്.യു പ്രതിഷേധവും തുടര്‍ന്നുണ്ടായ പരിക്കും വലിയ രാഷ്ട്രീയ വിവാദത്തിലേക്കും ദുരൂഹതയിലേക്കും നീങ്ങുന്നു. മന്ത്രിയുടെ കഴുത്തിന് ആയുധം കൊണ്ട് പരിക്കേല്‍പ്പിച്ചുവെന്നും വധിക്കാന്‍ ശ്രമിച്ചുവെന്നും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കെ, മന്ത്രിക്ക് മര്‍ദനമേല്‍ക്കുകയോ സുരക്ഷാ വീഴ്ച സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന പോലീസിന്റെ പുതിയ റിപ്പോര്‍ട്ട് സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കി.

ഉത്തരമേഖലാ ഡി.ഐ.ജിയ്ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും നല്‍കിയ വിശദീകരണത്തിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതായും, അതില്‍ മന്ത്രിയെ ആരെങ്കിലും മര്‍ദിക്കുന്നതായോ ആയുധം ഉപയോഗിക്കുന്നതായോ ഉള്ള ദൃശ്യങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറിച്ച്, മന്ത്രി സമരക്കാര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ പോലീസുകാര്‍ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീപിക അടക്കമുള്ള പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ എഫ്.ഐ.ആറും പോലീസ് റിപ്പോര്‍ട്ടും തമ്മിലെ വൈരുദ്ധ്യം ചര്‍ച്ചയാവുകയാണ്.

എഫ്.ഐ.ആര്‍ പ്രകാരം: കെ.എസ്.യു പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പ്ലാറ്റ്ഫോമില്‍ അതിക്രമിച്ചു കയറി 'കൊല്ലെടാ അവളെ' എന്ന് ആക്രോശിച്ച് മന്ത്രിയുടെ കഴുത്തില്‍ ആയുധം കൊണ്ട് പരിക്കേല്‍പ്പിച്ചു. അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സമരക്കാര്‍ മന്ത്രിയുടെ അരികിലേക്ക് എത്തിയിട്ടില്ല. മര്‍ദനമേറ്റതിനോ സുരക്ഷാ വീഴ്ച ഉണ്ടായതിനോ തെളിവുകളില്ല. കനത്ത പോലീസ് വലയത്തിലായിരുന്നു മന്ത്രി.

ഈ വൈരുദ്ധ്യം നിലനില്‍ക്കുമ്പോള്‍ തന്നെ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചതും കഴുത്തുവേദനയെത്തുടര്‍ന്ന് വിദേശത്തുനിന്നുള്ള വിദഗ്ദ്ധരുടെ വരെ നിര്‍ദ്ദേശങ്ങള്‍ തേടിയതും എങ്ങനെയെന്ന ചോദ്യം ഉയരുന്നു. സമരക്കാര്‍ തൊട്ടിട്ടില്ലെങ്കില്‍ മന്ത്രിക്ക് എങ്ങനെ കഴുത്തുവേദനയും അസ്വസ്ഥതയും ഉണ്ടായി എന്നതാണ് നിര്‍ണ്ണായകം. ഉന്തും തള്ളിനുമിടയില്‍ പോലീസുകാരുടെ തന്നെ കൈമുട്ട് മന്ത്രിയുടെ കഴുത്തില്‍ തട്ടിയതാകാം വേദനയ്ക്ക് കാരണമെന്ന സൂചനകളും നേരത്തെ ചര്‍ച്ചയായിരുന്നു.

അതേസമയം, മന്ത്രിയുടേത് വെറും 'അഭിനയം' ആണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഫോണ്‍ കോളിന് ശേഷമാണ് മന്ത്രിക്ക് കഴുത്തുവേദന അനുഭവപ്പെട്ടതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം. എന്നാല്‍ മന്ത്രിയെ വധിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് സി.പി.എം നിലപാട്. പോലീസ് റിപ്പോര്‍ട്ടിലെ പുതിയ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളില്‍ കേസിന്റെ ഗതി മാറ്റിയേക്കും. കോടതി ഇക്കാര്യങ്ങളില്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

Similar News