ഹോളിവുഡ് നടി ഇരട്ടക്കുട്ടികളുടെ അമ്മ; മാതൃദിനത്തില്‍ ആ സന്തോഷം പങ്കുവച്ചത് ഇലോണ്‍ മസ്‌കിന്റെ അടക്കം പെണ്‍ സുഹൃത്ത്; കുട്ടിക്കളുടെ അച്ഛന്‍ ആര്?

Update: 2025-05-12 08:42 GMT

പ്രശസ്ത ഹോളിവുഡ് താരം ആംബര്‍ ഹേര്‍ഡ് താന്‍ ഇരട്ടക്കുട്ടികളുടെ അമ്മയായതായി വെളിപ്പെടുത്തി. ലോക മാതൃദിനമായ ഇന്നലെ ആയിരുന്നു അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജനിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഹേര്‍ഡ് ഇക്കാര്യം അറിയിച്ചത്. മകളുടെ പേര് ആഗ്‌നസ് എന്നും മകന്റെ പേര് ഓഷ്യാന്‍ എന്നുമാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആംബര്‍ ഹേര്‍ഡ് മൂന്ന് മക്കളുടെ അമ്മയായി മാറിയിരിക്കുകയാണ്. നാല് വയസുള്ള ഊനാഗ് എന്നൊരു കുട്ടി കൂടി അവര്‍ക്കുണ്ട്.

നവജാത ശിശുക്കളുടെ കാലുകളുടെ ഫോട്ടോ സഹിതമാണ് അവര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 2025 ലെ മാതൃദിനം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണെന്ന് ആംബര്‍ ഹേര്‍ഡ് പറഞ്ഞു. വര്‍ഷങ്ങളായി താന്‍ കെട്ടിപ്പടുത്താന്‍ ശ്രമിച്ച കുടുബത്തിന്റെ പൂര്‍ത്തീകരണമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. മകള്‍ ആഗ്നസും മകന്‍ ഓഷ്യനും തന്റ കൈകളും ഹൃദയവും നിറച്ചിരിക്കുകയാണെന്നും നാല് വര്‍ഷം മുമ്പ് ആദ്യത്തെ പെണ്‍കുഞ്ഞായ ഊനാഗ് ജനിച്ചപ്പോള്‍, തന്റെ ലോകം എന്നെന്നേക്കുമായി മാറിയതായും അവര്‍ വ്യക്തമാക്കി.

ഇത്രയും വലിയ സന്തോഷം സഹിക്കാന്‍ കഴിയാതെ മൂന്ന് പ്രാവശ്യം പൊട്ടിക്കരഞ്ഞതായി ഹേര്‍ഡ് പറഞ്ഞു. എല്ലാ വിധ വെല്ലുവിളികള്‍ക്ക് ഇടയിലും അമ്മയാകാന്‍ കഴിയുക എന്ന കാര്യം ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവമാണ്. ലോകം എമ്പാടുമുള്ള എല്ലാ അമ്മമാരുമായി ചേര്‍ന്ന് ഈ ലോകമാതൃദിനത്തില്‍ താന്‍ മക്കളുടെ ജനനം ആഘോഷിക്കുകയാണെന്നും അവര്‍ പോസ്റ്റിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ താന്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുകയാണെന്ന് ഹേര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിരുന്നില്ല. 2015 മുതല്‍ 2017 വരെ പൈറേറ്റ്സ് ഓഫ് ദി കരീബിയയിലെ താരമായിരുന്ന ജോണി ഡെപ്പിന്റെ ഭാര്യയായിരുന്നു ഹേര്‍ഡ്. എന്നാല്‍ 2022ല്‍ ഇരുവരും തമ്മില്‍ തെറ്റുകയും തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് ലക്ഷക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ജോണി ഡെപ്പിനെതിരെ ഹേര്‍ഡ് നല്‍കിയ നഷ്ടപരിഹാര കേസില്‍ കോടതി അവര്‍ക്ക് രണ്ട് മില്യണ്‍ ഡോളര്‍ നല്‍കാന്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പിന്നീട് അവര്‍ വിവാഹിതയായോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഏറ്റവും അവസാനമായി അവര്‍ കഴിഞ്ഞിരുന്നത് പ്രമുഖ ഛായാഗ്രാഹകനായ ബിയാങ്ക ബൂട്ടിയുമായിട്ടാണ്.

അതിന് മുമ്പ് അവര്‍ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കുമായും ഹോളിവുഡിലെ നടനവും നിര്‍മ്മാതാവുമായ വിറ്റോ ഷ്നാബെല്ലുമായും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാസം ഇവരുടെ ഒരു പൊതുസുഹൃത്ത് വ്യക്തമാക്കിയത് ഹേര്‍ഡിന് മസ്‌ക്കില്‍ ഒരു കുഞ്ഞ് ജനിക്കാന്‍ ആലോചനകള്‍ നടത്തിയിരുന്നു എന്നാണ്. അങ്ങനെ ഹേര്‍ഡ് ഗര്‍ഭിണിയായ സമയത്ത് മസ്‌ക്ക് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നും ഹേര്‍ഡ് വിസമ്മതിച്ചു എന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. നിലവില്‍ നാല് സ്ത്രീകളിലായി പതിനാല് മക്കളുടെ അച്ഛനാണ് ഇലോണ്‍ മസ്‌ക്ക്.

തന്റെ സ്വകാര്യ ജീവിതം കരിയറിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ആംബര്‍ ഹേര്‍ഡ് വ്യക്തമാക്കിയിരുന്നു. 2023 ല്‍ അവര്‍ സ്പെയിനിലേക്ക് താമസം മാറിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

Similar News