രാത്രിയോടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു; രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍; കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ആശുപത്രി വിട്ടു; തുടര്‍ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍; പുലര്‍ച്ചെ നാല് മണിയോടെ റോഡ് മാര്‍ഗം മന്ത്രിയും സംഘവും കാറില്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു; വീണയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം; ഡോക്ടര്‍മാരുടെ മൊഴിയെടുത്തു

കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ആശുപത്രി വിട്ടു

Update: 2026-02-27 00:54 GMT

കണ്ണൂര്‍: കണ്ണൂരില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗമാണ് മന്ത്രിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത്. പുലര്‍ച്ചെ 4 മണിയോടെ റോഡ് മാര്‍ഗം മന്ത്രിയും സംഘവും തിരുവനന്തപുരത്തേക്ക് തിരിച്ചു. സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്.

ഇന്നലെ രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് ഇന്ന് മന്ത്രിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത്.

അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. കെഎസ്‌യു പ്രതിഷേധം നടന്ന സ്ഥലത്തെ ക്യാമറ ദൃശ്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം ആര്‍പിഎഫിന് അപേക്ഷ നല്‍കി.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം സംഭവത്തില്‍ രാഷ്ട്രീയ പോരും തുടരുകയാണ്. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം പുറത്തുവിടുന്നവര്‍ക്ക് പാരിതോഷികം കെഎസ്യു പ്രഖ്യാപിച്ചിരുന്നു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പയിന്‍ നടത്തുന്നുണ്ട് . എന്നാല്‍ കരുതിക്കൂട്ടിയുള്ള വധശ്രമമാണ് നടന്നതെന്ന് വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐഎം. പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒന്നും മന്ത്രിയെ കെഎസ്യു പ്രവര്‍ത്തകര്‍ നേരിട്ട് കയ്യേറ്റം ചെയ്യുന്നതിന്റെ തെളിവുകള്‍ ഇല്ല.

എന്നാല്‍ പരിയാരം ആശുപത്രിയില്‍ മന്ത്രി നഴ്‌സുമാര്‍ക്കൊപ്പം ഉള്ള ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഐസിയുവില്‍ പാലിക്കേണ്ട മര്യാദകളില്ലാതെ ഫോട്ടോയെടുത്തു എന്നാണ് ആക്ഷേപം. കഴുത്തിന് ഗുരുതര പരുക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്‌തെന്നാണ് വിമര്‍ശനം. പരുക്കുകളില്ലാത്ത മന്ത്രി ഐസിയു സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്നാണ് കെഎസ്യു വിമര്‍ശിച്ചത്. മന്ത്രിയും നഴ്സുമാരും ചേര്‍ന്നെടുത്ത ചിത്രം പങ്കുവച്ച് രൂക്ഷ വിമര്‍ശനമാണ് കെഎസ്യു ഉന്നയിച്ചിരിക്കുന്നത്.

ഡോക്ടര്‍മാരുടെ മൊഴിയെടുത്തു

അതിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റ സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്ത് റെയില്‍വേ പൊലീസ്. റെയില്‍വേ സിഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മന്ത്രിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തത്. മന്ത്രിക്ക് പറ്റിയ മുറിവ് ആയുധമോ മറ്റെന്തെങ്കിലും കൊണ്ട് ഉണ്ടായതാണോ എന്നാണ് ചോദിച്ചത്. പരാതി നല്‍കിയ മന്ത്രിയുെട ഗണ്‍മാന്‍ അഭിലാഷിന്റെ മൊഴിയും രേഖപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സംഭവ സമയത്തെ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. 55 സിസിടിവി ക്യാമറകളാണുള്ളത്. ഇതുവരെ പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം ലഭിച്ചില്ലെന്നാണ് വിവരം. മന്ത്രിക്ക് പരുക്കേറ്റ സാഹചര്യത്തില്‍ ഉന്നത തല സംഘത്തെ നിയോഗിച്ച് കൂടുതല്‍ ഊര്‍ജിതമായ അന്വേഷണം നടത്തുന്നതിന് റെയില്‍വേ എസ്പിയുെട നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ആലോചനയുണ്ടായന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

എംആര്‍ഐ റിപ്പോര്‍ട്ട് പ്രകാരം കഴുത്തിലെ കശേരുക്കള്‍ക്കിടയിലുള്ള ഡിസ്‌കുകള്‍ രണ്ടിടങ്ങളില്‍ നാഡീ മൂലാഗ്രങ്ങളില്‍ അമര്‍ന്നുള്ള സമ്മര്‍ദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നത് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. മര്‍ദനം, പിടിച്ചു തള്ളല്‍, കഴുത്ത് പെട്ടന്ന് തിരിക്കല്‍ തുടങ്ങിയവയെല്ലാം ഇതിന് കാരണമാകാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്. എന്നാല്‍ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് സ്ഥാപിക്കാന്‍ തക്ക ദൃശ്യങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

മന്ത്രിയെ വധിക്കാനാണ് ശ്രമിച്ചതെന്ന് സിപിഎം പറയുമ്പോഴും യാതൊരു തെളിവും പുറത്തുവിടാന്‍ സാധിച്ചിട്ടില്ല. പക്ഷേ, ഇതിന്റെ പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഡിസിസി ഓഫിസ് വരെ അക്രമിക്കുകയും ജില്ലയിലുടനീളം കോണ്‍ഗ്രസ് ഓഫിസുകള്‍ നശിപ്പിക്കുകയും ചെയ്തു. മന്ത്രിക്ക് മുന്‍പും കഴുത്തിന് പരുക്കേറ്റിട്ടുണ്ടെന്നാണ് കെപിസിസി അംഗം റിജില്‍ മാക്കുറ്റി സമൂഹ മാധ്യമത്തില്‍ മന്ത്രിയുെട ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞത്. ഇതേ വാദം തന്നെയാണ് കോണ്‍ഗ്രസിലെ പലരും ഉന്നയിക്കുന്നത്. പണ്ട് സംഭവിച്ച പരുക്കിന്റെ വേദന ഇളകിയതോ ഉളുക്കിയതോ ആകാം എന്നാണ് കോണ്‍ഗ്രസില്‍ ചിലര്‍ പറയുന്നത്. മന്ത്രിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്തുവിടാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉള്‍പ്പെടെ വെല്ലുവിളിച്ചു. ദൃശ്യം പുറത്തുവിട്ടാല്‍ ഒരു പവന്‍ സ്വര്‍ണമാണ് യൂത്ത് കോണ്‍ഗ്രസ് സമ്മാനം പ്രഖ്യാപിച്ചത്.

Tags:    

Similar News