അച്ഛനില്ലാ നേരത്ത്...മുദ്രാവാക്യം വിളി പാളിയതോടെ ചിന്ത ജെറോമിന് കുരുക്ക്! സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ നോക്കി; പ്രകോപനപരമായ പ്രകടനത്തിന് ചിന്തയടക്കം 55 പേര്‍ക്കെതിരെ കേസെടുത്ത് ഇരവിപുരം പൊലീസ്; വൈകാരികമായ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചുപോയെന്നും പ്രചരിക്കുന്നത് കട്ട് ചെയ്ത ദൃശ്യങ്ങളെന്നും സിപിഎം വനിതാ നേതാവിന്റെ വിശദീകരണം

അച്ഛനില്ലാ നേരത്ത്...മുദ്രാവാക്യം വിളി പാളിയതോടെ ചിന്ത ജെറോമിന് കുരുക്ക്!

Update: 2026-02-26 15:51 GMT

കൊല്ലം: സി.പി.എം. വനിതാ നേതാവ് ചിന്ത ജെറോം ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് പോലീസ് കേസെടുത്തു. സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയെന്ന പരാതിയിലാണ് ഇരവിപുരം പോലീസ് കേസെടുത്തിരിക്കുന്നത്.

കോണ്‍ഗ്രസ് കൊല്ലൂര്‍വിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീന്‍ റാവുത്തര്‍ നല്‍കിയ പരാതിയിലാണ് ചിന്ത ജെറോം അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിനിടെ ചിന്ത ജെറോം അസഭ്യം പറഞ്ഞെന്നും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചെന്നുമാണ് ആരോപണം.

വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ചിന്ത ജെറോം വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. വനിതാ മന്ത്രിക്കെതിരായ അതിക്രമം എന്നതിലുപരി സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗത്തിന് നേരെ കൊലപാതക ശ്രമം നടന്നത് വലിയ വൈകാരിക പ്രതികരണങ്ങള്‍ക്ക് കാരണമായെന്ന് അവര്‍ പറഞ്ഞു. പ്രകടനത്തിന്റെ ഭാഗമായി പങ്കെടുത്തപ്പോള്‍ വൈകാരികമായ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചുപോയിട്ടുണ്ട്.

എന്നാല്‍ സി.പി.എമ്മിന്റെ രാഷ്ട്രീയം എപ്പോഴും സ്ത്രീകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഒപ്പമാണെന്നും താന്‍ എല്ലാ ഘട്ടത്തിലും സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മുറിച്ചുമാറ്റിയെടുത്തതാണെന്നും മുഴുവന്‍ വീഡിയോയും ലഭ്യമാണെന്നും ചിന്ത ജെറോം വ്യക്തമാക്കി. ഇടതുപക്ഷത്ത് നില്‍ക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ തനിക്കെതിരെ നടക്കുന്ന ആക്രമണമാണിതെന്നും അവര്‍ ആരോപിച്ചു.

ചിന്തയുടെ വിശദീകരണം:

പ്രതിഷേധം പ്രകടനം വലിയ വൈകാരികമായിട്ടാണ് ഉണ്ടായത്. വനിതാ മന്ത്രിക്കെതിരായ അതിക്രമം എന്നതിലുപരി സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ സഖാവിന് നേരെ കൊലപാതക ശ്രമം കേരളത്തില്‍ നടത്തുമ്പോള്‍ അത് വലിയ രീതിയിലുള്ള വൈകാരിക പ്രതികരണങ്ങളിലേക്ക് പോകും. പ്രകടനത്തിന്റെ ഭാഗമായി പങ്കെടുത്തു. പ്രകടനത്തില്‍ വവൈകാരികമായ മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നു. പ്രകടനത്തിനൊപ്പം നല്‍ക്കുമ്പോള്‍ ഇത്തരം വൈകാരികമായ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചു പോകും. പക്ഷെ, സിപിഎമ്മിനെയും പുരോഗമന സംഘടനങ്ങളെയും സംബന്ധിച്ച് ഒരു രാഷ്ട്രീയമുണ്ട്. അത് സ്ത്രീകള്‍ക്കൊപ്പവും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പവും നില്‍ക്കുന്ന പുരോഗമന രാഷ്ട്രീയമാണ്. ഞാന്‍ എല്ലാ ഘട്ടത്തിലും സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ്. അത് ചെറിയ പ്രതികരണങ്ങളിലും വാക്കിലും അത് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. പ്രചരിപ്പിക്കുന്ന വിഷ്വല്‍ കട്ട് ചെയ്ത് എടുക്കുന്നത് മാത്രമാണ്. മുഴുവനായിട്ടുള്ള വീഡിയോ ലഭ്യമാണ്.

ജീവിതത്തില്‍ ഒരിക്കലും അങ്ങനെയൊരു ആരോപണം കേള്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല. ഞങ്ങളാരും അങ്ങനെ ചെയ്യുന്നവരും അല്ല. ആദ്യമായിട്ടല്ലല്ലോ ഞാന്‍ ഇങ്ങനെ ആക്രമണം നേരിടുന്നത്. ചില സ്‌ക്രോളുകള്‍ കണ്ടാല്‍, ഞാന്‍ ഏതെ പ്രസംഗത്തിലോ യോഗത്തിലോ സംസാരിച്ചത് പോലെയാണ് കാണിക്കുന്നത്. ഇടതുപക്ഷത്ത് നില്‍ക്കുന്ന ഒരു സ്ത്രീയെന്ന നിലയിലാണ് ഇങ്ങനെ ആക്രമിക്കുന്നത്. മുഖമില്ലാത്ത പ്രൊഫൈലുകളിലൂടെ ഇത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വനിതാ മന്ത്രിയെ ആക്രമിച്ചത് പോലെ തന്റെ കുടുംബത്തെയും പാര്‍ട്ടിയെയും അപകീര്‍ത്തി പെടുത്തുന്നതാണ്, അസഭ്യം പറഞ്ഞു, തെറിവിളിച്ചു എന്നൊക്കെ പ്രചരിപ്പിക്കുന്നത്. പ്രചരണങ്ങള്‍ നടത്തുന്നവര്‍ വസ്തുതകള്‍ മനസിലാക്കണം, പ്രചാരണത്തില്‍ നിന്ന് പിന്നോട്ടുപോകണമെന്നും ചിന്ത പറഞ്ഞു. മുദ്രാവാക്യം വിളി തിരുത്താനും, അത് ഏറ്റുവിളിക്കാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ടെന്നും ചിന്ത ജെറോം വിശദീകരിച്ചു.

Tags:    

Similar News